ന്യൂഡല്‍ഹി: 2003 ലോകകപ്പിലെ ഓര്‍മ്മകള്‍ പങ്കുവെച്ച് മുന്‍ പാകിസ്താന്‍ പേസര്‍ ശുഐബ് അക്തര്‍. വാശിയേറിയ മത്സരത്തില്‍ സച്ചിന്റെ ബാറ്റിന്റെ ചൂടറിഞ്ഞവരില്‍ ശുഐബ് അക്തറുമുണ്ടായിരുന്നു. എന്നാല്‍, മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സച്ചിന്‍ സെഞ്ച്വറിക്ക് വെറും 2 റണ്‍സ് മാത്രമകലെ അക്തറിന്റെ ബൗണ്‍സറില്‍ പുറത്താകുകയായിരുന്നു.
‘സച്ചിന്‍ 98 റണ്‍സിന് പുറത്തായപ്പോള്‍ വലിയ വിഷമം തോന്നി. വളരെ സ്പെഷ്യലായ ഇന്നിംഗ്സായിരുന്നു അന്നു അദ്ദേഹം പുറത്തെടുത്തത്. സച്ചിന്‍ സെഞ്ച്വറി നേടണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. എന്റെ ആ ബൗണ്‍സറില്‍ സിക്സര്‍ പായിച്ച് സച്ചിന്‍ സെഞ്ച്വറി തികയ്‌ക്കുമെന്നായിരുന്നു കരുതിയത്. മുന്‍പും എന്റെ ബൗണ്‍സറുകളില്‍ അദ്ദേഹം സിക്സര്‍ നേടിയിട്ടുണ്ട്. പക്ഷേ, അന്ന് സംഭവിച്ചത് മറിച്ചായിരുന്നു’. ഹെലോ ആപ്പിന്റെ ലൈവ് സെഷനില്‍ അക്തര്‍ പറഞ്ഞു.
സച്ചിന്‍ കളിച്ച കാലഘട്ടം വളരെ ബുദ്ധിമുട്ടേറിയതാണെന്നും അതിനാലാണ് സച്ചിനേയും കോഹ്‌ലിയേയും തമ്മില്‍ താരതമ്യം ചെയ്യുന്നത് ശരിയല്ലെന്ന് പറയുന്നതെന്നും അക്തര്‍ വ്യക്തമാക്കി. ഇന്നത്തെ കാലത്താണ് സച്ചിന്‍ കളിക്കളത്തിലേക്ക് വരുന്നതെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും 1.30 ലക്ഷത്തിലധികം റണ്‍സ് എടുക്കുമായിരുന്നു എന്നും അക്തര്‍ പറഞ്ഞു. നേരത്തെ, മുന്‍ പാകിസ്താന്‍ നായകന്‍ റഷീദ് ലത്തീഫും സച്ചിനെക്കുറിച്ച് സമാനമായ ഓര്‍മ്മകള്‍ പങ്കുവെച്ചിരുന്നു. സച്ചിന്‍ പുറത്താകരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നു എന്നാണ് ലത്തീഫ് പറഞ്ഞത്.















