ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള വസ്തുനിഷ്ടമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന് സംസ്ഥാനങ്ങള്‍ സംവിധാനങ്ങളൊരുക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയാണ് ഈ ആവശ്യം ഉന്നയിച്ചത്.
കൊറോണ ബാധിതരുടെ എണ്ണം സംബന്ധിച്ചും മറ്റും വ്യാജ പ്രചാരണങ്ങള്‍ നടക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം ഈ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. എല്ലാ സംസ്ഥാനങ്ങളും ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ കൃത്യമായി ഉടന്‍ ചെയ്യണമെന്ന് അജയ് ഭല്ല ചീഫ് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.
രാജ്യത്തെ കൊറോണ വ്യാപനം സംബന്ധിച്ച് വിവരങ്ങള്‍ക്ക് കേന്ദ്രം വെബ് പോര്‍ട്ടല്‍ തുടങ്ങിയിരുന്നു. കൂടാതെ കൈാറോണ വൈറസിനെ കുറിച്ചുള്ള വാര്‍ത്തകള്‍ അറിയിക്കാന്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടും തുടങ്ങിയിട്ടുണ്ട്. #IndiaFightsCorona എന്ന പേരിലുള്ള വൈരിഫൈഡ് പേജില്‍ @COVIDNewsby MIB എന്ന ട്വിറ്റര്‍ ഐടിയാണ് ഉപയോഗിക്കുന്നത്.
കൊറോണ മഹാമാരിയെ കുറിച്ച് അറിയാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറുകളാണ് ഈ പേജില്‍ ആദ്യം ട്വീറ്റ് ചെയ്തത്. കൊറോണ വൈറസിനെ സംബന്ധിച്ചുള്ള ആധികാരികമായ വിവരങ്ങള്‍ക്ക് @COVIDNewsby MIB പിന്തുടരുകയെന്നും അക്കൗണ്ടില്‍ കുറിച്ചിട്ടുണ്ട്.