ന്യൂഡല്‍ഹി: വ്യോമസേന ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസില്‍ വിഘടനവാദി നേതാവ് യാസിന് മാലിക്കിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് പ്രാഥമികമായി തന്നെ മതിയായ തെളിവുകള്‍ ഉണ്ടെന്ന് ജമ്മു ടാഡാ കോടതി.നിരോധിത ഭീകരസംഘടനയായ ജമ്മു കാശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ യാസിന് മാലിക്കിനെതിരെ കേസ് ചാര്‍ജ് ചെയ്യാന്‍ കോടതി അനുമതി നല്‍കുമെന്നാണ് സൂചന. ഇപ്പോള്‍ തീഹാര്‍ ജയിലില്‍ തടവിലാണ് യാസിന്‍മാലിക്.
ഭീകരവാദത്തിനായി പണം കണ്ടെത്തി നല്‍കിയെന്ന കേസില്‍ എന്‍ഫോഴ്മെന്റും പോലീസും ചുമത്തിയിട്ടുള്ള കേസുകളില്‍ വിചാരണത്തടവുകാരനായാണ് യാസിന് മാലിക് തിഹാര്‍ ജയിലില്‍ക്കിടക്കുന്നത്. 1989ല്‍ അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയ്യിദിന്റെ മകള്‍ റുബ്ബയ്യയെ തട്ടിക്കൊണ്ടുപോയ കേസിലും യാസിന് മാലിക് പ്രതിയാണ്.
മുപ്പതുകൊല്ലം മുന്‍പ് 1990 ജനുവരി 25ആം തീയതി റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി കാശ്മീരിലെ ജനങ്ങളും സൈന്യവും ഒരുങ്ങുമ്പോഴാണ് കാറിലെത്തിയ കുറച്ചു ഭീകരര്‍ ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ വച്ച് ഇന്ത്യന്‍ വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്കെതിരെ വെടിയുതിര്‍ത്തത്. നാലു ഉദ്യോഗസ്ഥരാണ് അന്ന് വീരമൃത്യു വരിച്ചത്.വെടിയുതിര്‍ത്തത് യാസിന് മാലിക് ആണെന്ന് അന്നുതന്നെ ദൃക്സാക്ഷി മൊഴികള്‍ ഉണ്ടായിരുന്നു.