ന്യൂഡല്‍ഹി: ഇന്ത്യന്‍ ബൗളര്‍ ഇഷാന്ത് ശര്‍മ്മ തന്റെ അരങ്ങേറ്റ പരമ്പരയുടെ അനുഭവം ദേശീയ മാദ്ധ്യമങ്ങളുമായി പങ്കുവച്ചു. കൊറോണ ലോക്ഡൗണിന് ശേഷമുള്ള പരിശീലനം തുടങ്ങും മുമ്പാണ് അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ അനുഭവം ഇഷാന്ത് ഓര്‍ത്തെ ടുത്തത്. അയര്‍ലന്റിനെതിരെ നടന്ന വിദേശപര്യടനത്തിലെ കൊടും തണുപ്പും ഏകദിനത്തിലെ പരിചയക്കുറവും എല്ലാം ഇഷാന്ത് പങ്കുവച്ചു.
‘ നല്ല തണുപ്പുള്ള സീസണിലെ ഇംഗ്ലണ്ട് പര്യടനത്തിനാണ് തന്നെ തിരഞ്ഞെടുത്തത്. അതിനെ തുടര്‍ന്നുളള അയര്‍ലാന്റിലെ ഏകദിന പരമ്പരയ്ക്ക് താനില്ലായിരുന്നു. എന്നാല്‍ പെട്ടന്നാണ് ടീമിനൊപ്പം ചേരാന്‍ ഫോണ്‍ വരുന്നത്. കൂട്ടുകാരെല്ലാം കടുത്ത തണുപ്പിനെപ്പറ്റി മുന്നറിയിപ്പു നല്കി. ധോണി, ദിനേശ് കാര്‍ത്തിക്, റോബിന് ഉത്തപ്പ, ആര്.പി. സിംഗ് അടക്കം ഏഴു പേര്‍ക്ക് കാലാവസ്ഥാ പ്രശ്നം കാരണം പനിപിടിച്ചു. ടീമിലേ 7 പേര്‍ക്ക് സുഖമില്ലാതായാല്‍ എന്തായി രിക്കും ഗതി’ തന്റെ വിദേശ പര്യടനം ഏറെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നുവെന്ന് ഇഷാന്ത്ഓര്മ്മിക്കുന്നു.
ടീമിനൊപ്പം ചേര്‍ന്നപ്പോഴും പ്രശ്നങ്ങള്‍ തുടങ്ങി. വിമാനത്താവളത്തില്‍ നിന്നും തന്റെ ലഗേജ് എത്താന്‍ താമസിക്കുന്നു. രാഹുല്‍ ദ്രാവിഡ് തന്നോട് അടുത്ത ദിവസമേ ലഗേജ് കിട്ടൂ എന്നറിയിച്ചു. എന്നാല്‍ കളിക്കാനുള്ള ഷൂ അതിലാണുള്ളതെന്ന് അറിഞ്ഞതോടെ ആകെ പരിഭ്രാന്തിയിലായി. അവസാനം സഹീര്‍ഖാന്റെ ഷൂ കടം മേടിച്ചാണ് തന്റെ ജീവിതത്തിലെ അരങ്ങേറ്റ ഏകദിനം കളിച്ചതെന്നും ഇഷാന്ത് പറഞ്ഞു.