ദയ അർഹിക്കാത്ത തെറ്റ് ചെയ്യുന്നവർക്കാണ് കോടതി വധശിക്ഷ വിധിക്കുന്നത് . അത് നടപ്പാക്കും മുൻപ് പ്രതികളുടെ അന്ത്യാഭിലാഷം നടപ്പാക്കി കൊടുക്കാറുമുണ്ട് . എത്ര കൊടിയ തെറ്റ് ചെയ്തവർക്കും നിയമം നൽകുന്ന ചെറിയ ഇളവായി വേണം അതിനെ കാണാൻ . മുൻ കാലങ്ങളിൽ ഇന്ത്യ തൂക്കിലേറ്റിയ പ്രതികൾക്കും ഇത്തരത്തിൽ അന്ത്യാഭിലാഷം സാധിച്ചു നൽകിയിട്ടുണ്ട് .
സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്‌ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ നാഥുറാം ഗോഡ്‌സെയും നാരായൺ ആപ്‌തെയുമാണ്. 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.
ധനഞ്ജയ് ചാറ്റർജി
1990-ല്‍ ഹെതല്‍ പരേഖ് എന്ന കൗമാരക്കാരിയെ ബലാത്സംഗംചെയ്തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയായിരുന്നു ധനഞ്ജയ് ചാറ്റർജി . ദൃക്‌സാക്ഷികൾ ആരുമില്ലാതിരുന്ന കുറ്റം പൊലീസ് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതിക്കുമുന്നിൽ തെളിയിച്ചത്. എന്നാൽ, തൂക്കിലേറ്റപ്പെടുന്ന ദിവസം വരെ ചാറ്റർജി താൻ നിരപരാധിയാണ് എന്ന് ഉരുവിടുകയായിരുന്നു .
ജയിൽ ഡോക്ടറായ ബസുദേബ് മുഖർജിയുടെ കാൽപാദങ്ങൾ തൊട്ടുവണങ്ങണം എന്നതായിരുന്നു ധനഞ്ജയ് ചാറ്റർജിയുടെ അന്ത്യാഭിലാഷം . ഒപ്പം തൂക്കിലേറ്റും മുൻപ് ഭക്തിഗാനങ്ങളുടെ റെക്കോർഡ് വച്ച് കേൾക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു . ഇത് സാധിച്ച് നൽകിയ ശേഷമാണ് 2004-ല്‍ ആലിപ്പുര്‍ ജയിലിൽ ധനഞ്ജയ് ചാറ്റർജിയെ തൂക്കിലേറ്റിയത് .

റിപ്പര്‍ ചന്ദ്രന്‍
കേരളത്തിലെ കുപ്രസിദ്ധനായ കൊലയാളി റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് തൂക്കിലേറ്റുന്നത് . തെളിയിക്കപ്പെട്ട 14 കൊലപാതകങ്ങളാണ് റിപ്പര്‍ ചന്ദ്രന്‍ ചെയ്തുകൂട്ടിയത്. മലബാറിന്റെ ഇരുട്ടും ഭയവുമായിരുന്നു ഒരു കാലത്ത് മുതുകുറ്റി ചന്ദ്രന്‍ എന്ന റിപ്പര്‍ ചന്ദ്രന്‍. ജയിലി മനോനില തെറ്റിയവരെ പോലെയായിരുന്നു ചന്ദ്രന്റെ പെരുമാറ്റം .1991 ലാണ് ചന്ദ്രനെ തൂക്കിലേറ്റിയത് .

യാക്കൂബ് മേമൻ
1993 ൽ മുംബൈയിൽ സ്ഫോടന പരമ്പര നടത്താൻ ഗൂഢാലോചന നടത്തി എന്ന കുറ്റത്തിനാണ് യാക്കൂബ് മേമനെ തൂക്കിലേറ്റാൻ കോടതി വിധിച്ചത് . സഹോദരൻ ടൈഗർ മേമനുമായി ചേർന്നായിരുന്നു ഗൂഢാലോചന . തന്റെ മകളെ കാണണം എന്നതായിരുന്നു യാക്കൂബ് മേമന്റെ അവസാനത്തെ ആഗ്രഹം. നേരിൽ കാണാനുള്ള അനുവാദം നാഗ്പൂർ ജയിലധികൃതർ നൽകിയില്ലെങ്കിലും അവസാനമായി മകളോട് ഫോണിൽ സംസാരിച്ച ശേഷമാണ് യാക്കൂബിനെ തൂക്കിലേറ്റിയത് .2015 ജൂലൈ 30 നാണ് ശിക്ഷ നടപ്പാക്കിയത്.

ഓട്ടോ ശങ്കർ
ആറു പേരെ കൊലപ്പെടുത്തിയ ഓട്ടോ ശങ്കർ എന്ന കുറ്റവാളിയെ 1995 ഏപ്രിൽ 27ന് സേലം ജയിലിലാണ് തൂക്കിലേറ്റിയത് . ജയിലിൽ നിന്ന് 1992ൽ അധികൃതരെ ഞെട്ടിച്ച്, കൂട്ടാളികളായ നാലുപേർക്കൊപ്പം ശങ്കർ രക്ഷപെടാൻ ശ്രമിച്ചിരുന്നു . മദ്രാസ് സെൻട്രൽ ജയിലിന്റെ ചരിത്രത്തിൽ ആദ്യമായിരുന്നു ഇത്തരമൊരു ജയിൽചാട്ടം. പിന്നീട് ഒഡീഷയിൽനിന്ന് ശങ്കർ പിടിയിലായി. 1995 മാർച്ച് 9 ന് രാഷ്‌ട്രപതി ശങ്കർദയാൽ ശർമ്മ ദയാഹർജി തള്ളിയതിനെത്തുർന്നു 1995 ഏപ്രിൽ 27ന് സേലം ജയിലിൽ ശങ്കറിനെ തൂക്കിലേറ്റി.
ജയിൽ ചാടിയതിൽ അവസാനകാലത്ത് ശങ്കർ പശ്ചാത്തപിച്ചിരുന്നതായി ജയിൽ ഉദ്യോഗസ്ഥർ പിന്നീട് വെളിപ്പെടുത്തി

അഫ്സൽ ഗുരു
2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു മുഹമ്മദ് അഫ്സൽ ഗുരു .തീവ്രവാദികൾക്ക് ഡൽഹിയിൽ രഹസ്യ സങ്കേതം ഒരുക്കിയതും ഇയാളായിരുന്നു.വധശിക്ഷ നടപ്പിലാക്കുന്ന ദിവസം വരെ നിരന്തരം പുസ്തക വായനയിലായിരുന്നു അഫ്സൽ ഗുരു . തിഹാർ ജയിലിൽ വെച്ചായിരുന്നു അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കിയത് .
അവസാനമായി ഒരു കപ്പ് ചായയാണ് അഫ്സൽ ഗുരു ആവശ്യപ്പെട്ടത് . രണ്ടാമത് ചായ വേണം എന്ന് ആവശ്യപ്പെട്ടു എങ്കിലും, ചായവിതരണക്കാരൻ പൊയ്‌ക്കഴിഞ്ഞിരുന്നതിനാൽ അത് സാധിക്കാതെ തന്നെ അഫ്സൽ ഗുരുവിന്റെ ശിക്ഷ നടപ്പാക്കി .

അജ്‌മൽ കസബ്
ലോകത്തെയാകെ നടുക്കിയ ഭീകരാക്രമണമാണ് 2008 നവംബർ 11 ന് മുംബൈയിൽ നടന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ ജീവനോടെ പിടിയിലായത് അജ്‌മൽ കസബ് മാത്രമായിരുന്നു . വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിച്ചു . മരണപ്പെടും എന്ന ഉറപ്പോടെ നിരപരാധികളെ കൊന്നൊടുക്കാൻ വന്നതാണെങ്കിലും ശിക്ഷയുടെ നാളുകൾ അടുക്കുന്തോറും ഇയാളിൽ മരണ ഭയം ഉണ്ടായിരുന്നു . അയാൾക്ക് അന്തിമാഭിലാഷങ്ങൾ ഒന്നുമുണ്ടായിരുന്നില്ല .

ബില്ല – രംഗ
ഇന്ത്യൻ നേവിയിലെ ക്യാപ്റ്റൻ ആയിരുന്ന മദൻ മോഹൻ ചോപ്രയുടെ മക്കളായ ഗീതാ ചോപ്ര ദില്ലി ജീസസ് എന്ന പതിനാറ് വയസ്സുകാരിയും , സഞ്ജയ് എന്ന 14 കാരനുമാണ് കുൽജീത് സിംഗ് എന്ന രംഗയുടെയും , ജസ്ബീർ സിംഗ് എന്ന ബില്ലയുടെയും കൈകളാൽ കൊല്ലപ്പെട്ടത് . പെൺകുട്ടി ക്രൂര പീഡനത്തിനിരയായാണ് മരണപ്പെട്ടത് .
രണ്ട് പ്രതികൾക്കും പ്രത്യേകിച്ച് അന്ത്യാഭിലാഷങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല . രംഗ തലേദിവസം നന്നായി ഭക്ഷണം കഴിക്കുകയും , ബില്ല തുടർച്ചയായി ജോ ബോലേ സോ നിഹാൽ എന്ന സിഖ് സൂക്തം ഉരുവിടുകയും ചെയ്യുകയായിരുന്നു .തീഹാർ ജയിലിലാണ് ഇവരെ തൂക്കിലേറ്റിയത് .
















