ന്യൂഡല്‍ഹി: തൈര് നിര്‍മ്മിക്കാന്‍ കഴിയുന്ന കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്ററുമായി സാംസങ്. അഞ്ചു മുതല്‍ ആറ് മണിക്കൂര്‍ സമയത്തിനുള്ളില്‍ തൈര് നിര്‍മ്മിക്കാന്‍ കഴിയുന്ന ഫ്രിഡ്ജ് ആണ് സാംസങ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. 30,990 മുതല്‍ 45,990 വരെയാണ് ഈ റെഫ്രിജറേറ്ററിന്റെ വില. 244 ലിറ്റര്‍, 265 ലിറ്റര്‍, 314 ലിറ്റര്‍, 336 ലിറ്റര്‍ എന്നീ ശേഷികളില്‍ ഇവ വിപണിയില്‍ ലഭ്യമാകും. സാസംങിന്റെ സ്മാര്‍ട്ട് കണ്‍വേര്‍ട്ടബിള്‍ 5 ഇന്‍ വണ്‍ ട്വിന്‍ കൂളര്‍ സാങ്കേതികവിദ്യയോട് കൂടിയതാണ് കര്‍ഡ് മാസ്ട്രോ റെഫ്രിജറേറ്റര്‍.
തണുപ്പുള്ള സമയത്ത് തൈര് നിര്‍മ്മിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. വീട്ടിലെ സാധാരണ ഊഷ്മാവില്‍ തൈര് കട്ടിയാകാന്‍ കാലതാമസം ഉണ്ടാകും. ഇതിനുള്ള പരിഹാരമാണ് പുതിയ മോഡലെന്നാണ് കമ്പനിയുടെ അവകാശവാദം. റെഫ്രിജറേറ്ററിലെ പുതിയ തൈര് നിര്‍മ്മാണ രീതി നാഷണല്‍ ഡയറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരീക്ഷണങ്ങള്‍ വിജയിച്ചതായും കമ്പനി പറയുന്നു.
സാധാരണ എട്ടോ പത്തോ മണിക്കൂറു കൊണ്ടാണ് തൈര് നിര്‍മ്മിക്കുക. എന്നാല്‍ ഈ റെഫ്രിജറേറ്ററില്‍ മൃദുവായ തൈര് 5 മണിക്കൂര്‍ കൊണ്ടും കട്ടത്തൈര് ആറു മണിക്കൂര്‍ കൊണ്ടും തയ്യാറാകും. പാല് തിളപ്പിച്ച് തണുത്ത ശേഷം ഫ്രിഡ്ജില്‍ വെച്ചാല്‍ റെഫ്രിജറേറ്റര്‍ സ്വയം ഫെര്മന്റേഷന് ചെയ്യും എന്നതാണ് ഇതിലെ സാങ്കേതിക വിദ്യ. തൈര് നിര്‍മ്മിക്കുകയും അത് കേടു കൂടാതെ സൂക്ഷിക്കുകയും ചെയ്യുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.