Columns

കാലാതിവര്‍ത്തിയായ ദര്‍ശനസപര്യ

ജി.കെ. സുരേഷ് ബാബു - ജനം ടിവി ചീഫ് എഡിറ്റർ

പരമേശ്വര ക്ഷേത്രസന്നിധിയില്‍ ഭക്തന്മാര്‍ക്ക് പൂര്‍ണ്ണ പ്രദക്ഷിണം വിധിച്ചിട്ടില്ല. കാരണം പരമേശ്വരന്‍ പൂര്‍ണ്ണജ്ഞാനമാണെന്നാണ് സങ്കല്പം. മാന്യ പരമേശ്വര്‍ജിയുടെ കൃതികളിലൂടെ ഓട്ടപ്രദക്ഷിണം നടത്തുമ്പോഴും ഈ സങ്കല്പം തന്നെയാണ് നമ്മുടെ മനസ്സില്‍ ഓടിയെത്തുക. പൂര്‍ണ്ണ ജ്ഞാനത്തിന്റെ അനുരണനങ്ങള്‍ 90 വര്‍ഷത്തെ വൈചാരിക ജീവിതത്തിന്റെ ആകത്തുകയായി വിലയിരുത്താമെന്ന കാര്യത്തില്‍ അഭിപ്രായഭേദമുണ്ടാകില്ല. മലയാളത്തില്‍, കേരളത്തില്‍, ഈ തരത്തില്‍, സ്പര്‍ശിച്ച മേഖലകളിലെല്ലാം അദ്വതീയ സ്ഥാനത്തെത്തിയ മറ്റൊരു പ്രതിഭാശാലി ഉണ്ടോ? ഇ.എം.എസ്സും പി. ഗോവിന്ദപിള്ളയും ഇല്ലേ എന്ന മറുവാദം ഉയര്‍ത്തുന്നവര്‍ ഉണ്ടാകാം. തീര്‍ച്ചയായും കമ്യൂണിസ്റ്റ്-മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രത്തിലും ചരിത്രത്തിലും മാര്‍ക്‌സിയന്‍ സൗന്ദര്യശാസ്ത്രത്തിലും ഇവര്‍ അഗാധ പാണ്ഡിത്യം നേടിയിരുന്നവരാണ്. ഇതോടൊപ്പം തന്നെ ഭാരതീയ ചിന്താധാരകളിലും വേദവേദാന്തങ്ങളിലും ദര്‍ശനത്തിലും സാമൂഹിക ശാസ്ത്രത്തിലും കൂടി ഇവര്‍ക്കൊപ്പമോ ഇവരേക്കാളേറെയോ നിഷ്ണാതനായി എന്നത് പരമേശ്വര്‍ജിയുടെ മാത്രം പ്രത്യേകതയാണ്. സ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് കവിതാ മത്സരത്തില്‍ സതീര്‍ത്ഥ്യനായിരുന്ന വയലാര്‍ രാമവര്‍മ്മയെ രണ്ടാംസ്ഥാനത്തേക്ക് പിന്‍തള്ളി ഒന്നാംസ്ഥാനം നേടിയ പി. പരമേശ്വരന്റെ ജീവിതം പിന്നീട് കവിയുടേതായില്ല. ഇടവേളകളിലെപ്പോഴോ പിറന്നുവീണ ഒരു സമാഹാരത്തിനുള്ള കവിതകളേ അദ്ദേഹത്തില്‍നിന്ന് ഉണ്ടായിട്ടുള്ളൂ. അവയില്‍ പലതും പരമപവിത്രമായ ഭാരതാംബയുടെ പൂജയ്ക്കായി യജ്ഞസദൃശം സമര്‍പ്പിക്കപ്പെട്ട സ്വന്തം ജീവിതത്തിന്റെ സമാനമായി ആയിരക്കണക്കിന് അര്‍ച്ചകരെ വാര്‍ത്തെടുക്കാനുള്ള പ്രചോദന ഗാനങ്ങളുമായിരുന്നു. ഉത്കൃഷ്ടമായ കാവ്യാനുഭൂതിയുടെ നിദര്‍ശനങ്ങളാണ് ഓരോ കവിതയുമെന്ന് മലയാളത്തിലെ എണ്ണപ്പെട്ട കവികള്‍ വാഴ്ത്തുമ്പോഴാണ് നഷ്ടപ്പെട്ട കവിയെ നമ്മള്‍ തിരിച്ചറിയുന്നത്.

1950 മുതല്‍ 2016 വരെയുള്ള കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ചിന്തോദ്ദീപകമാക്കിയ സാംസ്‌കാരികധാരയായിരുന്നു പരമേശ്വര്‍ജിയുടെ ഇടപെടലുകള്‍. സാഹിത്യത്തിലും ലേഖനങ്ങളിലും പ്രഭാഷണങ്ങളിലും പ്രസ്താവനകളിലും ഒരേപോലെ നിഴലിച്ച ഈ സാമൂഹിക അവബോധം തീര്‍ച്ചയായും ദേശീയതയുടെ അടിത്തറയില്‍, മഹത്തായ ഭാരതീയ സംസ്‌കാരത്തിന്റെ അടിത്തറയില്‍ ലോകത്തെയും ലോകചലനത്തെയും വീക്ഷിക്കുവാനും വിലയിരുത്തുവാനും വിശകലനം ചെയ്യുവാനുമാണ് അദ്ദേഹം ശ്രമിച്ചിട്ടുള്ളത്. കവിതകളും ലേഖനങ്ങളും പ്രതികരണങ്ങളും വിശകലനങ്ങളും മഹാന്മാരുടെ ജീവിതദര്‍ശനങ്ങളും അവരുടെ വീക്ഷണങ്ങളും ഒക്കെയായി അസംഖ്യം ലേഖനങ്ങളും കൃതികളുമാണ് പരമേശ്വര്‍ജിയുടേതായി ഉണ്ടായിട്ടുള്ളത്. ഒപ്പം ആയിരക്കണക്കിന് പ്രഭാഷണങ്ങള്‍ വേറെയും. ഭാരതമാതാവിന്റെ ക്ഷേത്രത്തിലെ പൂജാപുഷ്പങ്ങളെന്നോ അല്ലെങ്കില്‍ ഉപാസനാമന്ത്രങ്ങളെന്നോ മാത്രമേ ഇവയെ എല്ലാം വിലയിരുത്താനും വ്യാഖ്യാനിക്കാനും കഴിയൂ. ഭാരതത്തിലെ എല്ലാ കര്‍മ്മങ്ങളും സത്യയുഗത്തിലെങ്കിലും ഈശ്വരോന്മുഖമായിരുന്നു. ജീവിതം മുഴുവന്‍ സത്യവ്രതനായി നീങ്ങിയ ഒരു വ്യക്തിത്വം എന്ന നിലയില്‍ എല്ലാ കര്‍മ്മമേഖലകളിലും ഈശ്വരചൈതന്യം പോലെ ഭാരതീയതയുടെ ഈ പ്രഭാപ്രസരം പ്രകടമാണ്. ഇത് ഒരിക്കലും ഒരു പ്രകടനപരതയായിരുന്നില്ല, ആത്മനിഷ്ഠമായിരുന്നു. യജ്ഞസദൃശമായ ആഹുതിയായിരുന്നു.

യജ്ഞപ്രസാദം എന്ന കവിതാസമാഹാരവും മറ്റ് ഇരുപതോളം പ്രധാന കൃതികളുമാണ് പരമേശ്വര്‍ജിയുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. മാറുന്ന സമൂഹവും മാറാത്ത മൂല്യങ്ങളും, വിവേകാനന്ദനും മാര്‍ക്‌സും, ദിശാബോധത്തിന്റെ ദര്‍ശനം, വിവേകാനന്ദനും പ്രബുദ്ധകേരളവും (സമാഹാരം), ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍, ചൈനീസ് മോഡല്‍ സാംസ്‌കാരിക വിപ്ലവത്തിന്റെ പടയൊരുക്കം, ഗ്ലാസ്‌നോസ്തും പെരിസ്‌ട്രോയിക്കയും, ശ്രീനാരായണഗുരു നവോത്ഥാനത്തിന്റെ പ്രവാചകന്‍, ഭീകരവാദം (സമാഹാരം), ഹിന്ദു-മതം സംസ്‌കാരം ദേശീയത, ഉത്തരേദാത്മാനാത്മാനാം, മകരജ്യോതിസ്, വിശ്വവിജയി വിവേകാനന്ദന്‍,മാര്‍ക്‌സില്‍നിന്ന് മഹര്‍ഷിയിലേക്ക്, ദര്‍ശനസംവാദം, ഹിന്ദുരാഷ്ട്രത്തിന്റെ ഹൃദയസ്പന്ദനങ്ങള്‍, സ്വതന്ത്രഭാരതം ഗതിയും നിയതിയും, വിവേകാനന്ദനെക്കുറിച്ച് ശ്രീ ഗുരുജി, എന്നിവയാണ് കൃതികള്‍. ഇവ കൂടാതെ ഇനിയും പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആയിരക്കണക്കിന് ലേഖനങ്ങള്‍ വേറെയും. അവയൊക്കെ കാലത്തിനൊപ്പമുള്ള ഒരു ക്രാന്തദര്‍ശിയുടെ പദചലനങ്ങളാണ്. അതിനേക്കാളേറെ കാലാതീതമോ കാലാതിവര്‍ത്തിയോ ആയ വീക്ഷണങ്ങളുടെയും ദര്‍ശനങ്ങളുടെയും ബഹിര്‍സ്ഫുരണങ്ങളാണ്. പ്രസിദ്ധീകരിക്കപ്പെട്ടതിനേക്കാള്‍ എത്രയോ പ്രൗഢോജ്ജ്വലമായ ശേഖരമാണ് ഇനിയും പ്രകാശിപ്പിക്കാനുള്ളത്.

തന്റെ കവിതകളെക്കുറിച്ച് പരമേശ്വര്‍ജി തന്നെ പറയുന്നുണ്ട്, ‘ജന്മസിദ്ധമായിത്തന്നെ ബീജരൂപത്തില്‍ കവിതാവാസന എന്നിലുണ്ടായിരുന്നു എന്നെനിക്കറിയാം… വയലാറിനെ പോലുള്ള സതീര്‍ത്ഥ്യ ജനസമ്പര്‍ക്കം അതിനെ ഉദ്ദീപിപ്പിക്കുകയും ചെയ്തിരുന്നു. പക്ഷേ, ചെറുപ്പം നാള്‍ മുതല്‍ക്കേ ഞാന്‍ സ്വയം തിരഞ്ഞെടുത്ത ജീവിതലക്ഷ്യവും ചര്യയും കവിതാവാസനയ്ക്ക് മുന്‍ഗണന നല്‍കി പരിപോഷിപ്പിക്കാന്‍ പറ്റിയതായിരുന്നില്ല. കലാലയ ജീവിതകാലത്തു തന്നെ എഴുത്തും വായനയുമെല്ലാം തിരഞ്ഞെടുത്ത ലക്ഷ്യത്തിനും ജീവിത പന്ഥാവിനും അനുസൃതമായ പരിമിതികള്‍ക്കുള്ളില്‍ ഒതുക്കാന്‍ ഞാന്‍ നിര്‍ബ്ബന്ധിതനായിരുന്നു. തീര്‍ച്ചയായും സാഹിതീസപര്യയ്ക്ക് അത് പരിധി നിര്‍ണ്ണയിച്ചു. അല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, എന്റെ കാവ്യോപാസന കൂടുതല്‍ സഫലമാകുമായിരുന്നു എന്ന് ഊഹിക്കാം. പക്ഷേ, ജീവിതത്തില്‍ ഒന്നിലേറെ ഇഷ്ടദേവതകളെ ഉപാസിക്കുക സാധ്യമല്ല. ആവശ്യവുമില്ല. ഒരു ജീവിതം ഒരു ദൗത്യം എന്ന തത്വമാണ് എന്നെ നയിച്ചിട്ടുള്ളത്. അതില്‍ ഞാന്‍ സന്തുഷ്ടനാണ്. എന്നിരുന്നാലും കവിത എഴുതാതിരിക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. രണ്ടുതരത്തിലുള്ള കവിതകളാണ് ഞാന്‍ എഴുതിയത്. ഒന്ന് തികച്ചും സോദ്ദേശ്യമായി. അവയെല്ലാം കൂട്ടായി പാടാന്‍ ഉതകുന്ന ദേശഭക്തിഗാനങ്ങളായിരുന്നു… അനിയന്ത്രിതമായ അന്തഃപ്രേരണകൊണ്ട് പല സന്ദര്‍ഭങ്ങളിലും ആകസ്മികമെന്നോണം പൊട്ടിപ്പുറപ്പെട്ടവയാണ് രണ്ടാമിനത്തില്‍പ്പെട്ട കവിതകള്‍. ആത്മനിഷ്ഠമാണ് അവയില്‍ പലതും. വന്ന മാതിരി കുറിച്ചിട്ടു എന്നല്ലാതെ അവ പ്രസിദ്ധീകരിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചില്ല. പലതും പ്രസിദ്ധീകരണാര്‍ഹങ്ങളാണോ എന്ന കാര്യത്തിലും എനിക്ക് സംശയമുണ്ട്’.

പക്ഷേ, കവിയുടെ ഈ വിനയമല്ല, കവിതയുടെ അപഗ്രഥനത്തില്‍ ഇരുപതാംനൂറ്റാണ്ടിന്റെ ഇതിഹാസകാരനായ മഹാകവി അക്കിത്തം കണ്ടത്. ‘വ്യവസ്ഥാപിത കാവ്യമാര്‍ഗ്ഗങ്ങളെപ്പറ്റി വേവലാതിയില്ലാതെ സൗന്ദര്യാത്മക പദാവലിക്കുവേണ്ടി പരിഭ്രമമില്ലാത്ത രചനകള്‍. ഈശ്വരനെ നേരിട്ടു കണ്ട് സംസാരിക്കുന്നിടത്ത് വക്രോക്തിക്ക് കടന്നുവരാന്‍ പഴുതില്ലല്ലോ. പദസംസ്‌കാര ചന്ദ്രികയില്‍ നിന്ന് ഭഗവദ് ദര്‍ശനത്തിന്റെ മദ്ധ്യാഹ്ന സൂര്യപ്രഭയിലേക്കുയരുന്ന വാക്കുകളാണവ. വിവേകാനന്ദന്റെ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ മാത്രമേ പരമേശ്വര്‍ജിയുടെ ഈ കൃതികളെ നമുക്ക് പൂര്‍ണ്ണമായും മനസ്സിലാവുകയുള്ളൂ’. ‘ഇങ്ങനെ ഉദാത്ത ദേശസ്‌നേഹത്തിന്റെ, ചിലപ്പോള്‍ ശൃംഖലിതങ്ങളും ചിലപ്പോള്‍ ഉച്ഛൃംഖലങ്ങളുമായ ഈ രചനകള്‍ക്ക് സദൃശം എന്നു തോന്നാവുന്ന കൃതികള്‍ മലയാള കവിതയുടെ മുഖ്യധാരയില്‍ ഉണ്ടോ എന്ന് ചോദിക്കുന്നപക്ഷം നമ്മുടെ മനക്കണ്ണുകളില്‍ തെളിയുന്ന ചില മുഖങ്ങളാണ് അംശി, ബോധേശ്വരന്‍, ചുട്ടെരിക്കുവിന്‍ എഴുതിയ ചങ്ങമ്പുഴ, സംസ്‌കൃത വിജ്ഞാനവും ത്രിപഥഗയും മറ്റും എഴുതിയ എന്‍.വി. കൃഷ്ണവാരിയര്‍ എന്നിങ്ങനെ പലരും. പക്ഷേ, തന്നദ്വക്തികളില്‍നിന്ന് തികച്ചും ഭിന്നമായ പരമേശ്വര്‍ജിയുടെ വ്യക്തിസത്ത മനുഷ്യസംസ്‌കാരത്തിന്റെ അനശ്വരമാതൃകയായ ഭാരതീയ സംസ്‌കാരത്തിന്റെ മുന്‍പില്‍ ആലിംഗനോല്‍ക്കങ്ങളായി വിടര്‍ന്നുയര്‍ന്ന കൈകളോടെ അര്‍ദ്ധനിമീലിത സ്വപ്നദൃഷ്ടികളോടെ നിലകൊള്ളുന്നതായി നാം അനുഭവിച്ചറിയുന്നു’. മലയാള കവിതയെക്കുറിച്ച് അക്കിത്തം പറഞ്ഞതിനപ്പുറം പറയാന്‍ ഭൂമിമലയാളത്തില്‍ മറ്റാരുണ്ട്?
‘ഈ ജനക്കൂട്ടത്തിനെല്ലാമിടയ്ക്കു ഞാ-
നേകനാ,ണേകാന്ത സഞ്ചാരിയാണു ഞാന്‍.
അങ്ങതി ദൂരത്തിലേതോ വെളിച്ചമു-
ണ്ടിന്നതും തേടി ഗമിക്കുകയാണു ഞാന്‍’

വാള്‍ത്തല പോലെയുള്ള സംഘസാധനാപഥത്തിലെ ഏകാന്തയാത്ര കവിയുടെ, പരമേശ്വര്‍ജിയുടെ, സംഘപ്രചാരകന്റെ ജീവിത വിന്യാസത്തിന്റെ ആത്മനിഷ്ഠമായ ഭാവനയാണ്. ഭാരത സംസ്‌കാരത്തിന്റെയും ഹിന്ദുത്വത്തിന്റെയും രക്ഷയ്ക്കും അഭിമാന സംരക്ഷണത്തിനും വേണ്ടി ജീവത്യാഗം ചെയ്തവരായിരുന്നു പലപ്പോഴും ആ കവിതകളിലെ ബിംബങ്ങള്‍. ആരെയും പ്രചോദിപ്പിക്കുന്ന, ഏതു തളര്‍ന്ന കൈകളെയും നെഞ്ചോട് ചേര്‍ത്തുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന നവ്യ സുരഭിലമായ കവിതകളാണ് ആ തൂലികയില്‍ പിറന്നുവീണിട്ടുള്ളത്. ഭാരതീയ ദാര്‍ശനികതയുടെയും സന്യാസത്തിന്റെയും ഒക്കെ ആത്മീയമധുരിമ ഇവയില്‍ പലതിലും കാണാം.

പരമേശ്വര്‍ജിയുടെ പ്രസിദ്ധീകൃതമായ ഗദ്യസാഹിത്യത്തെക്കുറിച്ച് നേരത്തെ തന്നെ പറഞ്ഞിരുന്നു. സാഹിത്യത്തിനുവേണ്ടി സാഹിത്യം എന്നപുരോഗമന-ജീവത്സാഹിത്യ നായകന്മാര്‍ക്കൊപ്പമായിരുന്നില്ല ഒരിക്കലും അദ്ദേഹത്തിന്റെ സഞ്ചാരപഥം. ജീവിതത്തിന്റെ ദര്‍ശനവും അതിനനുസൃതമായ ഒരു ലക്ഷ്യവും ആ മഹാമനീഷിക്കു മുന്നില്‍ ഉണ്ടായിരുന്നു. ഭാരതത്തിന്റെ പരമവൈഭവം എന്ന മഹത്തായ ലക്ഷ്യം. വീണ്ടും ഭാരതം ഒന്നാകുമെന്ന ജീവിതഗന്ധിയായ സ്വപ്നം. ഇതിന്റെ സാക്ഷാത്കാരത്തിന് ഉതകുന്ന അല്ലെങ്കില്‍ അനിവാര്യമായ ഇടപെടലുകള്‍ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഗദ്യസൃഷ്ടികള്‍ ഏറെയും. പക്ഷേ, മലയാളം കണ്ട ഏത് എഴുത്തുകാരെയും കവച്ചുവെയ്ക്കുന്ന ധിഷണാ വൈഭവവും ദര്‍ശന സൗകുമാര്യവും ഈ കൃതികളില്‍ ഓരോന്നിലും നിഴലിക്കുന്നു. ലോകത്തിന്റെ രാഷ്ട്രീയക്രമവും അതില്‍ ഇടപെടാനുള്ള വന്‍ ശക്തികളുടെ ശ്രമവും ശീതയുദ്ധവും ഭീകരവാദവും മതഭീകരതയും ഒക്കെ കാലാനുസൃതമായി ആ തൂലികയില്‍ പിറന്നുവീണു.

രണ്ടായിരമാണ്ടില്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ അമേരിക്കയിലെ ഭാരതീയ സമൂഹത്തെ വിലയിരുത്താനാണ് പരമേശ്വര്‍ജി ശ്രമിച്ചത്. അമേരിക്കയിലെ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഇന്ത്യാ വിരുദ്ധ നിലപാടുകളില്‍ പ്രതികരിക്കാനോ പ്രതിഷേധിക്കാനോ തിരുത്താനോ ശേഷിയില്ലാത്ത ഒരു ഭാരതീയ സമൂഹമാണ് അവിടെയുള്ളതെന്ന് അദ്ദേഹം മനസ്സിലാക്കി. അമേരിക്കയിലും പിന്നീട് ഇന്ത്യയിലും നടത്തിയ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഇക്കാര്യം തുറന്നുപറയാന്‍ അദ്ദേഹം മടിച്ചില്ല. ഒരു ലേഖനത്തില്‍ അദ്ദേഹം എഴുതി, ‘വളരെ ശക്തമായ ഭോഗലാലസതയുടെ അന്തരീക്ഷമാണ് അമേരിക്കയിലുളളത്. അതിന്റെ സ്വാധീനം നമ്മുടെ വളര്‍ന്നുവരുന്ന തലമുറയിലും മുതിര്‍ന്ന തലമുറയിലും ഒരുപോലെ കാണാന്‍ കഴിയും. അതു സ്വാഭാവികമാണ്. ഭാരതീയസംസ്‌കാരത്തില്‍നിന്നും ജീവിതമൂല്യങ്ങളില്‍നിന്നും വ്യത്യസ്തമായ സംസ്‌കാരവും മൂല്യവും വെച്ചുപുലര്‍ത്തുന്ന ഒന്നാണ് അമേരിക്കന്‍ സമൂഹം. ആ സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും വശംവദരായി ജീവിക്കുന്നവരാണ് അമേരിക്കയിലെ ഭാരതീയ സമൂഹം. ഹിന്ദുധര്‍മ്മത്തെക്കുറിച്ചോ സംസ്‌കാരത്തെക്കുറിച്ചോ ദേവീദേവന്മാരെക്കുറിച്ചോ ദര്‍ശനങ്ങളെക്കുറിച്ചോ ഒന്നും വേണ്ടത്ര അവഗാഹം നേടാന്‍ കഴിയാത്തവരും അതിലൊന്നും വലിയ താല്പര്യം കാണിക്കാത്തവരും പണം സമ്പാദിക്കണം, നല്ല കരിയര്‍ വേണം എന്നാഗ്രഹിക്കുന്നവരും അതിനുവേണ്ടി അഹോരാത്രം പ്രവര്‍ത്തിക്കുകയും മത്സരിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യുന്നവരുമായ ഒരു ജനസമൂഹം എന്ന് പൊതുവായി അവരെക്കുറിച്ച് പറയാം’. പക്ഷേ, പരമേശ്വര്‍ജിയുടെ ആ ഇടപെടലുകള്‍ കഴിഞ്ഞ 16 വര്‍ഷത്തിനിടെ അമേരിക്കയിലെ ഭാരതീയ സമൂഹത്തില്‍ കൊണ്ടുവന്നിട്ടുള്ള പരിവര്‍ത്തനത്തിന്റെ തോത് എന്താണെന്ന് ഇപ്പോഴത്തെ അവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് വിലയിരുത്തുന്ന നമുക്ക് മനസ്സിലാകും. ലോകംമുഴുവന്‍ വെട്ടിപ്പിടിക്കാന്‍ വെമ്പിയ അമേരിക്ക എന്ന മുതലാളിത്ത സംസ്‌കാരവും സോവിയറ്റ് റഷ്യ എന്ന കമ്യൂണിസ്റ്റ് വന്‍ ശക്തിയും ഒരേപോലെ തകര്‍ന്നുവീഴുന്നത് നമ്മള്‍ കണ്ടു. ഈ തകര്‍ച്ച എത്രയോ കാലം മുന്‍പുതന്നെ പ്രവചിച്ചു എന്നുള്ളതാണ് പരമേശ്വര്‍ജിയുടെ സാഹിത്യത്തിലെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. എണ്‍പതുകളില്‍ തന്നെ സോവിയറ്റ് യൂണിയന്‍ ഈ നൂറ്റാണ്ട് അതിജീവിക്കില്ലെന്ന് പറഞ്ഞപ്പോള്‍ കമ്യൂണിസ്റ്റ് നായകര്‍ക്കും സൈദ്ധാന്തികര്‍ക്കും പരിഹാസമായിരുന്നു. റഷ്യയുടെ തകര്‍ച്ചയും കമ്യൂണിസത്തിന്റെ വീഴ്ചയും ഇന്ന് ചരിത്രമാണ്. വ്യവസ്ഥിതിയല്ല മാറേണ്ടത്, മനഃസ്ഥിതിയാണെന്ന പരമേശ്വര്‍ജിയുടെ വാക്കുകള്‍ ചരിത്രത്തിന്റെ സുവര്‍ണ്ണരേഖകളില്‍ തെളിഞ്ഞുനില്‍ക്കുന്നു.

ലോകസമ്പദ്‌വ്യവസ്ഥയ്ക്ക് ഭാരതീയമായ ഒരു ബദല്‍, ഭാരതീയ സംസ്‌കൃതിയിലും ആദ്ധ്യാത്മികതയിലും ഊന്നിയ ജീവിതരീതി, ഭാരതീയ മൂല്യങ്ങളുടെയും സംസ്‌കൃതിയുടെയും അനന്തവും അനുസ്യൂതവുമായ ജീവിതവിന്യാസം, ആത്യന്തികമായി വീണ്ടും ഭാരതത്തിന്റെ ജഗദ്ഗുരു സ്ഥാനത്തേക്കുള്ള മടങ്ങിവരവ് ഈ ലക്ഷ്യത്തിലേക്കുള്ള വഴികള്‍ മാത്രമായിരുന്നു പരമേശ്വര്‍ജിയുടെ എഴുത്തും സാഹിത്യവും വൈചാരിക ജീവിതവും. ഓരോ വാക്കിലും ചിന്തയുടെ ഓരോ സ്ഫുലിംഗങ്ങളിലും ഭാരതമെന്നത് മാത്രമാണ് നിഴലിച്ചിരുന്നത്. സനാതനധര്‍മ്മം മറ്റ് ലോകമതങ്ങളുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള മതങ്ങളുടെ താരതമ്യം എന്ന കൃതി ഡോ. എസ്. രാധാകൃഷ്ണന്‍ എഴുതിയപ്പോള്‍ പരമേശ്വര്‍ജി സനാതനധര്‍മ്മത്തെ ലോകമതങ്ങളുടെ മുകളില്‍ എങ്ങനെയാണ് പ്രതിഷ്ഠിക്കുകയും നിലനിര്‍ത്തുകയും ചെയ്യുക എന്നതാണ് ആലോചിച്ചത്. അദ്ദേഹത്തിന്റെ രചനകളില്‍ ഇത് ദൃശ്യമാണ്, ‘മതത്തെ ശാസ്ത്രീയവും യുക്തിസഹവും ജീവിതഗന്ധിയുമായി യുവജനങ്ങള്‍ക്കിടയില്‍ എത്തിക്കുകയാണ് ഒന്നാമതായി ചെയ്യേണ്ടത്. നിലവിലുളള സാഹിത്യസഞ്ചയത്തിനു പുറമെ ആധുനിക യുവത്വത്തിന്റെ അഭിരുചികൂടി കണ്ടറിഞ്ഞ് ശ്രീരാമകൃഷ്ണദേവന്റെയും വിവേകാനന്ദന്റെയും സന്ദേശത്തിലൂന്നിയ പുതിയ ഒരു സാഹിത്യപ്രപഞ്ചംതന്നെ ഉദ്ഘാടനം ചെയ്യുകയും അത് ചിട്ടയോടെ യുവാക്കള്‍ക്കിടയില്‍ എത്തിക്കുകയും ചെയ്യേണ്ടതുണ്ട്. മാത്രമല്ല, അവയുടെ പഠനങ്ങളും ചര്‍ച്ചകളും സംവാദങ്ങളും കേരളത്തിലെ തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലെങ്കിലും സ്ഥിരമായും ആകര്‍ഷകമായും നടത്തുകയും വേണം’.

സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണനും ശ്രീനാരായണഗുരുദേവനും മഹര്‍ഷി അരവിന്ദനും പരമേശ്വര്‍ജിയെ സ്വാധീനിച്ച മഹദ് വ്യക്തികളായിരുന്നു. ആഗമാനന്ദസ്വാമിയുമായുള്ള വ്യക്തിപരമായ ബന്ധം ശ്രീരാമകൃഷ്ണാശ്രമത്തിലെ സന്യാസിയായി പരമേശ്വര്‍ജിയെ പ്രതീക്ഷിക്കുന്നിടത്തോളം ആഴത്തിലുള്ളതായിരുന്നു. സന്യാസവും സാമൂഹിക സേവനവും സമന്വയിക്കുന്ന സംഘപ്രചാരകന്‍ എന്ന ഗുരുജി ഗോള്‍വക്കറുടെ സന്യാസദീക്ഷ ജീവിതവ്രതമായി തിരഞ്ഞെടുക്കുമ്പോഴും സ്വാമി വിവേകാനന്ദനോടും ശ്രീരാമകൃഷ്ണദേവനോടുമുള്ള ആഴത്തിലുള്ള ബന്ധം ഒരിക്കലും വിട്ടുകളഞ്ഞില്ല. വിവേകാനന്ദ സാഹിത്യത്തിലും പ്രഭാഷണത്തിലും ഇത്രയധികം അഗാധമായ പാണ്ഡിത്യം കൈവരിച്ച മറ്റൊരാള്‍ വര്‍ത്തമാന സമൂഹത്തില്‍ ഉണ്ടാകുമോയെന്ന് സംശയമാണ്. സ്വാമി വിവേകാനന്ദനെ ഭാരതീയ സംസ്‌കാരത്തിന്റെയും സനാതന മൂല്യത്തിന്റെയും പ്രകാശഗോപുരമായി യുവാക്കള്‍ക്കു മുന്നില്‍ സ്ഥാപിക്കാനും ആ ദീപസ്തംഭത്തിലൂടെ യുവത്വത്തിന് ദീപാവലി ഒരുക്കാനുമാണ് പരമേശ്വര്‍ജി ശ്രമിച്ചത്, ‘യുവത്വം ആദര്‍ശവാദത്തിന്റെയും സാഹസികതയുടെയും കാലഘട്ടമാണ്. മനസ്സിനിണങ്ങുന്നത് അനുഷ്ഠിക്കുവാനും അതിനുവേണ്ടി വിലകൊടുക്കുവാനും യുവാക്കള്‍ തയ്യാറാകണം. ഉയര്‍ന്ന ആദര്‍ശങ്ങള്‍ അവരുടെ മുമ്പില്‍ പ്രതിഷ്ഠിക്കപ്പെടേണ്ടത് ഈ കാലഘട്ടത്തിലാണ്. കാരണം സ്വാമിജി പറഞ്ഞപോലെ അനാഘ്രാത കുസുമങ്ങളാണ് ഇഷ്ടദേവതയുടെ കാല്‍ക്കല്‍ അനുഷ്ഠിക്കപ്പെടേണ്ടത്. അദ്ധ്യാത്മികപ്രേരണ ഉള്‍ക്കൊണ്ടുകൊണ്ട് ഭാരതാംബയ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ തയ്യാറുളള, കഴിവുളള യുവാക്കളെ വേണ്ടപോലെ സമീപിക്കാന്‍ കഴിഞ്ഞാല്‍ സ്വാമിജിയുടെ ജീവിതവും സന്ദേശവും അവരുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിക്കുമെന്നതില്‍ സംശയമില്ല. ഈ തരത്തില്‍ നോക്കുമ്പോള്‍ ഇന്നത്തെ ആശയദാരിദ്ര്യം അനുകൂലസാഹചര്യമാണ്’. യുവാക്കള്‍ ഉപയോഗശൂന്യരല്ല, ഉപയോഗിക്കാത്തതാണ് എന്ന സ്വാമി ചിന്മയാനന്ദന്റെ വാക്കുകള്‍ കിടപ്പുമുറിയുടെ പുറത്ത് എഴുതിവച്ചിട്ടുള്ള പി. പരമേശ്വരന്‍ എന്ന സര്‍ഗ്ഗധനന്റെ ചിന്തയിലും ശ്വാസത്തിലും കൂടി യുവാക്കളെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരിക എന്ന ഏക ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ.

ഭാരതീയ സംസ്‌കൃതിയും സനാതനധര്‍മ്മവും നേരിടുന്ന വെല്ലുവിളികളും അതിന്റെ അതിജീവനമാര്‍ഗ്ഗങ്ങളുമായിരുന്നു സര്‍ഗ്ഗസൃഷ്ടികളില്‍ നിറഞ്ഞുനിന്നത്. ഓരോ മഹദ് വ്യക്തികളുടെയും ജീവിതവും ചിന്തയും ദര്‍ശനവും ഇതിനായി അദ്ദേഹം ഉപയോഗപ്പെടുത്തി. വിദേശരാജ്യങ്ങളില്‍ സ്വന്തം ഗുരുനാഥനെക്കുറിച്ച് പറയാതിരുന്ന സ്വാമി വിവേകാനന്ദന്റെ രീതിയ്ക്കു പകരം വിവേകാനന്ദനെയും ശ്രീരാമകൃഷ്ണനെയും ഒന്നിച്ച് ഭാരതീയതയുടെയും സനാതന മൂല്യത്തിന്റെയും ബ്രാന്‍ഡ് അംബാസഡര്‍ ആക്കുകയായിരുന്നു പരമേശ്വര്‍ജി. ഇരുവരുടെയും ചിന്തകളുടെയും മൊഴിമുത്തുകളുടെയും ജാജ്ജ്വല്യമാനമായ ഓരോ ചിന്തും അദ്ദേഹം കടഞ്ഞെടുത്തു, ‘ഭൗതികവാദത്തിനും ഉപഭോഗഭ്രാന്തിനും ശക്തമായ പ്രതിവിധിയാണ് ശ്രീരാമകൃഷ്ണദേവന്റെ ജീവിതം. പാശ്ചാത്യഭൗതിക സംസ്‌കാരം ഇംഗ്ലീഷ് വിദ്യാഭ്യാസത്തിലൂടെ ഭാരതത്തില്‍ കാലൂന്നിയ അതേവര്‍ഷത്തില്‍ തന്നെയായിരുന്നു ശ്രീരാമകൃഷ്ണദേവന്റെ ജനനം. സ്വന്തം ജീവിതംകൊണ്ട് അദ്ദേഹം അന്ധവും അപകടകരവുമായ ഭൗതികവാദത്തിന്റെ അര്‍ത്ഥശൂന്യത വെളിപ്പെടുത്തി. ”ഭൗതികത മാത്രമേ സത്യമായിട്ടുളളൂ” എന്ന പാശ്ചാത്യചിന്താഗതിയെ ”ഈശ്വരന്‍ മാത്രമേ സത്യമായിട്ടുളളൂ” എന്ന ഭാരതീയദര്‍ശനംകൊണ്ട് അദ്ദേഹം നേരിട്ടു. ഈ രണ്ട് വിരുദ്ധദര്‍ശനങ്ങളുടെ ഏറ്റുമുട്ടലില്‍നിന്നാണല്ലോ നരേന്ദ്രന്‍ വിവേകാനന്ദനായി മാറിയത്. ശ്രീരാമകൃഷ്ണദേവന്റെ സ്പര്‍ശമേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന അസംഖ്യം നരേന്ദ്രന്മാര്‍ ഇന്നത്തെ യുവതലമുറയില്‍ ഉണ്ടെന്നു വിശ്വസിക്കാന്‍ ധാരാളം തെളിവുകളുണ്ട്’.

ഇസ്ലാമികവത്കരണത്തിനും ക്രൈസ്തവ സുവിശേഷവത്കരണത്തിനും വേണ്ടി നടക്കുന്ന ആഗോള ശ്രമങ്ങള്‍ പലപ്പോഴും പരമേശ്വര്‍ജിയെ ഉത്കണ്ഠപ്പെടുത്തുന്നുണ്ടെങ്കിലും ആകുലനാക്കുന്നില്ല. സനാതനധര്‍മ്മത്തിന്റെ സ്ഥിതപ്രജ്ഞമായ ആന്തരിക കരുത്ത് എത്രത്തോളും ശക്തമാണെന്നും അടിത്തറ എത്രത്തോളം വിപുലമാണെന്നും അദ്ദേഹത്തിന് ബോദ്ധ്യമുണ്ട്. ഈ ഭീഷണിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിലയിരുത്തലില്‍ പ്രകടമാകുന്ന ആത്മവിശ്വാസം അത്ഭുതാവഹമാണ്, ‘ആഗോള സുവിശേഷവല്‍ക്കരണത്തിന്റെ കൊടുങ്കാറ്റ് ആഞ്ഞടിക്കുകയും പ്രാചീന നാഗരികതകളെ അപകടപ്പെടുത്തുകയും ചെയ്യുന്ന സന്ദര്‍ഭമാണിത്. ഈ സന്ദര്‍ഭത്തില്‍ ഹിന്ദുമതം മാത്രമാണ് സനാതനധര്‍മ്മം ഈശ്വരേച്ഛകൊണ്ട് കാലാകാലങ്ങളില്‍ നിലവില്‍ വന്നവയാണ് ഇന്നു കാണപ്പെടുന്ന മറ്റു മതങ്ങള്‍. ഈശ്വരേച്ഛകൊണ്ടുതന്നെ അവ ഇല്ലാതാവുകയും ചെയ്യും. ഒടുവില്‍ ഹിന്ദുധര്‍മ്മം മാത്രമേ അവശേഷിക്കൂ എന്ന ശ്രീരാമകൃഷ്ണവചനം ഇക്കാലഘട്ടങ്ങളില്‍ അഭികാമ്യമായ ആത്മവിശ്വാസം പകരുന്നു’.

സംവാദം ഉത്സവമോ ആഘോഷമോ ആക്കി മാറ്റിയ പരമേശ്വര്‍ജി എന്നും ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് തലവേദനയായിരുന്നു. ഉറ്റ സുഹൃത്തും പണ്ഡിതനുമായ പി. ഗോവിന്ദപിള്ളയും ഇ.എം.എസ്സും ഒക്കെത്തന്നെ ആ ദൃഢചിന്തയുടെയും യുക്തിയുടെയും ഉരകല്ലിലെ അഗ്നിസ്ഫുലിംഗങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ഒരു പ്രമുഖ വാരിക നടത്തിയ ചര്‍ച്ചയില്‍ സ്വാമി വിവേകാനന്ദന്റെ വാക്കുകളെ തെറ്റായി ഉദ്ധരിച്ചത് ചികഞ്ഞെടുത്ത് തിരിച്ചടിക്കാന്‍ ശ്രമിച്ചത് പ്രസ്ഥാനത്തിനു വേണ്ടി തന്നെയായിരുന്നു, ഹിന്ദുത്വത്തിനുവേണ്ടിയായിരുന്നു, ഭാരതീയ മൂല്യത്തിനു വേണ്ടിയായിരുന്നു, ‘വിവേകാനന്ദവചനങ്ങള്‍ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉദ്ധരിച്ചുകൊണ്ട് അവയുടെ പകുതി കാഠിന്യം പോലും ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെയോ കെ. ദാമോദരന്റെയോ ശങ്കരവിമര്‍ശനത്തിന് ഉണ്ടായിരുന്നില്ല. എന്നിട്ടും മാര്‍ക്‌സിസ്റ്റുകാര്‍ ശങ്കരനെ പ്രശംസിച്ചും വിമര്‍ശിച്ചും എഴുതുകയോ പറയുകയോ ചെയ്യുന്നതിനെക്കുറിച്ച് ശ്രീ. പി. പരമേശ്വരന് എന്ത് അസഹിഷ്ണുതയാണ്? എന്നു ഗോവിന്ദപിളള ധാര്‍മ്മികരോഷത്തോടെ ചോദിയ്ക്കുന്നു. അദ്ദേഹം കൊടുത്തിട്ടുളള ഉദ്ധരണി വിവേകാനന്ദ സാഹിത്യസര്‍വ്വസ്വം നാലാം വോള്യം 88-ാം പേജില്‍നിന്ന് എടുത്തിട്ടുളളതാണെന്ന് ബ്രാക്കറ്റില്‍ കൊടുത്തിട്ടുണ്ട്. എന്നാല്‍ ആ പറഞ്ഞ ഭാഗത്ത് അത്തരമൊരു പരാമര്‍ശം കണ്ടില്ല. അതെന്നെ അമ്പരപ്പിച്ചു. അല്‍പ്പദിവസം മുമ്പ് ഡോ. ഉണിത്തിരി ചിന്താ വാരികയില്‍ എഴുതിയിരുന്ന ലേഖനത്തിലും ഇതേ പരാമര്‍ശം ഉണ്ടായിരുന്നു. ശ്രീ ശങ്കരനെക്കുറിച്ചുളള സ്വാമിജിയുടെ ഇതേ വാക്കുകള്‍ അതിലും ഉദ്ധരിച്ചുകണ്ടു. അവിടെയും സന്ദര്‍ഭം നാലാം വോള്യം 88-ാം പുറം തന്നെ. ‘മാന്‍പേട ഗിരികന്യയൊടഭ്യസിച്ചതോ, മറിച്ചോ?’ ഏതായാലും പാടുപെട്ട് ഉദ്ധൃതഭാഗം കണ്ടെത്തി – ആറാം വോള്യത്തില്‍ 88-ാം പേജില്‍. ഉദ്ധരണി കൃത്യമായിരുന്നു. എന്നാല്‍ തൊട്ടുമുമ്പ് അത്തരമൊരു പ്രസ്താവത്തിനിടയാക്കിയ സന്ദര്‍ഭത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നത് തീരെ വിട്ടുകളഞ്ഞു. ആ സന്ദര്‍ഭമോ പരമ പ്രധാനവുമാണ്. അവിടെനിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിച്ചാല്‍ അത് സ്വാമിജിയോടു ചെയ്യുന്ന മഹാപാതകമായിരിക്കും. സന്ദര്‍ഭത്തെപ്പറ്റി സാഹിത്യസര്‍വ്വസ്വത്തില്‍നിന്ന് ഉദ്ധരിക്കട്ടെ: ‘ഇത്തരത്തില്‍ പലതും പറഞ്ഞുപറഞ്ഞ് ശ്രീ ശങ്കരാചാര്യരുടെ കഥ വന്നു. ശിഷ്യന്‍ ഒരു വലിയ ശങ്കരപക്ഷപാതിയാണ്. അക്കാര്യത്തില്‍ മര്‍ക്കടമുഷ്ടിക്കാരനെന്നു പറഞ്ഞാലും തെറ്റില്ല. ശ്രീശങ്കരന്‍ സ്ഥാപിച്ച അദ്വൈതമതം സര്‍വ്വ ദര്‍ശനങ്ങളുടെയും ചൂഢാമണിയായി കരുതിപ്പോന്നു. മാത്രമല്ല, വല്ലവരും വല്ലതരത്തിലും വല്ല വിഷയത്തിലും ശ്രീ ശങ്കരനെ കുറ്റം പറഞ്ഞാല്‍ ഹൃദയം വ്രണിതമാകാറുണ്ട്. സ്വാമിജിയ്ക്ക് ഇക്കാര്യമറിയാം. എന്നാല്‍ ആര്‍ക്കും എന്തിലും ഇത്തരം വിടാപിടുത്തം അദ്ദേഹത്തിന് അസഹ്യമാണ്. അദ്ദേഹം അതിന് എതിര്‍പക്ഷം പിടിയ്ക്കും. കുറിയ്ക്കുകൊളളുന്ന യുക്തിച്ചുറ്റികമേട്ടംകൊണ്ട് ആ വക സങ്കുചിത മനഃസ്ഥിതിയെ തകര്‍ത്തു തരിപ്പണമാക്കും. അപ്പോള്‍ അതാണ് സന്ദര്‍ഭം; അത്തരമൊരു പരാമര്‍ശത്തിന്റെ പ്രകടനം ഗോവിന്ദപിളള ഉദ്ധരിച്ച വാക്യങ്ങളില്‍ പ്രതിഫലിക്കുന്നത് ശ്രീശങ്കരനെക്കുറിച്ചുളള സ്വാമിജിയുടെ യഥാര്‍ത്ഥ വീക്ഷണമല്ലെന്നും മര്‍ക്കടമുഷ്ടിക്കാരനും അസഹിഷ്ണുവുമായ ഒരു ശങ്കരമതഭ്രാന്തന്റെ സങ്കുചിത മനഃസ്ഥിതി തകര്‍ത്തു തരിപ്പണമാക്കാന്‍ എതിര്‍പക്ഷം പിടിച്ചു പറഞ്ഞ വാക്കുകളാണെന്നും സ്പഷ്ടം. ആ ഉദ്ധരണികള്‍ വിവേകാനന്ദന്റെ ആധികാരിക അഭിപ്രായമായി ഉയര്‍ത്തിക്കാണിച്ചത് ശങ്കരപരമ്പരയില്‍പ്പെട്ട മഹാനായ സ്വാമിജിയോട് ചെയ്ത കടുംകൈയല്ലേ?’.

സംഘര്‍ഷങ്ങള്‍ ആശയപരമായിരിക്കണം എന്ന അഭിപ്രായം എപ്പോഴും വെച്ചുപുലര്‍ത്തിയിട്ടുള്ള പരമേശ്വര്‍ജി ഇതര പ്രസ്ഥാനങ്ങളിലുള്ള എല്ലാ പ്രമുഖ നേതാക്കളെയും രാഷ്ട്രീയത്തിന് അതീതമായ ആദരവോടെയും മാന്യതയോടെയും മാത്രമേ കണ്ടിട്ടുള്ളൂ. ഇ.എം.എസ് അന്തരിച്ചപ്പോള്‍ മാതൃഭൂമി വാരികയില്‍ അദ്ദേഹം എഴുതിയ അനുസ്മരണക്കുറിപ്പ് ശ്രദ്ധേയമാണ്. ഒരു രാഷ്ട്രീയ പ്രതിയോഗിയെ കുലീനനായ ഒരു എതിരാളി എങ്ങനെയാണ് കാണുന്നതെന്നതിന്റെ ഉത്തമ ദൃഷ്ടാന്തം കൂടിയാണിത്. മാത്രമല്ല, കേരളീയ സമൂഹത്തില്‍ ഇന്നും തീരാത്ത തലവേദനയായി അവശേഷിക്കുന്ന രാഷ്ട്രീയ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അന്ന് പരമേശ്വര്‍ജി ഇടപെട്ടതിന്റെ അനുഭവസാക്ഷ്യം കൂടിയാണിത്, ‘പിന്നീട് അടിയന്തരാവസ്ഥയ്ക്കുശേഷം ദില്ലിയില്‍വെച്ചാണ് നമ്പൂതിരിപ്പാടുമായി കൂടുതല്‍ ഇടപഴകാന്‍ സന്ദര്‍ഭമുണ്ടായത്. അന്ന് അദ്ദേഹം മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍സെക്രട്ടറിയായിരുന്നു. കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരുന്ന മാര്‍ക്‌സിസ്റ്റ്-ആര്‍.എസ്.എസ് സംഘട്ടനങ്ങളുടെ പാശ്ചാത്തലത്തിലായിരുന്നു ഞാന്‍ പാര്‍ട്ടി ആസ്ഥാനത്തുപോയി അദ്ദേഹത്തെക്കണ്ടത്. എങ്ങനെയും സംഘര്‍ഷത്തിന് അയവുവരുത്താന്‍ വഴികാണണമെന്നതായിരുന്നു എന്റെ ആഗ്രഹം. മറിച്ചായിരുന്നില്ല അദ്ദേഹത്തിന്റെയും ആഗ്രഹം. തുടര്‍ന്ന് അടുത്തദിവസം ദില്ലിയിലെത്തുന്ന മുഖ്യമന്ത്രി നായനാരുമായി സംഭാഷണം നടത്താന്‍ ഏര്‍പ്പാടുചെയ്യാമെന്ന് സസന്തോഷം ഉറപ്പുനല്‍കുകയും ചെയ്തു. പക്ഷേ നിശ്ചിതദിവസം അവിചാരിതമായ ഒരു തടസ്സവുമുണ്ടായി. നായനാര്‍ താമസിക്കുന്ന കേരളാഹൗസിനുമുന്നില്‍ വിദ്യാര്‍ത്ഥിപരിഷത്ത് പ്രവര്‍ത്തകര്‍ തടിച്ചുകൂടി പ്രതിഷേധിക്കുകയും അത് പോലീസ് ബലപ്രയോഗത്തിന് വഴിവെക്കുകയും ചെയ്തു. സംഭവം അറിഞ്ഞയുടനെ ഞാന്‍ നമ്പൂതിരിപ്പാടുമായി ഫോണില്‍ ബന്ധപ്പെട്ടു. ഉച്ചഭക്ഷണം കഴിക്കുകയായിരുന്ന അദ്ദേഹം അവിടെനിന്നും എണീറ്റുവന്ന് എന്നോട് ഫോണില്‍ സംസാരിച്ചു. ഞാനറിയാതെ നടന്ന അനിഷ്ടസംഭവം കാരണം മുഖ്യമന്ത്രിയുമായുളള കൂടിക്കാഴ്ച അലസിപ്പിരിയുമോ എന്ന് ഞാന്‍ സംശയം പ്രകടിപ്പിച്ചു. അല്പം കഴിഞ്ഞ് തിരിച്ചുവിളിക്കാം എന്ന ഉറപ്പോടെ അദ്ദേഹം സംസാരം നിര്‍ത്തി. മുഖ്യമന്ത്രിയുമായി സംസാരിച്ചശേഷമാവണം, അല്പംകഴിഞ്ഞ് നമ്പൂതിരിപ്പാട് എന്നെ വീണ്ടും വിളിച്ചു. കൂടിക്കാഴ്ച മുന്‍നിശ്ചയപ്രകാരം നടക്കുകതന്നെ വേണം എന്ന് അദ്ദേഹം പറഞ്ഞു. അന്നുരാത്രി കേരളാഹൗസില്‍ കൂടിക്കാഴ്ച നടക്കുകയും ചെയ്തു. കൂടിക്കാഴ്ചയിലെ തീരുമാനപ്രകാരം പിന്നീട് കേരളത്തില്‍വെച്ചും സംസ്ഥാനതല നേതാക്കള്‍ രണ്ടുമൂന്നാവര്‍ത്തി സംഭാഷണം നടത്തി. പക്ഷ, അതൊന്നും ഫലപ്രാപ്തിയിലെത്തിയില്ല. എന്നാല്‍ ഈ വിഷയത്തില്‍ നമ്പൂതിരിപ്പാട് കാട്ടിയ സൗമനസ്യവും സഹായകരവുമായ മനോഭാവവും എന്നെ വല്ലാതെ ആകര്‍ഷിച്ചു’.

രാഷ്ട്രീയ എതിരാളികളോടുള്ള ഇ.എം.എസ്സിന്റെ സമീപനം ആരെയും വേദനിപ്പിക്കാതെ പരമേശ്വര്‍ജി വ്യക്തമാക്കുമ്പോള്‍ വായനക്കാരന്റെ ചുണ്ടില്‍ വിരിയുന്ന പുഞ്ചിരി ഒരു പരിധിവരെ ആത്മനിഷ്ഠമല്ലേ, ‘ദീനദയാല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രഭാഷണം നടത്താനായി അദ്ദേഹത്തെ പലതവണ ഞാന്‍ ക്ഷണിച്ചിട്ടുണ്ട്. പക്ഷെ, ഒരു പ്രാവശ്യവും ആദ്ദേഹം എന്റെ ക്ഷണം സ്വീകരിച്ചില്ല. പകരം ”പിന്നീടാകാം” എന്നുപറഞ്ഞ് സ്‌നേഹപൂര്‍വ്വം നിരസിക്കുകയാണുണ്ടായത്’.

പക്ഷേ, ഇ.എം.എസ്സിന്റെ ലളിതജീവിതത്തിന്റെ നൈര്‍മല്യം അംഗീകരിക്കാനും ആദരിക്കാനും പരസ്യമായി പറയാനും പരമേശ്വര്‍ജിക്ക് തെല്ലും മടിയുണ്ടായിരുന്നില്ല, ‘നട്ടുച്ചനേരത്തെ ചുട്ടുനീറുന്ന വെയിലില്‍ ദല്‍ഹിയിലെ രാജവീഥിയില്‍ക്കൂടി ഒരു മുറിക്കയ്യന്‍ ഷര്‍ട്ടും ഒറ്റമുണ്ടുമായി നടന്നുനീങ്ങുന്ന, അധികം വാര്‍ധക്യം പ്രാപിക്കാത്ത നമ്പൂതിരിപ്പാടിന്റെ ചിത്രം എന്റെ മനസ്സില്‍ ഇന്നും മായാതെയുണ്ട്. ലളിതവും കര്‍ക്കശവുമായ ജീവിതചര്യയുടെ പ്രതീകം-ആദര്‍ശതീഷ്ണതയുടെ അചഞ്ചലമായ രൂപം – അതായിരുന്നു നമ്പൂതിരിപ്പാട്’.

നമ്പൂതിരി മുതല്‍ നായാടി വരെയുള്ള കേരളത്തിലെ ഹൈന്ദവ സമൂഹത്തിന്റെ ഏകീകരണം ഏതെങ്കിലും പുതിയ രാഷ്ട്രീയപ്പാര്‍ട്ടി പുതിയതായി അവതരിപ്പിച്ചതല്ല. അതും വിരിഞ്ഞത് പരമേശ്വര്‍ജിയുടെ പ്രജ്ഞയില്‍ തന്നെയാണ്. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഉജ്ജ്വലമായ ഉയിര്‍ത്തെഴുന്നേല്‍പ്പ് എന്നും മുന്നില്‍ കണ്ട അദ്ദേഹം മന്നത്ത് പത്മനാഭനെ കുറിച്ചുള്ള ഓര്‍മ്മയിലാണ് ഇക്കാര്യം ആദ്യം അവതരിപ്പിച്ചത്, ‘അനാചാരങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എളുപ്പമുള്ള സംഗതിയായിരുന്നില്ല. ഹിന്ദുസമൂഹം മുഴുവന്‍ അന്ധവിശ്വാസജടിലമായിരുന്ന അന്ധകാരയുഗമായിരുന്നു അന്ന്. നമ്പൂതിരി മുതല്‍ നായാടി വരെ ഓരോ ജാതിയും സ്വയംമേധാവിത്വം നടിക്കുകയും തൊട്ടുകീഴിലുള്ളവരെ ചവിട്ടിതാഴ്ത്തുകയും ചെയ്തു കൊണ്ടിരുന്നു. നായര്‍സമുദായത്തിന് മേല്‍ ബ്രാഹ്മണന്‍ ആധിപത്യം ചെലുത്തുകയും സമുദായത്തിന് അപമാനകരമായ രീതിയില്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്തു കൊണ്ടിരുന്നു. അതു നാട്ടുനടപ്പായി അംഗീകരിക്കപ്പെട്ടു കൊണ്ടിരുന്നു. അതേസമയം സവര്‍ണ്ണരായിരുന്ന നായന്മാര്‍ അവര്‍ണ്ണസമുദായങ്ങള്‍ക്ക് മേല്‍ ക്രൂരമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇതേ കഥ താഴെത്തട്ട് വരെ നിലനിന്നിരുന്നു. നായര്‍സമുദായത്തെ ഏകോപിപ്പിക്കുകയും അവരുടെ ഇടയിലെ ദുരാചാരങ്ങളെ അവസാനിപ്പിക്കുകയും ചെയ്യുക വഴി ഇവയ്‌ക്കെല്ലാം അറുതിവരുത്തണമെന്ന് മന്നം ആഗ്രഹിച്ചു. അതായിരുന്നു പൂര്‍ണ്ണസമയമുപയോഗിച്ച് സാമൂഹ്യപ്രവര്‍ത്തനത്തിനേര്‍പ്പെടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്’.

പരമേശ്വര്‍ജിയും പി. ഗോവിന്ദപിള്ളയും തമ്മിലുള്ള ബന്ധം പലപ്പോഴും കേരളത്തിലെ സി.പി.എം രാഷ്ട്രീയത്തില്‍ പോലും ചര്‍ച്ചാവിഷയമായിരുന്നു. ഏ.കെ.ജി സെന്ററില്‍ ഇ.എം.എസ് സഞ്ചയികയുടെ എഡിറ്റിംഗിനു ശേഷം വലിയ പുസ്തകസഞ്ചിയും തൂക്കി നേരെ ഭാരതീയ വിചാരകേന്ദ്രത്തിലെത്തി പരമേശ്വര്‍ജിയുമായി മണിക്കൂറുകളോളം സംവദിക്കുന്ന പി. ഗോവിന്ദപിള്ള അക്കാര്യത്തില്‍ മാത്രം എന്നും പാര്‍ട്ടിയുടെ ചട്ടക്കൂടിനു പുറത്തായിരുന്നു. ഏ.കെ.ജി സെന്ററില്‍ ഒരിക്കലും പോയിട്ടില്ലെങ്കിലും പടിഞ്ഞാറെ കോട്ടയിലെ സുഭാഷ് നഗറിലെ പി.ജിയുടെ വീട്ടില്‍ പരമേശ്വര്‍ജിയും പോയിട്ടുണ്ട്, പലതവണ. ആ ബന്ധത്തിന്റെ വ്യക്തിപരവും ആത്മീയവും ആദ്ധ്യാത്മികവുമായ ഇഴകളെ പരമേശ്വര്‍ജി തന്നെ വേര്‍തിരിച്ചെടുത്തിട്ടുള്ളത് ശ്രദ്ധേയമാണ്. പി.ജി.യുടെ നിര്യാണവേളയില്‍ അദ്ദേഹം എഴുതി, ‘പി. ഗോവിന്ദപിള്ളയും പി. പരമേശ്വരനും തമ്മിലുള്ള ബന്ധം ഏതുതരത്തിലുള്ളതായിരുന്നു? ഒന്നു വിശദീകരിക്കാമൊ? പലരും ചോദിക്കാറുള്ള ചോദ്യമാണ്. അസാധാരണവും അസ്വാഭാവികവുമായ ഒന്നായിരുന്നു അതെന്ന് പലര്‍ക്കും തോന്നിയിട്ടുണ്ട്. രണ്ടുവ്യക്തികള്‍ തമ്മിലുള്ള സൗഹൃദം എന്നു പറഞ്ഞാല്‍ മതിയാവുകയില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറമുള്ള വ്യക്തിബന്ധം എന്ന് പറഞ്ഞാലും മതിയാവുകയില്ല. പരസ്പരം ബഹുമാനിക്കുന്ന രണ്ടു ബുദ്ധിജീവികള്‍ തമ്മിലുള്ള ബന്ധം എന്ന നിര്‍വ്വചനവും അപര്യാപ്തമാണ്. ഞങ്ങള്‍ തമ്മിലുണ്ടായിരുന്ന ദീര്‍ഘകാല സൗഹൃദത്തിനു പിന്നില്‍ ഞങ്ങളുടെ അബോധതലത്തെ രൂപപ്പെടുത്തിയ ഒരു ഘടകമുണ്ടായിരുന്നു. ആഗമാനന്ദസ്വാമികളുമായിട്ടുള്ള ഞങ്ങളുടെ അടുപ്പമായിരുന്നു അത്. ഞങ്ങളെ മാത്രമല്ല അനവധി പ്രമുഖവ്യക്തികളെ ആഗമാനന്ദസ്വാമികള്‍ സ്വാധീനിച്ചിരുന്നു. ജാതിക്കും, മതത്തിനും, പ്രത്യയശാസ്ത്രത്തിനുമപ്പുറത്തുള്ള സ്വാധീനമായിരുന്നു അത്. തികഞ്ഞ അദ്വൈതവേദാന്തിയും, ശങ്കരഭക്തനും, ശ്രീരാമകൃഷ്ണപരമ്പരയില്‍പ്പെട്ട സന്യാസിയും, ആയിരുന്ന സ്വാമിജി ഒരാളുടെയും മേല്‍ അദ്ദേഹത്തിന്റെ ആശയം അടിച്ചേല്‍പ്പിക്കാന്‍ തുനിഞ്ഞിട്ടില്ല. അത്തരക്കാരെല്ലാം കാലടി അദ്വൈതാശ്രമത്തില്‍ ഒരുമിച്ചു കൂടുമായിരുന്നു. പൂര്‍ണ്ണമായ സ്വാതന്ത്ര്യത്തോടെ ആശയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു’. വാദങ്ങള്‍ ചെവിക്കൊണ്ടു’കൊണ്ട് സ്വാമിജി ശാന്തനായി സംവാദങ്ങള്‍ പ്രൊത്സാഹിപ്പിക്കുമായിരുന്നു .സ്വാമിജിയുടെ ഉദാരമായ സമീപനത്തിന് ഒരു ഉദാഹരണം സൂചിപ്പിക്കാം. യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന ഇടമറുകിനെ ക്രൈസ്തവസഭ പുറത്താക്കിയപ്പോള്‍ അദ്ദേഹം അഭയം തേടിയത് കാലടി ആശ്രമത്തിലായിരുന്നു. പിന്നീട് അദ്ദേഹം ഡല്‍ഹിയിലായിരുന്നപ്പോള്‍ എന്നോട് പറഞ്ഞു, ‘ഒരിക്കലെങ്കിലും സ്വാമിജി എന്റെ അഭിപ്രായസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുകയൊ, മതഗ്രന്ഥങ്ങള്‍ വായിക്കണമെന്നുപറയുകയൊ ചെയ്തിട്ടില്ല. നിങ്ങള്‍ യുക്തിവാദിയാകണമെങ്കില്‍ ഒരു മികച്ച യുക്തിവാദിയാകണം. അതിന് വേണ്ടഗ്രന്ഥങ്ങള്‍ പാരായണം ചെയ്യണം. അമേരിക്കന്‍ യുകതിവാദിയായിരുന്ന ഇംഗര്‍ സോളിന്റെ പുസ്‌കങ്ങള്‍ വായിക്കണം. ആശ്രമത്തിന്റെ പുസ്തകശാലയില്‍ ഇംഗര്‍ സോളിന്റെ പുസതകങ്ങള്‍ ഉണ്ട്. അത് നിങ്ങള്‍ ശരിക്ക് വായിച്ചു പഠിക്കു’. അവസാനംവരെയും യുകതിവാദിയായി തുടര്‍ന്ന ഇടമറുക് ആഗമാനന്ദസ്വാമികളുടെ അടുത്ത ആരാധകനായിരുന്നു.

പി.ജിയെക്കുറിച്ച് ഓര്‍മ്മിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഓടിയെത്തുന്ന ഒരനുഭവം എന്റെ സപ്തതി ആഘോഷചടങ്ങില്‍ പങ്കെടുക്കാന്‍ പി.ജി. എത്തിച്ചേര്‍ന്നതാണ്. ചേര്‍ത്തല താലൂക്കില്‍ ഒരു ചെറിയ ഗ്രാമത്തില്‍ എത്തിച്ചേരുക അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഔപചാരികമായി ക്ഷണിച്ചിരുന്നുവെങ്കിലും തിരുവനന്തപുരത്തുനിന്ന് ബുദ്ധിമുട്ടി പി.ജി. യഥാസമയം എത്തിച്ചേരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നുമില്ല. പക്ഷേ പൂജയും ഹോമവും മന്ത്രോച്ചാരണവുമെല്ലാം കൊണ്ട് മുഖരിതമായിരുന്ന ഗൃഹാന്തരീക്ഷത്തിലേക്ക് പി.ജി നേരെ കടന്നുവന്നു. ചടങ്ങുകള്‍ എല്ലാം വീക്ഷിക്കുകയും, മറ്റ് എല്ലാവരെയും പോലെ തൊഴുതു കൈനീട്ടി പ്രസാദമേറ്റുവാങ്ങി, ചന്ദനം നെറ്റിയില്‍ അണിയുകയും പൂ ചൂടുകയും ചെയ്തു. ചടങ്ങുകള്‍ക്കുശേഷം കുശലപ്രശ്‌നങ്ങള്‍ കഴിഞ്ഞ് ഉച്ചയോടുകൂടി പി.ജി. മടങ്ങി. സപ്തതി പ്രമാണിച്ച് വന്നുചേര്‍ന്ന ആള്‍ക്കൂട്ടത്തില്‍പ്പെട്ടവര്‍ക്കെല്ലാം പി.ജിചയുടെ ആഗമനം അത്ഭുതവും അവിശ്വസനീയവുമായിതോന്നി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലെ ഉന്നതനേതാവ് ഒരു ആര്‍.എസ്സ്.എസ്സ് പ്രചാരകന്റെ വീട്ടില്‍ എത്തി മുഖ്യമായും മതപരമായ ചടങ്ങില്‍ പങ്കെടുത്ത് യാതൊരു നാട്യവും കൂടാതെ സാധാരണക്കരോടൊപ്പം കഴിച്ചുകൂട്ടിയത് നാട്ടിലാകമാനം ഒരു കോളിളക്കം തന്നെ സൃഷ്ടിച്ചു. അതേ താലൂക്കിലുള്ള എന്റെ അടുത്ത കമ്മ്യൂണിസ്റ്റ് സുഹൃത്തുക്കള്‍പോലും സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയില്ല എന്നോര്‍ക്കുമ്പോഴാണ് പി. ജിയുടെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വ്യക്തമാവുന്നത്. പിന്നീടത് പരസ്യമായ വാര്‍ത്തയാവുകയും ചെയ്തു. തന്റെ പാര്‍ട്ടിയോടുള്ള കൂറിലോ പ്രത്യയശാസ്ത്രത്തിലുള്ള ദൃഢതയിലോ അല്‍പംപോലും വിട്ടുവീഴ്ചയില്ലാതെ നേരെ എതിര്‍പക്ഷത്തുള്ളവരെന്ന് വിശ്വസിക്കപ്പെടുന്ന സുഹൃത്തുകളോട് അവരുടെ സ്വകാര്യ ജീവിതത്തില്‍പോലും ബന്ധം പുലര്‍ത്താനും കഴിയുമെന്നുളളതിന് മാതൃക കാട്ടിയ ആളായിരുന്നു പി.ജി’.

പരമേശ്വര്‍ജിയുടെ ജീവിതത്തിലെ ചില വഴിവിളക്കുകളെ മാത്രമാണ് ഇവിടെ സ്പര്‍ശിച്ചത്. സാഹിത്യത്തിന്റെയും ദര്‍ശനത്തിന്റെയും ഉജ്ജ്വലമായ രത്‌നഖനികളിലേക്ക് എത്തി നോക്കാന്‍ പോലും ആയിട്ടില്ല. വ്യക്തിബന്ധങ്ങളും രാഷ്ട്രീയ വീക്ഷണവും ദര്‍ശനവും തന്നെ മഹാസാഗരത്തിന്റെ ഗാംഭീര്യം ഉള്‍ക്കൊള്ളുന്നതാണ്. അദ്ദേഹത്തിന്റെ സാഹിത്യവും ദര്‍ശനവും കാലത്തിനൊപ്പം അതിനേക്കാളേറെ, വേഗത്തില്‍ നടന്ന ഒരു ക്രാന്തദര്‍ശിയുടേതാണ്. സ്വാമി വിവേകാനന്ദന്‍ സ്വന്തം ജീവിതത്തെക്കുറിച്ച് പറഞ്ഞത് പരമേശ്വര്‍ജിയെക്കുറിച്ചും പ്രസക്തമാണ്. വരും തലമുറകള്‍ക്ക് മാര്‍ഗ്ഗദീപമായ, ഉജ്ജ്വല രത്‌നഖനിയാണ് പരമേശ്വര്‍ജിയുടെ സാഹിത്യസപര്യ. ഭാരതീയ ജീവിതവും മൂല്യങ്ങളും സനാതനധര്‍മ്മവും മാത്രമല്ല, കമ്യൂണിസത്തിന്റെ തകര്‍ച്ചയും ഒരു ആഗോള ബദല്‍ സമ്പദ് സിദ്ധാന്തവും പഠിക്കുന്ന ആര്‍ക്കും ഈ മഹാസാഗരത്തെ അവഗണിക്കാനാകില്ല, അവഗണിച്ച് മുന്നോട്ടു പോകാനാവില്ല. ഒരു കാലഘട്ടത്തിന്റെ ചരിത്രവും കാലത്തിന്റെ ദിനസരിയും ആ കുറിപ്പുകളില്‍ കാണാം. പ്രത്യയശാസ്ത്രപരമായ പ്രതിസന്ധികളും അപനിര്‍മ്മിതികളും ഭാരതത്തെയും സനാതന മൂല്യത്തെയും ഗ്രസിക്കാന്‍ ഒരുങ്ങിയപ്പോള്‍ ധിഷണ പടവാളാക്കി പൊരുതി തോല്പിച്ച ദര്‍ശനപ്പെരുമയാണ് അദ്ദേഹത്തിന്റെ കൃതികള്‍. ഇനിയും മാറ്റുരയ്ക്കാനും സര്‍ഗ്ഗശേഷി പരീക്ഷിക്കാനും യുവതലമുറയെ നിരന്തരം പ്രേരിപ്പിക്കുന്ന യുക്തിയുടെയും മൂല്യത്തിന്റെയും അനര്‍ഘമായ രത്‌നഖനി.

374 Shares

Scroll down for comments

Post Your Comments

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Back to top button
Close