മിലാന്‍: ഇറ്റാലിയന്‍ ലീഗിലെ ടീമില്‍ കൊറോണ ബാധിതര്‍. ഫിയോറന്റീന ക്ലബ്ബിലെ മൂന്ന് താരങ്ങള്‍ക്കും സഹായികള്‍ക്കുമാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഈ ആഴ്ച മുതല്‍ പരിശീലനം തുടരാന്‍ ഭരണകൂടം അനുമതി നല്‍കിയതിന് പിന്നാലെയാണ് കളിക്കാര്‍ക്കും ജീവനക്കാര്‍ക്കും കൊറോണ സ്ഥിരീകരിച്ചത്. നിലവില്‍ കളിക്കാരേയും ജിവനക്കാരേയും ക്വാറന്റൈനിലാക്കിയിരിക്കുകയാണ്.
ടോറിനോ ക്ലബ്ബിന്റെ ഒരു താരത്തിനും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റ് കളിക്കാരുടെ ആരോഗ്യ പരിശോധനകള്‍ നടന്നുവരികയാണെന്ന് ഫിയോറന്റീനാ ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. ഏത് താരങ്ങള്‍ക്കാണ് കൊറോണ പോസിറ്റീവായതെന്ന വിവരം ക്ലബ്ബ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇറ്റലി 8 ആഴ്ചത്തെ ലോക്ഡൗണ്‍ നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ജര്‍മ്മനിയുടെ ലീഗ് 16-ാം തീയതി മത്സരങ്ങളോട് കൂടി തുടങ്ങാന്‍ തീരുമാനിച്ചിരുന്നു. അടച്ചിട്ട സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. ഇറ്റാലിയന്‍ ലീഗിന്റെ മത്സരം എന്ന് തുടങ്ങുമെന്ന് ഇതുവരെ ലാ ലീഗാ സംഘാടകര്‍ അറിയിച്ചിട്ടില്ല.















