മാഡ്രിഡ്: കൊറോണ ബാധയില്‍ ഫുട്‌ബോള്‍ രംഗത്തെ ആദ്യ മരണം സ്‌പെയിനില്‍ നിന്ന്. റയല്‍ മാഡ്രിഡ് മുന്‍ പ്രസിഡന്റ് ലോറന്‍സ് സാന്‍സ് ഡയസാണ് കൊറോണാ ബാധിതനായി മരണത്തിന് കീഴടങ്ങിയിട്ടുള്ളത്. തന്റെ 76-ാം വയസ്സിലാണ് ഡയസ് അന്തരിച്ചത്. സ്പാനിഷ് ലീഗിലെ വമ്പന്‍ ക്ലബ്ബായ റയലിന്റെ നേതൃസ്ഥാനത്ത് 1995 മുതല്‍ 2000 വരെ അഞ്ചുവര്‍ഷം ഡയസ് കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നു.
രണ്ടുതവണ ക്ലബ്ബ് ചാമ്പ്യന്‍സ് ലീഗ് നേടിയത് ഡയസിന്റെ കാലയളവിലാണ്. മകന്‍ ലോറന്‍സ് സാന്‍സ് ജൂനിയറാണ് മരണവിവരം ലോകത്തെ അറിയിച്ചത്. അച്ഛന്റെ കളിത്തട്ടില്‍ നിന്ന് തികച്ചും വ്യത്യസ്തമായി ബാസ്‌ക്കറ്റ്‌ബോള്‍ രംഗത്താണ് സാന്‍സ് ജൂനിയര്‍ കളിക്കുന്നത്. സ്‌പെയിനില്‍ നിലവില്‍ 1400നടുത്ത് ആളുകള്‍ കൊറോണ ബാധയേറ്റ് മരിച്ചവരില്‍ ഡയസും ഉള്‍പ്പെട്ടു. മാഡ്രിഡ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
നിലവില്‍ മാഡ്രിഡ് ക്ലബ്ബംഗങ്ങളായ സെര്‍ജിയോ റാമോസും മറ്റ് ടീമംഗങ്ങളും നിര്‍ബന്ധിത ക്വാറന്റൈനില്‍ വീടുകളിലാണ്. അകലെയിരുന്ന് തങ്ങളുടെ അധ്യക്ഷന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാനേ സാധിക്കുന്നുള്ളു എന്ന കടുത്ത ദുഖത്തിലുമാണ് എല്ലാ ടീമംഗങ്ങളും.















