അഹമ്മദാബാദ്: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രോഗബാധിതനാണെന്ന വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നാലു പേര് അറസ്റ്റില്‍. അമിത് ഷായുടെ പേരിലുള്ള വ്യാജ ട്വീറ്റ് പ്രചരിപ്പിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. അഹമ്മദാബാദില്‍ നിന്നാണ് ഇവര്‍ പിടിയിലായതെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം മുതലാണ് അമിത് ഷായ്ക്ക് ക്യാന്സറാണെന്ന തരത്തിലുള്ള വ്യാജട്വീറ്റുകളും സ്ക്രീന്‍ ഷോട്ടുകളും സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചത്. അമിത് ഷായുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ള ട്വീറ്റ് എന്ന വ്യാജേനയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഇവ പ്രചരിച്ചിരുന്നത്. തനിക്ക് ക്യാന്‍സറാണെന്നും മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ ഉള്‍പ്പെടെ തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നുമായിരുന്നു ട്വീറ്റില്‍ ഉണ്ടായിരുന്നത്.
സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വ്യാജവാര്‍ത്ത വ്യാപകമായി പ്രചരിച്ചതോടെ അമിത് ഷാ താന്‍ ആരോഗ്യവാനാണെന്നും തനിക്ക് രോഗബാധയൊന്നും ഇല്ലെന്നും വ്യക്തമാക്കിയിരുന്നു.