ലക്നൗ: ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ എത്തിച്ച് നല്‍കുമെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സംസ്ഥാനത്തെ എല്ലാവര്ക്കും റേഷന്‍ വിതരണം ഉറപ്പാക്കാന്‍ ജില്ലാ അധികാരികള്‍ക്കും മറ്റ് വകുപ്പുകള്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്കി. ഇതിനായി അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റിയ്ക്കും രൂപം നല്‍കിയിട്ടുണ്ട്.
ഭക്ഷ്യ വസ്തുക്കളുടെ വിതരണം തടസപ്പെടുത്തരുതെന്ന് പൊലീസ് കമ്മീഷണര്‍മാര്‍ക്കും ഡിഎംഒമാര്‍ക്കും ഡിവിഷണല്‍ കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ഭക്ഷ്യ വിതരണം സുഗമമായി നടത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ ഭരണത്തോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇ- റിക്ഷകള്‍, ഓട്ടോറിക്ഷകള്‍, പിക് അപ്പ് വാനുകള്‍ എന്നിവയെ ഭക്ഷ്യ വിതരണം ഉറപ്പാക്കുന്നതിനായി ക്രമീകരിക്കണം. ഭക്ഷ്യ സാധനങ്ങള്‍ വീട്ടു പടിക്കല്‍ എത്തിക്കുമ്പോള്‍ വിലയുമായി ബന്ധപ്പെട്ട് പ്രശ്നമൊന്നുമില്ലെന്ന് ഉറപ്പാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കമ്മ്യൂണിറ്റ് അടുക്കള ആരംഭിക്കാനും അഗ്രികള്‍ച്ചര്‍ പ്രൊഡക്ഷന്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ രൂപീകരിച്ച കമ്മിറ്റിയോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഹോട്ടലുകളും ഫാസ്റ്റ്ഫുഡ് നിര്‍മ്മാതാക്കളും ചാരിറ്റബിള്‍ സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഗുരുദ്വാരകളും ഉച്ച ഭക്ഷണ ശാലകളും കഴിയുമെങ്കില്‍ തൊഴിലാളികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യണം.