ഏറെ അനിശ്ചിതത്വങ്ങൾക്ക് ഒടുവിലാണ് സംസ്ഥാനത്തെ മദ്യവിൽപ്പന ശാലകളിൽ നിന്നും മദ്യം വാങ്ങുന്നതിനായുള്ള വെർച്വൽ ക്യൂ ആപ്പായ ബെവ് ക്യൂ ഇന്നലെ വൈകുന്നേരത്തോടെ പുറത്തിറക്കിയത്. പുറത്തിറക്കി മിനിറ്റുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് പ്ലേ സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്തത്. നിർമ്മാതാക്കളായ ഫെയർ കോഡ് ടെക്നോളജീസ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ആദ്യ ദിനത്തിൽ തന്നെ 15 ലക്ഷം ആളുകളാണ് ആപ്പിൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മദ്യ വിൽപ്പനക്ക് സഹായമൊരുക്കുന്ന ബെവ് ക്യൂ ആപ്പ് എങ്ങനെയാണ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് എന്ന് നോക്കാം. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ഉപഭോക്താക്കൾക്ക് ആപ്പ് സ്റ്റോറിൽ നിന്നും ബെവ് ക്യൂ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാം. ഡൗൺലോഡ് ചെയ്യുമ്പോൾ ആപ്പിന് ആവശ്യമായ പെർമിഷനുകൾ നൽകുക.
ഡൗൺലോഡ് ചെയ്ത ആപ്പ് തുറക്കുമ്പോൾ തന്നെ ഒരു രജിസ്ട്രേഷൻ ഫോം ലഭിക്കും. പേര്, മൊബൈൽ നമ്പർ, പിൻകോഡ് എന്നീ വിവരങ്ങളാണ് രജിസ്ട്രേഷനായി നൽകേണ്ടത്. വിവരങ്ങൾ നൽകി കഴിഞ്ഞാൽ അതിന് താഴെയുള്ള ചെക്ക് ബോക്സിൽ എല്ലാ നിബന്ധനകളും അഗീകരിക്കുന്നു എന്നതിൽ ടിക് ചെയ്ത് സബ്മിറ്റ് ചെയ്യാം. ആപ്പിൽ ഉപഭോക്താവിന് ഇംഗ്ലീഷ് , മലയാളം എന്നിവയിൽ നിന്നും ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാൻ സാധിക്കും.
അടുത്തതായി വെരിഫിക്കേഷൻ ഘട്ടമാണ്. രജിസ്ട്രേഷനുവേണ്ടി നൽകിയ മൊബൈൽ നമ്പരിലേക്ക് ആറ് അക്കങ്ങളുള്ള ഒരു ഒടിപി എസ്എംഎസ് മുഖേനെ അയക്കും. ഈ ഒടിപി നൽകി സബ്മിറ്റ് ചെയ്താൽ വേരിഫിക്കേഷൻ പൂർത്തിയാക്കാം. ഒടിപി ലഭിച്ചില്ലെങ്കിൽ വീണ്ടും ഒടിപി അയക്കാനുള്ള ഓപ്ഷനും ആപ്പിലുണ്ട്.
വേരിഫിക്കേഷൻ പൂർത്തിയാക്കി കഴിഞ്ഞാൽ പുതിയൊരു പേജ് തുറന്നുവരും. ഈ പേജിലാണ് ബുക്കിങ്ങിന് ആവശ്യമായ വിവരങ്ങൾ നൽകേണ്ടത്. ഇതിൽ വൈൻ ആന്റ് ബിയർ, മദ്യം എന്നിങ്ങനെ ആവശ്യമുള്ളത് തിരഞ്ഞെടുത്ത് വെർച്വൽ ക്യൂ ടോക്കണിന് വേണ്ടി അപേക്ഷിക്കാം. ഇവിടെ നിങ്ങളുടെ പിൻകോടും നൽകേണ്ടതാണ്.
ബുക്കിങ് സ്വീകരിച്ചുകഴിഞ്ഞാൽ ഒരു കൺഫർമേഷൻ ലഭിക്കും. ഈ കൺഫർമേഷൻ പേജിൽ ക്യൂ നമ്പരും മദ്യം വാങ്ങുന്നതിനായി നിങ്ങൾക്ക് ലഭിച്ചിരിക്കുന്ന ഔട്ട് ലെറ്റും എത്തേണ്ട സമയവും രേഖപ്പെടുത്തിയിട്ടുണ്ടാകും. ഇതിനൊപ്പമുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്താലും ബുക്കിങ് വിവരം ലഭ്യമാകും. കൂടുതൽ ആളുകൾ ബുക്ക് ചെയ്താൽ തിരക്ക് ഒഴിവാക്കാൻ ടോക്കൺ നൽകുകയില്ല. ഇങ്ങനെ വരുന്ന സമയത്ത് നിങ്ങൾക്ക് ഇപ്പോൾ ബുക്ക് ചെയ്യാൻ സാധിക്കില്ല എന്ന അറിയിപ്പും ലഭിക്കും.
ബെവ് ക്യൂ ഓൺലൈനായി മദ്യം ബുക്ക് ചെയ്യാൻ സഹായിക്കുന്ന ആപ്പ് അല്ല. ഈ ആപ്പിന്റെ ലക്ഷ്യം മദ്യവിൽപ്പന ശാലകളിലെ തിരക്ക് നിയന്ത്രിക്കുക എന്നതാണ്. ഇതൊരു വെർച്വൽ ക്യൂ സംവിധാനം മാത്രമാണ്. ഒന്നോർക്കുക, മദ്യപാനം നിങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാണ്…