മനാമ: പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിനെത്തുടർന്ന് നാട്ടിൽ പേകാൻ കഴിയാതെ ബുദ്ധിമുട്ടിയിരുന്ന രണ്ട് ഭാരതീയ പ്രവാസികൾക്ക് തിരികെപ്പോകാൻ സാധിച്ചു. ഇരുദയരാജ് ആന്റണി സാമി, മുത്തയ്യ മണി എന്നീ രണ്ട് തമിഴ്നാട് സ്വദേശികൾക്കാണ് നാട്ടിലേക്ക് തിരിച്ചു പോകാൻ സാധിച്ചത്.
ജോലിയും യാത്ര രേഖകളും നഷ്ട്ടപെട്ട ഇവരുടെ പ്രശ്നം പ്രവാസി ലീഗൽ സെല്ലിനു മുന്നിൽ എത്തിയതോടെ ഇന്ത്യൻ എംബസി, പി.എൽ.സി ലോയർ, മൈഗ്രന്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ല്യു.പി.എസ്) എന്നിവയുമായി സഹകരിച്ച് ഈ വ്യക്തികളെ സഹായിക്കുകയായിരുന്നു. ഭക്ഷണവും മറ്റു സഹായവും ടിക്കറ്റുകളും നൽകി ഇന്ത്യൻ എംബസി നിർണായക പിന്തുണ നൽകി. പ്രവാസി ലീഗൽ സെൽ നടത്തുന്ന എല്ലാ ഉദ്യമങ്ങൾക്കും സാമൂഹിക, സാംസ്കാരിക സംഘടനകളിൽ നിന്നും ലഭിക്കുന്ന സഹായ സഹകരണങ്ങൾക്ക് പി.എൽ.സി ബഹ്റൈൻ പ്രസിഡന്റ് സുധീർ തിരുനിലത്ത് നന്ദി അറിയിച്ചു.