ന്യൂഡൽഹി : രണ്ടാം മോഡി സർക്കാർ അധികാരമേറ്റത് ഒരു ചരിത്ര സംഭവമായിരുന്നു. ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി ഒരു കോൺഗ്രസ് ഇതര സർക്കാരിന് ഭരണ തുടർച്ചയുണ്ടാകുന്നു എന്നതായിരുന്നു പ്രത്യേകത. ഏറെ പ്രതീക്ഷകളോടെയായിരുന്നു ഭാരതീയർ മോദി സർക്കാരിനെ അധികാരത്തിലേറ്റിയത്. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ ജനങ്ങൾക്കൊപ്പം നിന്നതിന് അവർ നൽകിയ സമ്മാനമായിരുന്നു ഭരണ തുടർച്ച.
2014 മുതൽ 2019 വരെ ഇന്ത്യയുടെ വളർച്ച ഗണ്യമായി വർധിച്ചു. പാവങ്ങളുടെ അന്തസ്സ് ഉയർത്തി. രാജ്യം സാമ്പത്തിക ഉൾച്ചേർക്കൽ, സൗജന്യ പാചകവാതക – വൈദ്യുതി കണക്ഷനുകൾ, സമ്പൂർണ ശുചിത്വ പരിരക്ഷ എന്നിവ കൈവരിക്കുകയും ‘എല്ലാവർക്കും വീട്’ ഉറപ്പാക്കുന്നതിൽ പുരോഗതി കൈവരിക്കുകയും ചെയ്തു. സർജിക്കൽ സ്‌ട്രൈക്കിലൂടെയും വ്യോമാക്രമണത്തിലൂടെയും ഇന്ത്യ തങ്ങളുടെ കരുത്ത് വെളിവാക്കി. അതേസമയം, പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു റാങ്ക് ഒരു പെൻഷൻ, ഒരു രാജ്യം ഒരു നികുതി – ജി. എസ്. ടി, കർഷകർക്ക് മെച്ചപ്പെട്ട കുറഞ്ഞ താങ്ങുവില എന്നീ ആവശ്യങ്ങൾ നിറവേറ്റി.
2019 ൽ ഇന്ത്യയിലെ ജനങ്ങൾ വോട്ട് ചെയ്തത് കേവലം ഭരണത്തുടർച്ചയ്‌ക്ക് മാത്രമല്ല, ഇന്ത്യയെ പുതിയ ഉയരങ്ങളിലെത്തിക്കുക എന്ന സ്വപ്നത്തോടെയാണ്. ഇന്ത്യയെ ആഗോള നേതൃത്വത്തിൽ എത്തിക്കാനുള്ള ആഗ്രഹം. കഴിഞ്ഞ ഒരു വർഷത്തിൽ കേന്ദ്ര സർക്കാർ എടുത്ത തീരുമാനങ്ങൾ ഈ സ്വപ്നം നിറവേറ്റുന്നതിന് വേണ്ടിയുള്ളതായിരുന്നുവെന്ന് പ്രധാനമന്ത്രി തന്നെ പറഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ഒരു വർഷത്തിനിടെ സുപ്രധാനമായ, വർഷങ്ങളായി നടപ്പിലാക്കാൻ ജനങ്ങൾ ആഗ്രഹിച്ചുകൊണ്ടിരുന്ന നിരവധി കാര്യങ്ങൾ യാഥാർഥ്യമായി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ആദ്യത്തേതും ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ്. ഭരണഘടനയുടെ താത്ക്കാലിക സംവിധാനമായ 370-ാം വകുപ്പിന്റെ മറവിൽ ദൈനംദിനം നടന്ന വിഘടനവാദവും വിധ്വംസക പ്രവർത്തനങ്ങളും രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. ഇതിന് പരിഹാരം കാണുന്നതിനായി 370 റദ്ദാക്കി. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റി. സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി.
സുപ്രീം കോടതി ഏകകണ്ഠമായി നൽകിയ രാമക്ഷേത്ര വിധി നൂറ്റാണ്ടുകളായി തുടരുന്ന വാദപ്രതിവാദങ്ങൾക്ക് സൗഹാർദ്ദപരമായ സമാപ്തി കുറിച്ചു. ശ്രീരാമജന്മസ്ഥാനത്ത് ഉചിതമായ ക്ഷേത്രനിർമ്മാണത്തിന് സാഹചര്യം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതും രണ്ടാം മോദി സർക്കാരിന്റെ നേട്ടങ്ങളിൽ പ്രാധാന്യമേറിയതാണ്. മുത്വലാഖെന്ന അപരിഷ്‌കൃത സമ്പ്രദായം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ ഒതുങ്ങി. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ അനുകമ്പയുടെയും സമന്വയ മനോഭാവത്തിന്റെയും പ്രകടനമായിരുന്നു.
ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് പദവിയുടെ സൃഷ്ടി സായുധ സേനകൾക്കിടയിൽ ഏകോപനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയുള്ള, ദീർഘകാലം കാത്തിരുന്ന ഒരു പരിഷ്‌കാരമാണ്. ഗഗൻയാൻ ദൗത്യത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളും ഇന്ത്യ ശക്തമാക്കിയിട്ടുണ്ട്. ദരിദ്രർ, കർഷകർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുടെ ശാക്തീകരണത്തിന് സർക്കാർ പ്രാധാന്യം നൽകുന്നു.
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ എല്ലാ കർഷകരെയും ഉൾക്കൊള്ളിച്ചു. കേവലം ഒരു വർഷത്തിനിടെ, 9 കോടി 50 ലക്ഷത്തിലേറെ കർഷകരുടെ അക്കൗണ്ടുകളിൽ 72,000 കോടിയിലേറെ രൂപ നിക്ഷേപിച്ചു. ജൽ ജീവൻ മിഷനിലൂടെ 15 കോടിയിലധികം ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പ് കണക്ഷൻ വഴി കുടിവെള്ള വിതരണം ഉറപ്പാക്കും. 50 കോടി കന്നുകാലികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനായി സൗജന്യ പ്രതിരോധ കുത്തിവയ്പ്പ് ക്യാമ്പയിൻ സംഘടിപ്പിച്ചു വരുന്നു.
രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി കൃഷിക്കാർ, കർഷക തൊഴിലാളികൾ, ചെറുകിട കടയുടമകൾ, അസംഘടിത മേഖലയിലെ തൊഴിലാളികൾ എന്നിവർക്ക് 60 വയസ്സിനു ശേഷം സ്ഥിരമായി 3000 രൂപ പ്രതിമാസ പെൻഷൻ നൽകുമെന്ന് ഉറപ്പാക്കി. ബാങ്ക് വായ്പ ലഭിക്കുന്നതിനുള്ള സൗകര്യത്തിന് പുറമെ മത്സ്യത്തൊഴിലാളികൾക്കായി പ്രത്യേക വകുപ്പിനും രൂപം നൽകി. മത്സ്യബന്ധന മേഖലയെ ശക്തിപ്പെടുത്തുന്നതിന് മറ്റ് നിരവധി തീരുമാനങ്ങളും എടുത്തിട്ടുണ്ട്. ഇത് നീല സമ്പദ് വ്യവസ്ഥയെ പോഷിപ്പിക്കും. വ്യാപാരികളുടെ പ്രശ്നങ്ങൾ യഥാസമയം പരിഹരിക്കുന്നതിനായി ഒരു വ്യാപരി കല്യാൺ ബോർഡിനു രൂപം നൽകാൻ തീരുമാനിച്ചു. സ്വയം സഹായ സംഘങ്ങളിൽ ഉൾപ്പെട്ടിട്ടുള്ള 7 കോടിയിലധികം സ്ത്രീകൾക്ക് വലിയ സാമ്പത്തിക സഹായം നൽകുന്നു. സ്വയം സഹായ സംഘങ്ങൾക്ക് നൽകിയിരുന്ന ഈടില്ലാത്ത വായ്പകൾ നേരത്തെയുള്ള 10 ലക്ഷത്തിൽ നിന്ന് ഇരട്ടിച്ച് 20 ലക്ഷമാക്കി.
ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസം കണക്കിലെടുത്ത് 400 ലധികം പുതിയ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ നിർമ്മാണം ആരംഭിച്ചു. കഴിഞ്ഞ വർഷം നിരവധി ജനസൗഹൃദ നിയമങ്ങൾ നടപ്പാക്കി. ഉൽപാദനക്ഷമതയുടെ കാര്യത്തിൽ, പതിറ്റാണ്ടുകൾ പഴക്കമുള്ള റെക്കോർഡ് നമ്മുടെ പാർലമെന്റ് തകർത്തു. ഇതിന്റെ ഫലമായി, ഉപഭോക്തൃ സംരക്ഷണ നിയമം, ചിറ്റ് ഫണ്ട് നിയമ ഭേദഗതി, സ്ത്രീകൾ, കുട്ടികൾ, ദിവ്യാംഗർ എന്നിവർക്ക് കൂടുതൽ സംരക്ഷണം നൽകുന്നതിനുള്ള നിയമങ്ങൾ ഇവയൊക്കെ പാർലമെന്റിൽ ദ്രുതഗതിയിൽ മുന്നോട്ടു നീക്കി.
പ്രതീക്ഷകളുടെയും ആഗ്രഹങ്ങളുടെയും പൂർത്തീകരണത്തിൽ അതിവേഗം മുന്നോട്ട് കുതിക്കുമ്പോഴാണ് കൊറോണ വൈറസ് ആഗോള മഹാമാരി രാജ്യത്തെ വലയം ചെയ്തത്. ഇതിനെ നേരിടാൻ കേന്ദ്രസർക്കാർ അരയും തലയും മുറുക്കി ഇറങ്ങി. രാജ്യം ലോക്ക് ഡൗണിലേക്ക് നീങ്ങി. ജോലിക്ക് പോകാൻ കഴിയാതെ ജനങ്ങൾ ബുദ്ധിമുട്ടിലായപ്പോഴും സഹായവുമായി കേന്ദ്ര സർക്കാരെത്തി. ആത്മനിർഭർ ഭാരത് അല്ലെങ്കിൽ സ്വയംപര്യാപ്ത ഇന്ത്യ എന്ന പേരിൽ വലിയൊരു പാക്കേജ് പ്രഖ്യാപിച്ചു. ആത്മനിർഭർ ഭാരത് അഭിയാന് വേണ്ടി പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് ഈ ദിശയിലുള്ള പ്രധാന കാൽവയ്പാണ്.
ചുരുക്കത്തിൽ രണ്ടാം മോദി സർക്കാർ 365 ദിവസം പൂർത്തിയാക്കുന്നതിന് ഇങ്ങനെ വിശേഷിപ്പിക്കാം. ‘കരുതലിന്റെ ഒരു വർഷം ; കരുത്തിന്റെയും’















