ബംഗളൂരു: പാക് അനൂകുല മുദ്രാവാക്യം മുഴക്കിയതിന്റെ പേരില്‍ അറസ്റ്റിലായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഹുബ്ലിയില്‍ അറസ്റ്റിലായ ബാസിത് ആഷിക് സോഫി, താലിബ് മജീദ്, അമിര്‍ മൊഹ്യുദ്ദീന് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. ഫെബ്രുവരി 28 വരെയാണ് മൂന്ന് പേരുടെയും കസ്റ്റഡി കാലാവധി. ഹുബ്ലി ജോയിന്റ് മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയുടേതാണ് ഉത്തരവ്.
കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടോ എന്ന കാര്യം പരിശോധിക്കണം. ഇതിനായി കശ്മീര്‍ സ്വദേശികളായ ഇവരെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഇതിനെ തുടര്‍ന്നാണ് മൂന്ന് പേരെയും കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. ചോദ്യം ചെയ്യലിന് മുന്നോടിയായി പ്രതികളെ വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഴ്ചയാണ് പാകിസ്താന് അനുകൂല മുദ്രാവാക്യം മുഴക്കുകയും, സന്ദേശങ്ങള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്ത മൂന്ന് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അറസ്റ്റ് ചെയ്തതിന്റെ അടുത്ത ദിവസം മതിയായ തെളിവുകള്‍ ഇല്ലെന്ന് പറഞ്ഞ് മൂന്ന് പേരെയും പോലീസ് വെറുതെ വിടുകയായിരുന്നു.
എന്നാല്‍ പോലീസ് നടപടി വന്‍ പ്രതിഷേധത്തിന് കാരണമായതിനെ തുടര്‍ന്ന് വീണ്ടും മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു. ജമ്മു കശ്മീര്‍ സ്വദേശികളായ മൂന്ന് പേരും ബംഗളൂരുവിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് പഠിക്കുന്നത്. പ്രതികളെ നിലവില്‍ ബെല്ഗൗം ഹിന്ദ് വാല്‍ഗ ജയിലില്‍ പാര്‍പ്പിച്ചിരിക്കയാണ്.