ലക്‌നൗ: രാജ്യതലസ്ഥാനത്തിന്റെ മുഖഛായ മാറ്റിയാണ് നമോ ഭാരത് ട്രെയിൻ പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. നമോ ഭാരതിനൊപ്പം കുതിച്ചത് രാജ്യത്തിന്റെ അഭിമാനം കൂടിയായിരുന്നു. ഭൂഗർഭ പാതയിലൂടെയുള്ള ട്രെയിൻ യാത്ര അനുഭവിച്ചറിയാൻ നിരവധി സ്‌കൂൾ വിദ്യാർത്ഥികളുമെത്തി. ഇവരുമായി പ്രധാനമന്ത്രി സംവദിച്ചു.
നമോ ഭാരത് റെയിൽവേ ലൈനിന്റെ ഉദ്ഘാടനവേളയിലായിരുന്നു പ്രധാനമന്ത്രിയുമായുള്ള കുട്ടികളുടെ കൂടിക്കാഴ്ച. പ്രധാനമന്ത്രിക്ക് അവർ രേഖാ ചിത്രങ്ങളും കവിതകളും സമ്മാനമായി കൈമാറി. സ്മാർട്ട് ടിക്കറ്റെടുത്ത് നമോ ഭാരത് ട്രെയിനിൽ യാത്ര ചെയ്ത പ്രധാനമന്ത്രി മറ്റ് യാത്രക്കാരുമായും സംവദിച്ചു.
രാജ്യതലസ്ഥാനത്തേക്കുള്ള അതിവേഗ മൊബിലിറ്റി സൗകര്യങ്ങൾ തുറന്നിടുന്നതിനുള്ള പുതിയ യുഗം കുറിച്ചിരിക്കുകയാണ് നമോ ഭാരത് ട്രെയിൻ സർവീസിലൂടെ കേന്ദ്രസർക്കാർ. അശോക് നഗറിനും സാഹിബാബാദിനും ഇടയിലുള്ള 13 കിലോമീറ്റർ ദൂരമാണ് നമോ ഭാരത് കോറിഡോറിന്റെ ഡൽഹി സെക്ഷനിലുള്ളത്. ഇതിൽ ആനന്ദ് വിഹാർ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ ഭൂഗർഭ പാതയാണ്. 6 കിലോമീറ്റർ ദൂരത്തോളം ഭൂഗർഭ പാതയിലൂടെ ട്രെയിൻ സർവീസ് നടത്തും.
15 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകൾ സർവീസ് നടത്തുക. ന്യൂ അശോക് നഗറിൽ നിന്നും മീററ്റ് സൗത്തിലേക്കുള്ള സ്റ്റാൻഡേർഡ് കോച്ചിന്റെ നിരക്ക് 150 രൂപയും പ്രീമിയം കോച്ചിന്റെ നിരക്ക് 225 രൂപയുമാണ്. ഞായറാഴ്ച (ഇന്ന്) 5 മണി മുതൽ ജനങ്ങൾക്ക് നമോ ഭാരത് ട്രെയിനിൽ സർവീസ് നടത്താനാകും. സാഹിബാബാദിനും ദുഹായ്‌ക്കും ഇടയിലുള്ള 17 കിലോമീറ്റർ വരുന്ന സെക്ഷൻ കഴിഞ്ഞ വർഷം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു.