മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ പടര്‍ന്ന കാട്ടുതീയില്‍ ദുരിതം നേരിടുന്നവരെ സഹായിക്കാനായി സംഘടിപ്പിക്കുന്ന ബുഷ്ഫയര് ക്രിക്കറ്റ് ബാഷ് ക്ലാഷില്‍ പോണ്ടിംഗ് XIനെതിരെ ഗില്‍ക്രിസ്റ്റ് XIന് 105 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പോണ്ടിംഗ് X1 നിശ്ചിത 10 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 104 റണ്‍സ് നേടി.
വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ വെടിക്കെട്ട് ബാറ്റിംഗാണ് പോണ്ടിംഗ് XIന് മികച്ച സ്കോര്‍ സമ്മാനിച്ചത്. 11 പന്തില്‍ മൂന്ന് ബൗണ്ടറികളും 2 സിക്സറുകളും സഹിതം ലാറ 30 റണ്‍സെടുത്തു. ഓസ്ട്രേലിയയുടെ എക്കാലത്തേയും മികച്ച താരമായ റിക്കി പോണ്ടിംഗ് 14 പന്തില്‍ 26 റണ്‍സ് നേടിയപ്പോള്‍ മാത്യു ഹെയ്ഡന് 16 റണ്‍സെടുത്തു.
ഗില്‍ക്രിസ്റ്റ് XIന് വേണ്ടി കോര്ട്നി വാല്‍ഷ് 2 ഓവറില്‍ 20 റണ്‍സ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. യുവരാജ് സിംഗ് ഒരു ഓവറില്‍ 10 റണ്‍സ് വഴങ്ങി 1 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ആന്‍ഡ്രൂ സൈമണ്‍സ് ഒരു ഓവറില്‍ 18 റണ്‍സ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി.















