ചെന്നൈ: തമിഴ്നാട്ടില്‍ തുറന്നു പ്രവര്‍ത്തിച്ച മദ്യശാലകള്‍ അടച്ചിടാനുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെ തമിഴ്നാട് സര്‍ക്കാര്‍. ഉത്തരവിനെതിരെ സര്‍ക്കാരിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന തമിഴ്നാട് സ്റ്റേറ്റ് മാര്‍ക്കറ്റിംഗ് കോര്പ്പറേഷന് സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് പൂട്ടിയ മദ്യശാലകള്‍ കഴിഞ്ഞ ദിവസം തുറന്നിരുന്നു. എന്നാല്‍ വലിയ തിക്കും തിരക്കുമാണ് മദ്യശാലകളില്‍ അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് ലോക്ക് ഡൗണ്‍ കാലാവധി കഴിയുന്നതുവരെ മദ്യ വില്‍പ്പന ശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കരുതെന്നാണ് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടത്. അതുവരെ ഓണ്‍ലൈന്‍ വഴി മദ്യ വില്‍പ്പന നടത്താനും കോടതി അനുമതി നല്‍കിയിട്ടുണ്ട്.
മദ്യശാലകളില്‍ സാമൂഹിക അകലം പാലിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ഇത് പാലിക്കപ്പെടാതിരുന്നതോടെ വ്യാപകമായി പരാതി ഉയര്‍ന്നിരുന്നു. മദ്യശാലകള്‍ തുറന്നതിനെതിരെ മധുരയിലും കടവൂരിലും പ്രതിഷേധവുമുയര്‍ന്നിരുന്നു. മദ്യശാലകള്‍ തുറന്ന ആദ്യ ദിനം തമിഴ്നാട്ടില്‍ 172.59 കോടി രൂപയുടെ മദ്യമാണ് വിറ്റത്.