കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചു. പ്രതികളെ ജയിലിൽ എത്തിക്കുന്നതിന് മുൻപ് തന്നെ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ സ്ഥലത്തുണ്ടായിരുന്നു. ജയിലിന് മുൻപിൽ മുദ്രാവാക്യം വിളിച്ച് സിപിഎം പ്രവർത്തകരും കാത്തുനിന്നു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ അടക്കമുള്ള മുഴുവൻ പ്രതികളെയും ജയിലിലേക്ക് മാറ്റാൻ എത്തിച്ചപ്പോൾ അവിടെ സന്നിഹിതനായിരുന്ന പി ജയരാജൻ അവർക്ക് പുസ്തകങ്ങൾ കൈമാറി. ശിക്ഷിക്കപ്പെട്ട എല്ലാ പ്രതികളെയും കണ്ട് സമാശ്വസിപ്പിച്ച ജയരാജൻ അവർക്ക് പിന്തുണ അറിയിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസുകാരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരും ഗൂഢാലോചന നടത്തിയവരുമായ പ്രതികളെയാണ് കോടതി ശിക്ഷിച്ചത്. ഇവർക്ക് പിന്തുണ അറിയിക്കാൻ മുതിർന്ന് സിപിഎം നേതാവ് തന്നെ ജയിലിൽ എത്തിയെന്നത് നീതിന്യായ വ്യവസ്ഥയെ പോലും വെല്ലുവിളിക്കുന്നതിന് തുല്യമാണെന്ന വിമർശനങ്ങൾക്ക് ചെവികൊള്ളാതെയാണ് ജയരാജന്റെ നീക്കം.
സിപിഎം കാസർകോട് ജില്ലാ സെക്രട്ടറി കെവി കുഞ്ഞിരാമൻ, സിപിഎം ഏരിയാ സെക്രട്ടറി ആയിരുന്ന, ജില്ലാ കമ്മിറ്റി അംഗമായ മണികണ്ഠൻ എന്നിവരടക്കമുള്ള അഞ്ച് സഖാക്കളെയും കണ്ട് സംസാരിച്ചുവെന്ന് പി ജയരാജൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
“അവർക്ക് എന്റെയൊരു പുസ്തകം കൊടുത്തു. ജയിൽ ജീവിതമെന്നത് കമ്യൂണിസ്റ്റുകാരെ സംബന്ധിച്ച് വായിക്കാനുള്ള അവസരം കൂടിയാണ്. അവർ നല്ല വായനക്കാരാണ്. ജയിലിനകത്ത് വായിച്ച് അവർ പ്രബുദ്ധരാകും. കമ്യൂണിസ്റ്റുകാരെ തടവറ കാട്ടി പേടിപ്പിക്കാമെന്ന് ആരും കരുതണ്ട, അതിനുള്ള ശ്രമം വിജയിക്കില്ല. തടവറകൾ കമ്യൂണിസ്റ്റുകാർക്ക് പറഞ്ഞുവച്ചിട്ടുള്ള കാര്യമാണല്ലോ..
വിധി വന്നു, അവർ നിലവിൽ ജയിലിലാണ്, നിയമപോരാട്ടത്തിന്റെ വഴി അവർക്കുണ്ട്. ഇത്തരം വിധികൾ പലപ്പോഴും മേൽക്കോടതിയിൽ എത്തുമ്പോൾ മാറിയിട്ടുണ്ട്. നിരപരാധികളാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതിനുള്ള അവസരം വിനിയോഗിക്കുമെന്നാണ് പ്രതികളായ സഖാക്കൾ പറഞ്ഞിട്ടുള്ളത്. അതനുസരിച്ച് മുന്നോട്ടുപോകും.
രാഷ്‌ട്രീയ കൊലപാതകങ്ങൾ അവസാനപ്പിക്കണമെന്നാണ് സിപിഎമ്മും ആഗ്രഹിക്കുന്നത്. പക്ഷെ ഞങ്ങളുടെ ആഗ്രഹത്തിന് ഉപരിയായി ഒട്ടേറെ അക്രമസംഭവങ്ങൾ ഇവിടെ നടക്കുന്നു. എന്നാൽ കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരമാണ് പിടിപെട്ടിരിക്കുന്നത്.
എൽഡിഎഫ് ഭരിക്കുന്ന കഴിഞ്ഞ എട്ട് വർഷമായി സംസ്ഥാനത്ത് വർഗീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ മാദ്ധ്യമങ്ങൾക്ക് മാർക്സിസ്റ്റ് വിരുദ്ധ ജ്വരം ബാധിച്ചതിനാൽ ഇതൊന്നും കാണുന്നില്ല. കേരളത്തിൽ കമ്യൂണിസ്റ്റുകാർ, ഡിവൈഎഫ്ഐക്കാർ, എസ്എഫ്ഐക്കാർ എന്നിവരെല്ലാം നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. ആ സമയത്തൊക്കെ മാദ്ധ്യമങ്ങളുടെ ധർമബോധം കാശിക്ക് പോയിരുന്നോ?” പി ജയരാജൻ പറഞ്ഞു.
സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിലിലേക്ക് പോകുന്നവർക്ക് പിന്തുണ അറിയിക്കുന്ന ലാഘവത്തോടെ കൊലക്കേസ് പ്രതികളെ പി ജയരാജൻ ചേർത്തുപിടിച്ചുവെന്നാണ് വിമർശനം.