ദുബായ്: ക്രിക്കറ്റ് മത്സരങ്ങളില്‍ ബൗളര്‍മാര്‍ പന്തില്‍ തുപ്പല് തൊട്ട് ഉരയ്ക്കുന്ന ശീലം ഐസിസി കമ്മിറ്റി വിലക്കി. എന്നാല്‍ വിയര്‍പ്പിലൂടെ കൊറോണ പകരില്ലെന്നതിനാല്‍ വിയര്‍പ്പുകൊണ്ട് പന്ത് മിനുസപ്പെടുത്താമെന്നും കമ്മിറ്റി വിലയിരുത്തി. മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പന്തില്‍ തുപ്പല് തൊടുന്നത് വിലക്കിയത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷാ സംബന്ധമായ മുന്‍കരുതലിന്റെ ഭാഗമായാണ് തീരുമാനം.
വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന യോഗത്തില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇനിമുതല്‍ ന്യൂട്രല്‍ അമ്പയറല്ലാതെ മറ്റൊരു ഉദ്യോഗസ്ഥന് കൂടി ഒരോ കളിയും നിയന്ത്രിക്കാന്‍ ഉണ്ടാകുമെന്നും പ്രത്യേകം റഫറിമാര്‍ ഉണ്ടാകുമെന്നും ഐസിസിക്ക് സമിതി ശുപാര്‍ശ ചെയ്തു. യോഗതീരുമാനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ജൂണിലെ പ്രവര്‍ത്തക സമിതി യോഗത്തില്‍ നടക്കുമെന്നും ഐസിസി അറിയിച്ചു.