വാഷിംഗ്ടണ്‍: കൊറോണ വ്യാപനത്തിനൊപ്പം കറുത്തവര്‍ഗ്ഗക്കാരുടെ പ്രതിഷേധം കത്തുമ്പോഴും തെരഞ്ഞെടുപ്പ് പ്രചരണം കൊഴുപ്പിക്കാന്‍ തയ്യാറായി ട്രംപ്. വിവിധ സ്ഥലങ്ങളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ റാലികള്‍ സംഘടിപ്പിക്കാനും അവിടെയെല്ലാം നേരിട്ടെത്തി പ്രസംഗിക്കാനുമാണ് ട്രംപിന്റെ തീരുമാനം. ഇതിനിടെ തന്റെ റാലിക്കെത്തു ന്നതുമൂലം ആര്‍ക്കെങ്കിലും കൊറോണ പിടിച്ചാല്‍ തന്നെ കുറ്റപ്പെടുത്തരുതെന്ന വിചിത്രമായ അഭ്യര്‍ത്ഥനയും ട്രംപ് നടത്തിയിരിക്കുകയാണ്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രവര്ത്തകന് എന്നതിലുപരി ശതകോടിശ്വരന് എന്ന നിലയിലാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ട്രംപ് പ്രചരണം ശക്തമാക്കിയത്. നിരവധി പൊതുസഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് സാമൂഹ്യക്ഷേമ രംഗത്ത് കാലുറപ്പിച്ച മുന്‍ പ്രസിഡന്റ് ബരാക് ഒബാമക്ക് ശേഷം ശക്തമായ സാമ്പത്തിക സൈനിക പരിഷ്ക്കാരങ്ങള്‍ മുന്നോട്ട് വച്ചാണ് ട്രംപ് ജയം നേടിയത്.
പുതിയ തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ എതിരാളി മുന്‍ വൈസ് പ്രസിഡന്റ് ജോ ബയ്ഡനാണ്. പ്രൈമറികളിലെ ഭൂരിപക്ഷത്തില്‍ ബയ്ഡന്‍ മുന്നില്‍ നില്‍ക്കേയാണ് കൊറോണ ബാധ രൂക്ഷമായി ലോകം ലോക്ഡൗണിലേക്ക് കടന്നത്. ഒക്ലഹോമ, ഫ്ലോറിഡ, അരിസോണ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളിലാണ് റാലികള്‍ ട്രംപ് സംഘടിപ്പിച്ചിരിക്കുന്നത്. ഇതിനിടെ അമേരിക്കയിലെ കൊറോണ മരണനിരക്ക് 1,13,000 കടന്നിരിക്കുകയാണ്. റാലികള്‍ നടക്കാനിരിക്കുന്ന പ്രദേശങ്ങളിലെല്ലാം കൊറോണ ബാധയുടെ തോത് വളരെ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്.