മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ വിജയത്തോടെ തുടങ്ങി. കൊറോണ ലോക്ഡൗണിന് ശേഷം കളിക്കാന്‍ ഇറങ്ങിയ റയല്‍ 3-1ന് ഈബറെ തകര്‍ത്തു. ആദ്യപകുതിയിലാണ് റയലിന്റെ എല്ലാ ഗോളുകളും പിറന്നത്. റയലിന്റെ പരിശീലകന് മുന്‍ അന്താരാഷ്ട്രതാരം സിനദിന്‍ സിദാന് തന്റെ ഇരുനൂറാമത് മത്സരമാണ് ടീമിന്റെ ജയത്തോടൊപ്പം ആഘോഷിച്ചത്. റയലിന്റെ പരിശീലകരിലെ 200 മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്ന മൂന്നാമത്തെയാളാണ് സിദാന്.
കളിയുടെ നാലാം മിനിറ്റില്‍ത്തന്നെ റയല്‍ ആദ്യഗോള്‍ നേടി. ടോണീ ക്രൂസിന്റെ വകയായിരുന്നു തുടക്കം. തുടര്‍ന്ന് സെര്‍ജി റാമോസ് മുപ്പതാം മിനിറ്റിലും മാര്‍സെലോ മുപ്പത്തിയേഴാം മിനിറ്റിലും ലീഡ് ഉയര്‍ത്തി. 20 മീറ്റര്‍ ദൂരത്തുനിന്നാണ് റാമോസ് തകര്‍പ്പന്‍ ഗോള്‍ നേടിയത്. തുടര്‍ന്ന് 7 മിനിറ്റിനുള്ളില്‍ കരീം ബെന്‍സേമയുടെ മികച്ച പാസ് സ്വീകരിച്ച് മാര്‍സെലോ ടീമിന്റെ മൂന്നാം ഗോളും വലയിലാക്കി. ഈബറിന് വേണ്ടി രണ്ടാം പകുതിയിലെ 60-ാം മിനിറ്റില്‍ ബിഗാസാണ് ഗോള്‍ നേടിയത്.
രണ്ടാം പകുതിയില്‍ പ്രതിരോധം ശക്തമാക്കിയതാണ് ഈബറിന് രക്ഷയായത്. തുടര്‍ച്ചയായി ആക്രമിച്ച് കളിച്ച റയല്‍ കാണികളില്ലാത്ത സ്റ്റേഡിയത്തില്‍ നിറഞ്ഞാടി. ജയത്തോടെ ബാഴ്സലോണയുമായി ഇനി രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തില്‍ റയല്‍ എത്തിനില്‍ക്കുകയാണ്. നിലവില്‍ ബാഴ്സലോണ 28 കളികളിലായി 61 പോയിന്റ് നേടിയപ്പോള്‍ റയല്‍ മാഡ്രിഡ് 59 പോയിന്റുകള്‍ നേടി നേരിയ വ്യത്യാസത്തില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. റയലിന്റെ രണ്ടാം നിര ടീം പരിശീലിക്കുന്ന മൈതാനത്താണ് മത്സരം നടത്തിയത്. ആകെ 6000 കാണികളെ മാത്രം ഉള്‍ക്കൊള്ളാവുന്ന ചെറിയ വേദിയാണിത്.