കുവൈറ്റ് സിറ്റി – കുവൈറ്റില്‍ ഇന്ന് രണ്ട് മലയാളികളുള്‍പ്പെടെ പത്ത് പേര് മരണമടഞ്ഞു. തിരുവല്ല മഞ്ഞാടി സ്വദേശി അബ്രഹാം കോശിയുടെ ഭാര്യ റിയ അബ്രഹാമാണ് മരിച്ചത്. 59 വയസ്സായിരുന്നു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിൽസയിലായിരുന്നു ഇവർ. കൊല്ലം സ്വദേശി കൃഷ്ണ ഭവനത്തിൽ സുനിൽ കുമാർ ശ്വാസ തടസ്സം മൂലം മരിച്ച രണ്ടാമത്തെ മലയാളി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 208 ഇന്ത്യക്കാർ ഉൾപ്പെടെ എണ്ണൂറ്റി നാൽപത്തഞ്ച് പേർക്ക് കൂടി പുതുതായി കൊറോണ ബാധിച്ചു. രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം ഇരുപത്തിനാലായിരത്തി ഒരു നൂറ്റിപ്പന്ത്രണ്ടായി. ഇവരിൽ 7603 പേർ ഇന്ത്യക്കാരാണു. കുവൈറ്റ് സ്വദേശികൾ 212 ഈജിപ്ത്കാർ 91, ബംഗ്ലാദേശികൾ 161 എന്നിങ്ങനെയാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചവരുടെ രാജ്യം തിരിച്ചുള്ള കണക്കുകള്‍.
അതേ സമയം ഇന്ന് പുതുതായി 752 പേർ കൂടി രോഗമുക്തി നേടി. രോഗ മുക്തരായവരുടെ എണ്ണത്തിൽ രാജ്യത്ത് ഇന്ന് വരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന സംഖ്യ ആണിത്. തുടര്‍ച്ചയായി മൂന്നാം ദിവസമാണു രോഗ മുക്തരായവരുടെ എണ്ണത്തിൽ ഉയർന്ന സംഖ്യ രേഖപ്പെടുത്തുന്നത്. കൊറോണ മുക്തരായവരുടെ ആകെ എണ്ണം എണ്ണായിരത്തി അറുന്നൂറ്റി തൊണ്ണൂറ്റെട്ടായി. നിലവിൽ ചികിത്സയിലുള്ളവരിൽ 197 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.