ലണ്ടന്‍: ലോക അത്‌ലറ്റിക്‌സിലെ അതിശയതാരങ്ങളിലൊരാളായ കാസ്റ്റര്‍ സെമെന്യ ട്രാക്ക് ഇനത്തില്‍ ചുവടുമാറ്റുകയാണ്. സ്ഥിരം മത്സരിച്ചുകൊണ്ടിരുന്ന 800 മീറ്ററില്‍ നിന്ന് 200 മീറ്ററിലേക്കാണ് മാറാന്‍ തീരുമാനിച്ചിരിക്കുന്നത്. താനൊരു അമാനുഷിക താരമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന സെമെന്യ ലിംഗനിര്‍ണ്ണയ പ്രശ്‌നത്താലാണ് ശ്രദ്ധ നേടിയത്. ലോക അത്‌ലറ്റിക്‌സിലെ വനിതാ വിഭാഗത്തില്‍നിന്ന് ഇതുമൂലം ശക്തമായ എതിര്‍പ്പുകളാണ് സെമെന്യ നേരിടുന്നത്.
29 കാരിയായ സെമെന്യക്ക് അന്താരാഷ്‌ട്ര ചട്ടമനുസരിച്ചും 400മീറ്ററിനും ഒരു മൈലിനും ഇടയിലുള്ള മത്സരങ്ങള്‍ക്ക് പങ്കെടുക്കാന്‍ നിലവില്‍ വിലക്കുണ്ട്. ചില മരുന്നുകള്‍ ഹോര്‍മോണ്‍ നിയന്ത്രണത്തിന് തനിക്കാവശ്യമാണെന്ന സെമെന്യയുടെ ശാരീരികാവസ്ഥയാണ് മത്സരത്തില്‍ നിന്നും വിലക്കുന്നത്. ഹോര്‍മോണ്‍ സന്തുലനത്തിനായി കഴിക്കുന്ന മരുന്നുകള്‍ ഡോപ്പിംഗ് ഏജന്‍സികളുടെ നിരോധിത പട്ടികയില്‍ ഉള്ളതാണ് സെമെന്യ നേരിടുന്ന വെല്ലുവിളി. നിലവില്‍ 800 മീറ്ററിലെ മൂന്നു തവണ ലോകചാമ്പ്യനാണ് കാസ്റ്റര്‍ സെമെന്യ എന്ന ആഫ്രിക്കന്‍ താരം.
എന്നാല്‍ 400 ന് താഴെയുള്ള ഇനങ്ങളില്‍ ഓടുന്നതിന് ശാരീരിക പ്രശ്‌നങ്ങളില്ലാത്തതിനാലും അന്താരാഷ്‌ട്ര നിയമങ്ങള്‍ തടസ്സമാകാത്തതും അനുകൂലമാക്കിയാണ് സെമെന്യ ഇനം മാറ്റുന്നത്. പരീക്ഷണാര്‍ത്ഥം രണ്ടുദിവസം മുമ്പ് പ്രിട്ടോറിയയില്‍ 200 മീറ്റര്‍ ഇനത്തില്‍ 23.49 സെക്കന്റിലാണ് ഓട്ടം പൂര്‍ത്തിയാക്കിയത്. ഇത് ഒളിമ്പിക്‌സിന് യോഗ്യതക്കായുള്ള സമയത്തേക്കാള്‍ -0.69 സെക്കന്റ് കുറവാണെന്നത് സെമെന്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിരിക്കുകയാണ്.















