ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും. പ്രതി പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി മാര്‍ച്ച് ആറിന് സുപ്രീംകോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ വൈകുന്നത്. മാര്‍ച്ച് മൂന്നിനാണ് പ്രതികളുടെ വധശിക്ഷ നടപ്പാക്കാനായി ഡല്‍ഹി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് ആറിനാണ് പവന് ഗുപ്തയുടെ കേസ് പരിഗണിക്കുന്നതെങ്കില്‍ വധശിക്ഷ നടപ്പാക്കുന്നത് നീളും.
വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നാവശ്യപ്പെട്ടാണ് പവന് ഗുപ്ത ഹര്‍ജി നല്‍കിയിരിക്കുന്നത്. സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കുന്ന കേസുകളുടെ താല്‍ക്കാലിക പട്ടികയിലാണ് ഇതുസംബന്ധിച്ച വിവരമുള്ളത്. ഇതുപ്രകാരം മാര്‍ച്ച് ആറിനാണ് പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജി കോടതി പരിഗണിക്കുന്നത്.
തിരുത്തല്‍ ഹര്‍ജി കോടതി തള്ളിയാല്‍ തന്നെ ദയാഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ പവന് ഗുപ്തയ്ക്ക് അവകാശമുണ്ട്. ദയാഹര്‍ജി നല്കിയാല് വീണ്ടും പതിനാല് ദിവസം കഴിഞ്ഞതിന് ശേഷമേ വധശിക്ഷ നടപ്പാക്കാന്‍ സാധിക്കൂ. പ്രതികളുടെ വധശിക്ഷ ഒന്നിച്ച് നടപ്പാക്കേണ്ടതിനാല്‍ മാര്‍ച്ച് 20 ലേക്ക് വധശിക്ഷ നീണ്ടുപോകാനാണ് സാധ്യത.
അതേസമയം പവന് ഗുപ്ത നല്കിയ തിരുത്തല്‍ ഹര്‍ജിയില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നാണ് വിവരം.