ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്കുണ്ടാകുന്ന ആശങ്ക പരിഹരിച്ച് ധൈര്യം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രമുഖ വ്യവസായി രാജീവ് ബജാജ്. അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമേ ജനങ്ങള്‍ പിന്തുടരുകയുള്ളൂ എന്നും രാജീവ് ബജാജ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായുള്ള സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജനങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത് രോഗം എന്നാല്‍ മരണം എന്നാണ്. ഇത് ഇല്ലാതാക്കുക എന്നത് വളരെ ശ്രമകരമായ ഒരു ജോലിയാണ്. ഈ ഭയവും ആശങ്കയും ഇല്ലാതാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തെക്കുറിച്ച് ജനങ്ങള്‍ക്ക് ചെറിയ വിവരണം നല്‍കണം. അദ്ദേഹത്തിന്റെ വാക്കുകള്‍ മാത്രമാണ് ജനങ്ങള്‍ പിന്തുടരുന്നതായി താന്‍ കണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കൊറോണ വൈറസ് വ്യാപനത്തില്‍ നിന്നും ഇന്ത്യക്ക് മാത്രം രക്ഷപ്പെടാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. എന്നാല്‍ ഈ പ്രതിസന്ധിയില്‍ നിന്നും കരകയറേണ്ടത് അത്യാവശ്യമാണ്. എല്ലാവരും കൃത്യമായ രീതിയില്‍ മുന്നോട്ട് പോകണം. എന്നാല്‍ ഇതിപ്പോള്‍ സാധിക്കുന്നില്ല. ഇത് ഉണ്ടാക്കി എടുക്കുക ഏറെ ശ്രമകരമായ ജോലിയാണ്.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ നമ്മുടെ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുണ്ട്. ഇത് മറ്റ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയും സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് കാരണമാകും. ഇത് മറി കടക്കാന്‍ സമയമെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.