1967 ന് ശേഷം ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുള്ള ഏറ്റവും വലിയ സംഘര്‍ഷത്തിനാണ് ജൂണ്‍ 16 ന് ലോകം സാക്ഷിയായത്. സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യുവരിക്കുകയും 45 ഓളം ചൈനീസ് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയോ കൊല്ലപ്പെടുകയോ ചെയ്തു. 1962 ന് ശേഷം ഇന്ത്യ – ചൈന ബന്ധം വഷളായിരുന്നു. അതിന് ശേഷം വ്യാപാര ബന്ധം തുടര്‍ന്നെങ്കിലും ഏതാണ് ശീതയുദ്ധത്തിന് സമാനമായ അവസ്ഥയായിരുന്നു ഇരു രാജ്യങ്ങളും തമ്മില്‍ നിലനിന്നിരുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ചൈന ഇന്ത്യയുമായി മനപ്പൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് .
ഇതിന്റെ കാരണങ്ങള്‍ വ്യക്തമാകണമെങ്കില്‍ വര്‍ഷങ്ങള്‍ പുറകോട്ട് പോകണം. 2014 ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ് ശക്തമായ എതിരാളിയായി ഇന്ത്യയെ ചൈന കാണാന്‍ തുടങ്ങിയത്. ഇന്ത്യയിലെ പ്രധാനമായും നിയന്ത്രണ രേഖയ്‌ക്ക് സമീപത്തെ പ്രദേശങ്ങളിലെ വികസനങ്ങളാണ് ചൈനയെ ചൊടിപ്പിച്ചത്. ലോക ശക്തികളില്‍ ഒന്നായി നില നിന്നിരുന്ന ഇന്ത്യയിലെ വികസനങ്ങള്‍ ആരംഭം മുതലേ ചൈനയെ അരിശം കൊള്ളിച്ചിരുന്നു.
ദാര്‍ബുക്ക്-ഷ്യോക്- ദൗലത് ബേഗ് ഓള്‍ഡി റോഡിന്റെ നിര്‍മ്മാണം ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന്റെ അരിശമാണ് ഗാല്‍വന്‍ താഴ്‌വരയില്‍ ചൈന തീര്‍ത്തതെന്നാണ് വിലയിരുത്തല്‍. 19 വര്‍ഷ നീണ്ട റോഡിന്റെ നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് ഇന്ത്യ പൂര്‍ത്തിയാക്കിയത്. റോഡ് നിര്‍മ്മാണം പൂര്‍ത്തികരിച്ചതോടെ ജമ്മു കശ്മീരിലെ ലേയുമായി ദൗലത് ബേഗ് ഓള്‍ഡിയെ ബന്ധിപ്പിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞു.
2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ എടുത്ത സുപ്രധാന തീരുമാനമായിരുന്നു നിയന്ത്രണ രേഖയ്‌ക്ക് സമീപം പുതിയ റോഡുകള്‍ നിര്‍മ്മിക്കുക, നിലവിലെ റോഡുകളുടെ വീതി കൂട്ടുക എന്നത്. ഇതിനായി 100 കിലോ മീറ്റര്‍ പരിധിയിലെ വന പ്രദേശം ഉപയോഗിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. അതിര്‍ത്തി പ്രദേശങ്ങളായ അരുണചല്‍ പ്രദേശ്, സിക്കിം, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്.
എന്നാല്‍ 2017 ല്‍ ദോക്ക് ലാം വിഷയത്തില്‍ ചൈനയുമായി ഉണ്ടായ അസ്വാരസ്യത്തിന് ശേഷം അതിര്‍ത്തിയില്‍ റോഡ് ഉള്‍പ്പെടെ സൈനിക ആവശ്യത്തിന് വേണ്ട എല്ലാ നിര്‍മ്മാണങ്ങളും നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു. ഇതിന് മുന്‍പ് സര്‍ക്കാര്‍ അനുമതിയോട് കൂടി മാത്രമേ സൈന്യത്തിന് അതിര്‍ത്തി പ്രദേശങ്ങളില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. ഇതിന് ശേഷം അതിര്‍ത്തിയില്‍ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിനായി പാലങ്ങളും, പാര്‍ക്കിംഗ് സ്ഥലങ്ങളും, ഫ്‌ളഡ് ലൈറ്റുകളും സൈന്യം നിര്‍മ്മിക്കാന്‍ ആരംഭിച്ചു.
തുടര്‍ന്ന് ആറ് വര്‍ഷം കൊണ്ട് 4,7000 കിലോമീറ്റര്‍ റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും, മറ്റ് റോഡുകള്‍ വീതി കൂട്ടുകയും ചെയ്തു. 2014 ന് മുന്‍പുള്ള വര്‍ഷങ്ങളേക്കാള്‍ 32 ശതമാനം വര്‍ധനവാണ് അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉണ്ടായത്. റോഡുകള്‍ക്ക് സമാനമായി 14,450 കിലോ മീറ്റര്‍ പാലങ്ങളുടെ നിര്‍മ്മാണവും ഇന്ത്യ പൂര്‍ത്തിയാക്കി.
2014 ന് മുന്‍പ് കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ച അപ്രായോഗിക നടപടികള്‍ ഇന്നും ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിര്‍ത്തിയിലെ റോഡ് നിര്‍മ്മാണങ്ങള്‍ മാത്രമല്ല മറിച്ച് മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനുണ്ടായിരുന്നത് വ്യത്യസ്ത കാഴ്ചപ്പാടായിരുന്നു. അതിര്‍ത്തി പ്രദേശങ്ങളെ കൂടുതല്‍ സുഗമമായി ലഭ്യമാക്കുക എന്നതായിരുന്നു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്.
2017 ല്‍ ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് സാമ്പത്തിക വിനിയോഗത്തിന് അനുമതി നല്‍കിയത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന സുപ്രധാന നയമാറ്റങ്ങളില്‍ ഒന്നായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അത്യാധുനിക ഉപകരണങ്ങളും നിര്‍മ്മാണ സാമഗ്രികളും വാങ്ങാന്‍ 100 കോടി രൂപവരെ വിനിയോഗിക്കാനാണ് ബിആര്‍ഒ ഡയറക്ടര്‍ ജനറലിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇത് അതിര്‍ത്തിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ വേഗത്തിന്് ആക്കം കൂട്ടി. അതിര്‍ത്തി പ്രദേശങ്ങളിലെ സംസ്ഥാനങ്ങള്‍ക്ക് സിവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആവശ്യമെങ്കില്‍ സൈനിക സഹായവും തേടാനുള്ള അനുമതിയും സര്‍ക്കാര്‍ നല്‍കി.
പശ്ചിമ ബംഗാള്‍ , സിക്കിം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള സിവോക്- റാംഗ്‌പോ റെയില്‍ പാത പദ്ധതിയുടെ ഉദ്ഘാടനം 2009 ല്‍ അന്നത്തെ ഉപരാഷ്‌ട്രപതി ഹമീദ് അന്‍സാരിയും റെയില്‍വേ മന്ത്രി മമത ബാനര്‍ജിയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തിരുന്നു. എന്നാല്‍ അതിനുള്ള ടണല്‍ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം 2018 ലാണ്. ലോകത്തെ ഏറ്റവും വലിയ പാലത്തിന്റെ നിര്‍മ്മാണം ചിനാബ് നദിക്ക് കുറുകെ ആരംഭിച്ചതും മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ്.
2017 ല്‍ പ്രധാനമന്ത്രി നേരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത മഞ്ഞുകാലത്ത് ജമ്മു കശ്മീരിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന 9.28 കിലോ മീറ്റര്‍ നീളമുള്ള ഡോ. ശ്യാമ പ്രസാദ് മുഖര്‍ജി ചെനാനി- നഷ്രി ടണല്‍ നിര്‍മ്മാണവും പൂര്‍ത്തിയാക്കിയത് ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷമാണ്. ലഡാക്കിനെയും ശ്രീനഗറിനെയും ബന്ധിപ്പിക്കുന്ന സോജി-ല ടണലിന്റെയും, സെഡ്-മോര്‍ഹ് ടണലിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് മോദി സര്‍ക്കാരാണ്.
അസ്സമിനെയും അരുണാചല്‍ പ്രദേശിനെയും ബന്ധിപ്പിക്കുന്ന ബോഗിബീല്‍ പാലത്തിന്റെ നിര്‍മ്മാണം മോദി സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് വിജയകരമായി പൂര്‍ത്തിയാക്കിയത്. അസ്സമിലെ ദിബ്രുഗണ്ഡ്- അരുണാചല്‍ പ്രദേശിന്റെ അതിര്‍ത്തി പ്രദേശമായ ദേമാജി എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്നതിനായി പണികഴിപ്പിച്ച പാലം ആണ് 4.9 കിലോ മീറ്റര്‍ നീളമുള്ള ബോഗിബീല്‍ പാലം. പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ ആളുകളുടെയും , സാധനങ്ങളുടെയും ചലനം സുഗമമായി.
ബദ്രിനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നതിനായാണ് ഉത്തരാഖണ്ഡില്‍ ഛാര്‍ ധാം മഹാമര്‍ഗിന്റെ നിര്‍മ്മാണം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചത്. ഇതിലൂടെ തീര്‍ത്ഥാടന ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
മോദി സര്‍ക്കാര്‍ അധികാരത്തിലേറ്റതു മുതല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതും നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നതുമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് ചൈനയെ അസ്വസ്ഥമാക്കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ എല്ലാം തന്നെ ചൈനയുടെ കണ്‍മുന്നിലാണ് നടക്കുന്നത് എന്നത് ചൈനയെ കൂടുതല്‍ സംഘര്‍ഷമുണ്ടാക്കുന്നതിലേക്ക് തള്ളിവിടുന്നു.















