ചാത്തന്നൂര്‍: കള്ളനോട്ട് കേസില്‍ പിടിയിലായ ദമ്പതിമാരുടെ വീട്ടില്‍ നിന്നും നോട്ടടിയന്ത്രങ്ങളും കള്ളനോട്ടുകളും പൊലീസ് പിടികൂടി. കൊല്ലം കൊട്ടിയം സ്വദേശി രഞ്ജിത്തിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കള്ളനോട്ടുകളും നോട്ടടിയന്ത്രങ്ങളും പിടികൂടിയത്.
500 രൂപയുടെ 53 കള്ളനോട്ടുകളും 200 രൂപയുടെ 122 കള്ളനോട്ടുകളുമാണ് പൊലീസ് പിടിച്ചെടുത്തത്. കള്ളനോട്ട് അടിക്കാന്‍ ഉപയോഗിച്ചിരുന്ന പ്രിന്റിംഗ് മെഷീന് അടക്കമുള്ള ഉപകരണങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് രഞ്ജിത്തിനേയും ഭാര്യ ലിജയേയും കള്ളനോട്ടുകളുമായി പാലക്കാട് മങ്കരയില്‍ നിന്നും പൊലീസ് പിടികൂടിയത്. മങ്കരയിലെ കടകളില്‍ കള്ളനോട്ട് നല്കി കബളിപ്പിച്ച ഇരുവരെയും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. നോട്ട് വ്യാജമാണെന്ന് സ്ഥിരീകരിച്ചതോടെ ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
സംഭവ സമയത്ത് പ്രതികളുടെ കൈയ്യില്‍ നിന്നും 500 രൂപയുടെ 117 നോട്ടുകളും 200 രൂപയുടെ 27 നോട്ടുകളും കണ്ടെടുത്തിരുന്നു. മറ്റ് ജില്ലകളിലും ഇവര്‍ കള്ളനോട്ട് കൈമാറിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.