ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ 28-ാം റൗണ്ട് മത്സരങ്ങളില്‍ ലെസ്റ്ററിനെതിരെ അവസാനക്കാരായ നോര്‍വിച്ച് സിറ്റിക്ക് അട്ടിമറി ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് നോര്‍വിച്ച് ജയിച്ചത്. ജമാല്‍ ലൂയിസാണ് 70-ാം മിനിറ്റില്‍ ലെസ്റ്ററിനെതിരെ ഗോള്‍ നേടിയത്. ലീഗില്‍ നിലവില്‍ 3-ാം സ്ഥാനത്തുള്ള ടീമാണ് ലെസ്റ്റര്‍.
ഇന്നു നടക്കേണ്ടിയിരുന്ന രണ്ടു മത്സരങ്ങള്‍ മാറ്റിവച്ചു. മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സണലും, ആസ്റ്റണ്‍ വില്ലയും ഷെഫ് യുണൈറ്റഡും തമ്മിലുള്ള മത്സരങ്ങളുമാണ് മാറ്റിയത്. മറ്റ് മത്സരങ്ങളില്‍ ഇന്ന് കൊമ്പുകോര്‍ക്കുന്നതില്‍ പ്രധാനികള്‍ ചെല്‍സിയും ബേണ്മൗത്തുമാണ്. മറ്റൊരു പ്രധാനമത്സരം ലിവര്പൂളിന്റേതാണ്. എതിരാളികള്‍ വാട്ട്ഫോഡാണ്. മറ്റ് മത്സരങ്ങളില്‍ ന്യൂകാസില്‍ ബേണ്‍ലിയേയും വെസ്റ്റ്ഹാം സതാപ്ടണിനേയും ബ്രൈറ്റണ് ക്രിസ്റ്റല്‍ പാലസിനേയും നേരിടും. നാളത്തെ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എവര്‍ട്ടണിനേയും ടോട്ടനം വൂള്‍വ്സിനേയും എതിരിടും.
നിലവില്‍ പോയിന്റുനിലയില്‍ ആദ്യ നാല് സ്ഥാനങ്ങളില്‍ ലിവര്‍പൂള്‍, മാഞ്ചസ്റ്റര്‍ സിറ്റി, ലെസ്റ്റര്‍ സിറ്റി, ചെല്‍സി എന്നിവരാണ് നിലയുറപ്പിച്ചിരിക്കുന്നത്.