ന്യൂഡല്‍ഹി: പാകിസ്താനില്‍ പരോക്ഷമായ പട്ടാള ഭരണത്തിലേക്കെന്ന് സൂചന. കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇമ്രാന്ഖാന് പ്രതിസന്ധിയിലാണെന്നും തീരുമാനങ്ങളെടുത്ത് മുന്നേറുന്നത് സൈന്യമാണെന്നും അന്താരാഷ്ട്രമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട് പുറത്ത്.
രാജ്യത്തെ നിലവിലെ കൊറോണ രോഗികളുടെ എണ്ണവും പ്രതിരോധപ്രവര്‍ത്തനത്തിന്റെ രീതികളും എല്ലാം അവ്യക്തമായി തുടരുകയാണ്. പരിശോധനകള്‍ നടത്താന്‍ സര്‍ക്കാറിന്റെ ആരോഗ്യ സംവിധാനം പലയിടത്തും തയ്യാറാകുന്നില്ല. പ്രധാന നഗരങ്ങളില്‍ മാത്രമാണ് പ്രതിരോധ പ്രവര്‍ത്തനം അല്പമെങ്കിലും നടക്കുന്നത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ തലപ്പത്തെല്ലാം മുന്‍ സൈനിക മേധാവികളെ ചുമതല ഏല്‍പ്പിച്ചാണ് ഇമ്രാന്ഖാന് ഭരണം നടത്തുന്നതെന്നും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ജനകീയമായി ഇമ്രാന്ഖാന് പിന്തുണ നഷ്ടപ്പെടുത്തത് സൈന്യം മുതലാക്കുകയാണെന്നും പ്രതിരോധ രംഗത്തെ മാദ്ധ്യമങ്ങള്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
ഇമ്രാന് ഖാന് നേരിട്ട് കഴിഞ്ഞ മാസത്തില്‍ 12 മുന്‍സൈനിക മേധാവികളെ വിവിധ വകുപ്പുകളിലായി നിയമിച്ചതോടെയാണ് സൈന്യത്തിന് ഭരണത്തില്‍ മേല്‍കൈ വന്നിരിക്കുന്നത്. പാകിസ്താനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ തലപ്പത്തെ മൂന്ന് സുപ്രധാന സ്ഥാനങ്ങളാണ് മുന്‍ സൈനിക മേധാവികള്‍ക്ക് നല്‍കിയിരിക്കുന്നത്. രാജ്യത്തെ സാമ്പത്തിക നില അത്യന്തം അപകടത്തിലാണ്. കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന് ലോകരാഷ്ട്രങ്ങള്‍ നല്കിയ പണവും വകമാറ്റിയിരിക്കുകയാണ്. ഭീകരപ്രവര്ത്തകര്ക്കായും സൈന്യത്തിനായും പണം ധാരാളം ഒഴുകുകയാണെന്നും മാദ്ധ്യമങ്ങള്‍ പറയുന്നു. വ്യവസായ രംഗത്ത് ചൈനയുടെ അതിവിപുലമായ സാന്നിധ്യവും അവര്‍ക്ക് നല്‍കാനുള്ള കടവും പാകിസ്താനെ വന്‍പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്.