ദോഹ* ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ മന്ത്രിസഭാ തീരുമാനം. പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍അസിസ് അല്‍താനിയുടെ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ആയിരുന്നു മന്ത്രിസഭായോഗം. കാറില്‍ നാളെ മുതല്‍ നാലു പേര്‍ക്ക് സഞ്ചരിക്കാം. സ്വകാര്യമേഖലയിലെ പ്രവൃത്തിസമയം രാവിലെ ഏഴു മുതല്‍ വൈകിട്ട് എട്ടു വരെയാക്കി പുനക്രമീകരിച്ചും ഉത്തരവായി.
കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ മാത്രമേ യാത്രചെയ്യാവൂ എന്ന് ഖത്തര്‍ നിയമം പാസാക്കിയിരുന്നു. ഈ നിയമമാണ് ഇന്നു മന്ത്രിസഭ ഭേദഗതി ചെയ്തത്. ഡ്രൈവര്‍ ഉള്‍പ്പെടെയാണ് നാലുപേര്‍ക്കു യാത്രാനുമതി. എന്നാല്‍ കുടുംബാംഗങ്ങളെങ്കില്‍ ഈ നിയന്ത്രണവും ഉണ്ടാകില്ല. പക്ഷേ ബസുകളില്‍ പകുതി യാത്രക്കാര്‍ എന്ന നിയന്ത്രണം തുടരും.
താമസസ്ഥലത്തിനു സമീപത്തെ തുറസ്സിടങ്ങളില്‍ വ്യായാമം ചെയ്യുന്നവരെ മാസ്ക് ധരിക്കുന്നതില്‍ നിന്നും നാളെ മുതല്‍ ഒഴിവാക്കിയിട്ടുണ്ട്. പക്ഷേ വ്യായാമം ചെയ്യുന്നവര്‍ തമ്മില്‍ ചുരുങ്ങിയത് മൂന്നു മീറ്റര്‍ അകലം വേണം. കളികള്‍ക്കും മാസ്ക് ഇളവുണ്ട്. പക്ഷേ കളിസ്ഥലങ്ങളില്‍ ആള്‍ക്കൂട്ടം അനുവദനീയമല്ല. ആവശ്യമായ മറ്റു മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. എല്ലാ തീരുമാനങ്ങളും നാളെ(വ്യാഴം) മുതല്‍ പ്രാബല്യത്തിലാകും.