ബാഴ്‌സലോണ: സ്പാനിഷ് ക്ലബിലെ വമ്പന്‍മാരായ ബാഴ്‌സലോണക്ക് തിരിച്ചടി. പരിക്കിന്റെ പിടിയിലായിരുന്ന ഫ്രഞ്ച് യുവതാരം ഒസ്മാന്‍ ഡെംബലെക്ക് പരിശീലനത്തിനിടെ വീണ്ടും പരിക്കേറ്റതായി റിപ്പോര്‍ട്ട്. ഇതോടെ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്ന് ഉറപ്പായിരിക്കുകയാണ്.
പരിക്കിന്റെ പിടിയിലായിരുന്ന ഡെംബലെ കുറച്ചു ദിവസങ്ങളായി ബാഴ്‌സലോണയുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. എന്നാല്‍ പരിശീലനത്തിനിടെ ഡെംബലയ്‌ക്ക് വീണ്ടും പരിക്കേറ്റു. ഇതിനു പിന്നാലെ താരം ഉടന്‍ തന്നെ ട്രെയിനിംഗ് ഗ്രൗണ്ട് വിട്ടു. ഡെംബലെയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചതിലും 15 ദിവസം കൂടെ വൈകുമെന്നാണ് ബാഴ്‌സലോണയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറോടെ ഡെംബലെ തിരികെയെത്തും എന്നായിരുന്നു ഇതുവരെ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ പരിക്കേറ്റതോടെ ഡെംബലെയുടെ മടങ്ങിവരവ് വീണ്ടും അനിശ്ചിത്വത്തിലായിരിക്കുകയാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ഇടക്കിടെ പരിക്കേറ്റ് പുറത്തിരിക്കേണ്ടി വരുന്ന ഡെംബലെ ഇക്കഴിഞ്ഞ നവംബറിലാണ് അവസാനമായി ബാഴ്‌സലോണ ജഴ്‌സി അണിഞ്ഞത്.















