പാരീസ്: ഫ്രാന്‍സിന്റെ ഫുട്‌ബോള്‍ ലീഗ് സമാപിപ്പിച്ചു. പിഎസ്ജി ക്ലബ്ബിനെ ജേതാക്കളായി പ്രഖ്യാപിച്ചു. കൊറോണ ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ഉടന്‍ മത്സരങ്ങള്‍ നടക്കില്ലെന്നതിനാലാണ് ജേതാക്കളെ പ്രഖ്യാപിച്ചുകൊണ്ട് ലീഗിന് സമാപനം കുറിച്ചതെന്ന് ലീഗ് അധികൃതര്‍ അറിയിച്ചു. ഫ്രഞ്ച് ലീഗായ എല്‍ എഫ് പി യില്‍ നിലവില്‍ രണ്ടാമത്തെ ടീമായ ഒളിമ്പിക്വേ ഡീ മാര്‍സെല്ലിയുമായി 12 പോയിന്റുകളുടെ വ്യത്യാസത്തിലാണ് ജേതാക്കളായ പിഎസ്ജി ഉണ്ടായിരുന്നത്. കൊറോണ കാരണം നടക്കാനിരുന്ന 10 മത്സരങ്ങളാണ് റദ്ദാക്കിയത്.
നിലവില്‍ ചില ക്ലബ്ബുകള്‍ 27 മത്സരങ്ങളും ചിലത് 28 മത്സരങ്ങളും പൂര്‍ത്തിയാക്കിയിരുന്നു. കളിമികവിന് നല്‍കുന്ന പെര്‍ഫോര്‍മന്‍സ് ഇന്‍ഡക്‌സ് അനുസരിച്ച് പിഎസ്ജിക്ക് സീസണില്‍ 2.50 ഇന്‍ഡക്‌സ് പോയിന്റും ഒളിമ്പിക്വേയ്‌ക്ക് 2 പോയിന്റുംമാണ് ലഭിച്ചത്. യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് പോരാട്ടത്തിന് മാര്‍സെല്ലിയും റെന്നെസ് ക്ലബ്ബും യോഗ്യത നേടിക്കഴിഞ്ഞു.
അടുത്ത സീസണ്‍ അടച്ചിട്ട സ്‌റ്റേഡിയത്തിലായാലും ആഗസ്റ്റ് മാസം 22നാരംഭിക്കാനാണ് ഫ്രഞ്ച് ലീഗ് അധികൃതരുടെ തീരുമാനം. നിലവില്‍ യുവേഫയുടെ തീരുമാനമനുസരിച്ച് ലീഗ് മത്സരം ബാക്കിയുള്ളത് പൂര്‍ത്തിയാക്കുന്ന തീയതികള്‍ മെയ് 25ന് മുന്‍പ് അറിയിക്കണ മായിരുന്നു. അതിനിടെയാണ് ബാക്കി മത്സരങ്ങളൊന്നും ഇനി നടത്തേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയതെന്നും എല്‍എഫ്പി അധികൃതര്‍ അറിയിച്ചു.















