ദോഹ* ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ പ്രവാസി കൂട്ടായ്മയായ സമന്വയം ഇന്ത്യന്‍ കള്‍ചറല്‍ സെന്ററി(ഐസിസി)ന്റെ സഹകരണത്തോടെ സര്‍ഗഭാരതം കലാസന്ധ്യ സംഘടിപ്പിച്ചു. ഭാരതീയ ഭാഷാ, വേഷ, കലാ വൈവിധ്യങ്ങളെ ഭരതമുനിയുടെ നാട്യദര്‍ശനത്തില്‍ കോര്‍ത്തിണക്കി ഏകഭാരതസങ്കല്പം ഊട്ടിയുറപ്പിക്കുന്നതായിരുന്നു സര്ഗഭാരതത്തില് അരങ്ങേറിയ നൃത്തനൃത്ത്യങ്ങള്‍. അബു ഹമൂറിലെ ഐസിസി അശോകാ ഹാളില്‍ ഗണേശ നടനത്തോടെ ആയിരുന്നു തുടക്കം.
സമന്വയം പ്രസിഡന്റ് ശ്രീദേവി അനന്തകൃഷ്ണന്റെ അധ്യക്ഷതയില്‍ ഐസിസി പ്രസിഡന്റ് കെ. മണികണ്ഠന് ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടു മണിക്കൂറിലേറെ നീണ്ട കലാസന്ധ്യയില്‍ കേരള, കാശ്മീരി, രാജസ്ഥാനി, തമിഴ്, പഞ്ചാബി, ഗുജറാത്തി നൃത്തങ്ങളും കേരളത്തിന്റെ സ്വന്തം വഞ്ചിപ്പാട്ടും അരങ്ങേറി. ആരോഗ്യസംരക്ഷണത്തില്‍ ലോകത്തിന് ഇന്ത്യയുടെ സംഭാവനയായ യോഗാഭ്യാസ പ്രദര്‍ശനവും നടന്നു.
ഭാരതത്തെഛിന്നഭിന്നമാക്കാന് ശ്രമിക്കുന്ന ഛിദ്രശക്തികളെ തകര്‍ത്ത് അജയ്യഭാരതം സൃഷ്ടിക്കുന്ന വീരപുത്രന്മാരുടെ നാടകീയാഖ്യാനമായ കര്‍കേ ദിഖാന എന്ന സ്കിറ്റോടെയാണ് സര്ഗഭാരതത്തിനു തിരശീല വീണത്. സമകാലീന ബാഹ്യസംഭവങ്ങള്‍ കൗമാര, യൗവനങ്ങളില്‍ സൃഷ്ടിക്കുന്ന ആന്തരപരിണാമങ്ങള് ഭംഗ്യന്തരേണ പ്രദിപാദിക്കുന്ന സ്കിറ്റിന് സദസ്സിന്റെ നിറഞ്ഞകയ്യടിയാണ് ലഭിച്ചത്.
ഇന്ത്യ-ഖത്തര്‍ സാംസ്കാരിക വര്‍ഷാചരണത്തിന്റെ ഭാഗമായി ഐസിസി സംഘടിപ്പിച്ച എ പാസേജ് ടു ഇന്ത്യയില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു.