ദോഹ – ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനി ചുമതലയേറ്റു. അമീരിദീവാനില്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ. 2020ലെ ഒന്നാം നമ്പര്‍ അമീരി ഉത്തരവിലൂടെ മുന്‍പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ രാജി അമീര്‍ സ്വീകരിക്കുകയും 2020ലെ രണ്ടാംനമ്പര്‍ ഉത്തരവിലൂടെ ഷെയ്ഖ് ഖാലിദിനെ പ്രധാനമന്ത്രിയായി നിയമിക്കുകയുമായിരുന്നു. പുതിയ പ്രധാനമന്ത്രി ചുമതലയേറ്റതോടെ മൂന്നാം നമ്പര്‍ അമീരി ഉത്തരവിലൂടെ മന്ത്രിസഭയും പുനസംഘടിപ്പിച്ചു.
എന്നാല്‍ മന്ത്രിമാര്‍ക്കും അവര്‍ കൈകാര്യം ചെയ്തിരുന്ന വകുപ്പുകള്‍ക്കും മാറ്റം വരുത്തിയിട്ടില്ല. ആഭ്യന്തരവകുപ്പിന്റെ ചുമതല പ്രധാനമന്ത്രിക്കു തന്നെയാണ്. ഡപ്യുട്ടി അമീര്‍ ഷെയ്ഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി, പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനി എന്നിവരുടെ സാന്നിധ്യത്തില്‍ മറ്റു മന്ത്രിമാരും വീണ്ടും സത്യപ്രതിജ്ഞചെയ്തു.
ആഭ്യന്തരമന്ത്രാലയ അണ്ടര്‍സെക്രട്ടറിയായി മേജര്‍ ജനറല്‍ അബ്ദുല്‍അസിസ് ബിന്‍ ഫൈസല്‍ ബിന്‍ മുഹമ്മദ് അല്‍താനിയെ നിയമിച്ചു. ഈ വര്‍ഷത്തെ അഞ്ചാംനമ്പര്‍ അമീരി ഉത്തരവിലൂടെ അദ്ദേഹത്തെ ആഭ്യന്തര സുരക്ഷാ സേന(ലഖ്വിയ) കമാന്‍ഡര്‍ ആക്കിയിട്ടുമുണ്ട്. ഖത്തര്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി(ക്യുഎന്‍എ) ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പുതിയ പ്രധാനമന്ത്രിക്കു
ഭരണപരിചയമേറെ
ദോഹ * ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി ചുമതലയേറ്റ ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിക്ക് ഭരണകാര്യങ്ങളില്‍ ദീര്‍ഘകാല പരിചയമുണ്ട്. 2014 നവംബര്‍ 11 മുതല്‍ അമീരി ദീവാന്‍(രാജസദസ്) ചീഫ് ആയിരുന്നു. ഷെയ്ഖ് തമീം അമീറായി ചുമതലയേല്‍ക്കും മുമ്പേ അദ്ദേഹത്തിന്റെ ഓഫിസ് ഡയറക്ടറായി.
1968ന് ജനനം. സ്കൂള്‍ വിദ്യാഭ്യാസം ദോഹയില്‍. 1993ല്‍ യുഎസില്‍ നിന്നു ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദം. ഖത്തര്‍ ലിക്വിഫൈഡ് ഗ്യാസ് കമ്പനിയിലൂടെ ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. 2002ല്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യവകുപ്പു സഹമന്ത്രിയുമായി. 2006 മാര്‍ച്ച് വരെ ഉപപ്രധാനമന്ത്രിപദത്തില് തുടര്‍ന്നു. 2006 ജൂലൈ 11ന് ഷെയ്ഖ് തമീമിന്റെ പ്രൈവറ്റ് സെക്രട്ടറിയും 2007 ജനുവരി 9ന് ഓഫിസ് ഡയറക്ടറുമായി. കായിക, സാമൂഹ്യസേവന സഹായനിധി(ദാം) ബോര്‍ഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി പദവിയില്‍ നിന്നു ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ പൊടുന്നനെയുള്ള രാജിയിലേക്കു നയിച്ച കാര്യങ്ങള്‍ വ്യക്തമല്ല. 2013ല്‍ ഷെയ്ഖ് തമീം അമീറായി സ്ഥാനമേറ്റതു മുതല്‍ ഷെയ്ഖ് അബ്ദുല്ല പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ആഭ്യന്തരമന്ത്രാലയത്തിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു. കഴിഞ്ഞ മേയില്‍ മെക്കയിലും ഡിസംബറില്‍ റിയാദിലും നടന്ന ഗള്‍ഫ് ഉച്ചകോടികളില്‍ ഖത്തറിനെ പ്രതിനിധീകരിച്ചത് ഷെയ്ഖ് അബ്ദുല്ലയാണ്.
ഔദ്യോഗിക സേവന കാലാവധിയില്‍ തന്നിലര്‍പ്പിച്ച വിശ്വാസത്തിനും നല്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും ട്വിറ്റര്‍ സന്ദേശത്തിലൂടെ ഷെയ്ഖ് അബ്ദുല്ല അമീര്‍ ഷെയ്ഖ് തമീമിനു നന്ദി അറിയിച്ചു.
മന്ത്രിമാരും വകുപ്പുകളും
1. ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനി(പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി)
2. ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്തിയ(ഉപപ്രധാനമന്ത്രി, പ്രതിരോധസഹമന്ത്രി)
3. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്റഹ്മാന് അല്‍താനി(ഉപപ്രധാനമന്ത്രി, വിദേശകാര്യമന്ത്രി)
4. അലി ബിന്‍ ഷരീഫ് അല്‍ ഇമാദി(ധനമന്ത്രി)
5. ഡോ. ഗയ്ത് ബിന്‍ മുബാരക് അല്‍കുവാരി(ഔഖാഫ്, ഇസ്ലാമിക കാര്യങ്ങള്‍)
6. സലാഹ് ബിന്‍ ഗാനിം അല്‍ അലി(സാംസ്കാരികം, കായികം)
7. ഡോ. ഈസ ബിന്‍ സാദ് അല്‍ ജഫാലി അല്‍ നുഅയ്മി(നീതിന്യായം, കാബിനറ്റ്കാര്യ ആക്ടിങ് സഹമന്ത്രി)
8. ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍വാഹിദ് അല്‍ ഹമ്മദി(വിദ്യാഭ്യാസം, ഉന്നതവിദ്യാഭ്യാസം)
9. ജാസിം ബിന്‍ സയീഫ് ബിന്‍ അഹ്മദ് അല്‍ സുലൈത്തി(ഗതാഗതം, വാര്‍ത്താവിനിമയം)
10. ഡോ. ഹനാന് മുഹമ്മദ് അല്‍കുവാരി(പൊതുജനാരോഗ്യം)
11. അബ്ദുല്ല ബിന്‍ അബ്ദുല്‍അസിസ് ബിന്‍ തുര്‍ക്കി അല്‍ സുബാഈ(നഗരസഭ, പരിസ്ഥിതി)
12. അലി ബിന്‍ അഹ്മദ് അല്‍കുവാരി(വാണിജ്യം, വ്യവസായം)
13. യൂസഫ് ബിന്‍ മുഹമ്മദ് അല്‍ ഒത്മാന് ഫഖ്റൂ(ഭരണവികസനം, തൊഴില്‍, സാമൂഹികകാര്യം)
14. സാദ് ബിന്‍ ഷരീദ അല്‍ കാഅബി(ഊര്‍ജസഹമന്ത്രി).