ന്യൂഡല്‍ഹി: ധോണിക്ക് പ്രശംസയുമായി മുന്‍ താരം ഗൗതം ഗംഭീര്‍. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ വിരാട് കോഹ് ലിക്കും രോഹിത് ശര്‍മ്മക്കും തിളങ്ങാനും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനും സാധിച്ചത് ധോണിയുടെ ശക്തമായ സാന്നിധ്യമായിരുന്നുവെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ വ്യക്തമാക്കി. ഇനി വിരാട് കോഹ്ലിയുടേയുടേയും രോഹിത് ശര്‍മ്മയുടേയും കാലമാണ്. ഇവര്‍ നിലവിലെ പുതിയ കളിക്കാരായ സഞ്ജു സാംസണിനും ശുഭ്മാന്‍ ഗില്ലിനുംതാങ്ങും തണലുമായി നില്‍ക്കുകയാണ് വേണ്ടതെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു.

‘ ലോകക്രിക്കറ്റില്‍ ധോണി അതിഗംഭീരമായ പ്രകടനത്തോടെ നില്‍ക്കുമ്പോള്‍ ടീമിലെത്തി യവരാണ് കോഹ്ലിയും രോഹിതും. അവരെ ധോണി നല്ല ശ്രദ്ധയോടെ പരിപാലിച്ചതിന്റെ ഗുണമാണ് ഇന്ന് ടീം ഇന്ത്യക്ക് ലഭിക്കുന്നത്. കളിക്കളത്തില്‍ ധോണിയില്‍ നിന്നും ലഭിക്കുന്ന ഊര്‍ജ്ജം അത്ര വലുതായിരുന്നു. കോഹ് ലി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായി മാറി. മികച്ച ക്യാപ്റ്റനുമായിക്കഴിഞ്ഞു. രോഹിതാകട്ടെ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ സമാനത കളില്ലാത്ത ബാറ്റ്‌സ്മാനും ഹിറ്ററുമാണ്. ഏകദിനത്തില്‍ 3 ഇരട്ട സെഞ്ച്വറികള്‍ നേടിയ മറ്റൊരു താരവുമില്ല. ഒപ്പം ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ താരമെന്ന നേട്ടവും രോഹിതിന് മാത്രം അവകാശപ്പെട്ടതാണ്. ഇനി ഇവര്‍ പുതിയതാരങ്ങളെ ചേര്‍ത്തുപിടിച്ചു വളര്‍ത്തേണ്ട സമയമാണ്.’ ഗംഭീര്‍ വ്യക്തമാക്കി.
രോഹിതിനേയും വിരാടിനേയും താരതമ്യം ചെയ്യാനാകില്ല. പക്ഷെ വിരാട് ലോകക്രിക്കറ്റിലെ അസാമാന്യ പ്രതിഭയായിക്കഴിഞ്ഞു. എന്നാല്‍ രോഹിത് കളിക്കളത്തിലുണ്ടാക്കുന്ന തരംഗം അതൊന്ന് വേറെ തന്നെയാണ്. ഇരുവരുടേയും തുടക്കകാലഘട്ടത്തില്‍ ധോണി നിരന്തരം സംസാരിച്ചും തന്ത്രങ്ങള്‍ പഠിപ്പിച്ചും നല്‍കിയ പിന്തുണ അതൊരിക്കലും നിഷേധി ക്കാനാവില്ലെന്നും ഗംഭീര്‍ ഓര്‍മ്മിപ്പിച്ചു.















