ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം പി.കെ.ബാനര്‍ജി തനിക്ക് പിതൃതുല്യ നായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ബയ്ചൂംഗ് ബൂട്ടിയ . അദ്ദേഹത്തിന് കീഴില്‍ കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നും പറഞ്ഞ ബൂട്ടിയ തന്റെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ അദ്ദേഹം പരിശീലകനായിരിക്കേയായിരുന്നെന്നും ഓര്‍മ്മിച്ചു.
കൊല്‍ക്കത്തയില്‍ ഇന്നാണ് പി.കെ.ബാനര്‍ജി എന്ന ഫുട്‌ബോള്‍ ഇതിഹാസം അന്തരിച്ചത്. ബാനര്‍ജിയുടെ കഴിവുകള്‍ നേരിട്ടനുഭവിച്ച അനുഭവം ലോക ഫുട്‌ബോള്‍ ഇതിഹാസം പെലെ പോലും പലപ്പോഴും പരാമര്‍ശിച്ചിരുന്നു. 1997 ഫെഡറേഷന്‍ കപ്പില്‍ ബാനര്‍ജിയുടെ ഈസ്റ്റ് ബംഗാള്‍ ഒന്നിനെതിരെ നാലുഗോളുകള്‍ക്കാണ് മോഗന്‍ ബഗാനെ തകര്‍ത്തത്. അന്ന് ഒന്നര ലക്ഷം കാണികള്‍ക്ക് മുന്നില്‍ തനിക്ക് ഹാട്രിക് നേട്ടം കൊയ്യാനായത് ബാനര്‍ജിയുടെ ശക്തമായ പ്രേരണമൂലമാണെന്നും ബൂട്ടിയ വ്യക്തമാക്കി.
‘എന്റെ ഏറ്റവും മികച്ച പ്രകടനം അദ്ദേഹത്തിന്റെ കീഴിലായിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളിന് ഒരു തീരാ നഷ്ടമാണ് പി.കെ.ബാനര്‍ജിയുടെ ദേഹവിയോഗം. ഇന്ത്യ കണ്ട ഏറ്റവും മികച്ച താരവും പരിശീലകനും ബാനര്‍ജിയായിരുന്നു’ ബൂട്ടിയ അനുസ്മരിച്ചു.















