ഇസ്ലാമാബാദ്: പാകിസ്താനില്‍ കൊറോണ വൈറസ് വ്യാപനം രൂക്ഷമാകുന്നു. ദിനം പ്രതി പോസിറ്റീവ് കേസുകള്‍ കുത്തനെ ഉയരുന്നതായാണ് റിപ്പോര്‍ട്ട്. വൈറസ് ബാധിതരുടെ എണ്ണം ദിനം പ്രതി വര്‍ധിക്കുമ്പോള്‍ ആരോഗ്യ സംവിധാനത്തിന്റെ അഭാവം ചൂണ്ടിക്കാട്ടി ഇമ്രാന് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പാകിസ്താനില്‍ ഗുരുതരമായ അവസ്ഥ വരാനിരിക്കുന്നതേയുള്ളൂവെന്ന് ഡോക്ടര്‍മാര്‍ പോലും അഭിപ്രായപ്പെടുന്നു. അതേസമയം രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 90,000ത്തിലേക്ക് അടുക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
രാജ്യത്ത് രോഗവ്യാപനം വര്‍ധിക്കുന്നതും മരണ സംഖ്യ ഉയരുന്നതും ആശങ്കാജനകമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ലോക്ക് ഡൗണ്‍ നീക്കുന്നതോടെ രോഗികളുടെ എണ്ണം ഉയരുമെന്നും ഇവര്‍ പറയുന്നു. പ്രധാനപ്പെട്ട ആശുപത്രികളിലെ ഐസിയുകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞ അവസ്ഥയിലാണ്. ലാഹോറില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് വെന്റിലേറ്റര്‍ നല്കാന് കഴിയാത്ത അവസ്ഥയാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നു
പെഷവാര്‍,ക്വറ്റ എന്നിവിടങ്ങളിലും സമാനസാഹചര്യമാണ് ഉള്ളത്. ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയില്‍ 800 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ രണ്ട് വെന്റിലേറ്റര്‍ മാത്രമെ ഉള്ളൂവെന്നും റിപ്പോര്‍ട്ട് ഉണ്ട്. ഇതുവരെ സര്‍ക്കാരില്‍ നിന്നു മെഡിക്കല്‍ ഉപകരണങ്ങളോ മറ്റ് സഹായങ്ങളോ ലഭിച്ചില്ല. സര്‍ക്കാരിനു ലഭിക്കുന്ന ഫണ്ട് ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടി ഉപയോഗിക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകരും പറയുന്നു.