ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കൊറോണ വൈറസ് ട്രാക്കർ ആപ്ലിക്കേഷന്‍ മികച്ച പ്രതികരണം. ‘ആരോഗ്യ സേതു’ എന്ന പേരില്‍ പുറത്തിറക്കിയ ആപ്ലിക്കേഷന്‍ ഒറ്റ ദിവസം കൊണ്ട് 10 ലക്ഷത്തിലധികം ആളുകളാണ് ഡൗൺലോഡ് ചെയ്തത്. ആൻഡ്രോയിഡിലും ഐഓഎസ്സിലും ലഭ്യമായ ആപ്ലിക്കേഷന്റെ ആൻഡ്രോയിഡ് വേർഷന്റെ മാത്രം ഡൗൺലോഡ് ആണ് 10 ലക്ഷം.
നിങ്ങൾ ഒരു കൊറോണ വൈറസ് ബാധിതനായ വ്യക്തിയുടെ സമീപത്ത് പോയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സ്മാർട്ട്ഫോണിന്റെ ലൊക്കേഷൻ ഡാറ്റയും ബ്ലൂടൂത്തും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ആപ്പാണ് ഇത്. ഇന്ത്യയിലുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട കൊറോണ പോസിറ്റീവ് കേസുകളുടെ ഡാറ്റാബേസ് പരിശോധിച്ച് നിങ്ങൾക്ക് വൈറസ് ബാധയുണ്ടാവാൻ സാധ്യതയുണ്ടോ എന്ന് കണ്ടെത്താൻ ആരോഗ്യ സേതു സഹായിക്കും.
നിങ്ങൾ കൊറണ വൈറസ് ബാധ അധികം ഉള്ള പ്രദേശത്താണ് നിൽക്കുന്നതെങ്കിൽ, നിങ്ങളുടെ സമീപത്ത് കൊവിഡ് ബാധിച്ച ആളുകൾ എത്തിയിട്ടുണ്ടെങ്കിൽ അടുത്തുള്ള ഒരു പരിശോധന കേന്ദ്രത്തിൽ നിങ്ങളുടെ പരിശോധനയ്ക്കായി അപ്പോയിൻമെന്റ് ഷെഡ്യൂൾ ചെയ്യാനും പരിശോധനയ്ക്ക് പോകാനും ആപ്പ് നിദ്ദേശിക്കും.
കൊറോണ വൈറസിനെക്കുറിച്ചുള്ള നിങ്ങളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും നിങ്ങൾക്ക് ലക്ഷണങ്ങളുണ്ടോ ഇല്ലയോ എന്ന് നിർണ്ണയിക്കുകയും ചെയ്യുന്ന ഒരു ചാറ്റ്ബോട്ടും ആരോഗ്യ സേതുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വൈറസുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ, ഈ അവസരത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, ഉപദേശങ്ങൾ എന്നിവയെല്ലാം അപ്ലിക്കേഷനിൽ ഉണ്ട്.















