കഴിഞ്ഞ രണ്ട് ദിവസമായി നാം കേൾക്കുന്ന ഒരു കാര്യമാണ് ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്ക് ശേഷം വാഹനങ്ങൾ പുറത്തിറക്കുന്നതിന് ഒറ്റ, ഇരട്ട അക്ക ക്രമീകരണം ഏർപ്പെടുത്തുമെന്ന്. എന്നാൽ എന്താണ് ഈ ക്രമീകരണമെന്ന അന്വേഷണത്തിലാണ് പലരും. ഇതിനോടകം നിരവധിയാളുകൾ ഇക്കാര്യം ഗൂഗിളിൽ തിരയുകയും ചെയ്തു കഴിഞ്ഞു.
ഒറ്റ, ഇരട്ട അക്കങ്ങളിൽ അവസാനിക്കുന്ന നമ്പറുകളുള്ള വാഹനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ ഓടാൻ അനുവദിക്കുന്ന രീതിയാണിത്. ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും പുറത്തിറങ്ങാം.
നിങ്ങളുടെ വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ 1, 3, 5, 7, 9 എന്നീ അക്കങ്ങളിലാണ് അവസാനിക്കുന്നതെങ്കിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ നിങ്ങളുടെ വാഹനവുമായി സർക്കാർ നിദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പുറത്ത് പോകാം. 2, 4, 6, 8, 0 എന്നീ അക്കങ്ങളിലാണ് അവസാനിക്കുന്നതെങ്കിൽ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വാഹനവുമായി പുറത്ത് പോകാം. ഉദാഹരണത്തിന് നിങ്ങളുടെ വാഹനത്തിന്റെ നമ്പർ KL 30 K 2257 ആണെങ്കിൽ നിങ്ങൾക്ക് പുറത്ത് പോകാനാവുക തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാകും. എന്നാൽ നിങ്ങളുടെ വാഹനത്തിന്റെ നമ്പർ KL 30 K 2258 ആണെങ്കിൽ നിങ്ങൾക്ക് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാകും പുറത്തിറങ്ങാനാകുക.
അന്തരീക്ഷ മലീനികരണത്തിന്റെ തോത് ഉയർന്നതിനെ തുടർന്ന് അത് കുറയ്ക്കുന്നതിനായി ഡൽഹിയിലാണ് രാജ്യത്ത് ആദ്യമായി ഒറ്റ ഇരട്ട നമ്പർ ക്രമീകരണം കൊണ്ടുവന്നത്. റോഡിലെ വാഹനങ്ങളുടെ എണ്ണം പകുതിയായി കുറിക്കുകയായിരുന്നു ലക്ഷ്യം അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ഡൽഹിയിൽ തീയതികൾ വച്ചായിരുന്നു ഇത് നടപ്പിലാക്കിയത്. ഒറ്റ സംഖ്യ തീയതികളിൽ ഒറ്റ സംഖ്യയിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങളും ഇരട്ട സംഖ്യ തീയതികളിൽ ഇരട്ട സംഖ്യയിൽ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങൾക്കുമായിരുന്നു അന്ന് റോഡിലിറങ്ങാൻ അനുമതി നൽകിയിരുന്നത്.