ന്യൂഡല്‍ഹി : കോണ്‍ഗ്രസ് വനിതാ നേതാവ് അല്‍ക്ക ലംബക്കെതിരെ എഫ്ഐആര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് അല്‍ക്ക ലംബക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലക്നൗവിലെ ഹസ്രത്ഗന്ജ് പോലീസിന്റേതാണ് നടപടി.
പ്രധാനന്ത്രിക്കും, യോഗി ആദിത്യനാഥിനുമെതിരെ മോശം പരാമര്‍ശം നടത്തിയ ലംബക്കെതിരെ ഡോ. പ്രീതി വര്‍മ്മയാണ് പരാതി നല്‍കിയത്. യോഗി ആദ്യനാഥും, പ്രധാനമന്ത്രിയും ഉത്തരവാദിത്വമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ആരോപിച്ച് ഒരു വീഡിയോ ലംബ സാമൂഹ്യ മാദ്ധ്യമത്തില്‍ പങ്കുവെച്ചിരുന്നു. ഇതില്‍ ഇരു നേതാക്കള്‍ക്കും എതിരെ മോശം പരാമര്‍ശങ്ങളും ലംബ നടത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പ്രീതി പോലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 504, 505 (1)(ബി), 505(2) എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ലംബക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.