ദോഹ* ഖത്തറില്‍ കോവിഡ് 19 നിയന്ത്രണ വിധേയമാകുന്നതിന്റെ വ്യക്തമായ സൂചനനല്‍കി ആകെ രോഗമുക്തരുടെ എണ്ണം മുക്കാല്‍ ലക്ഷം കടന്നു. ഇന്ന് 1528 പേര് കോവിഡ്മുക്തരായതോടെ ആകെ രോഗമുക്തര്‍ 76,072 ആയി. സമൂഹവ്യാപനത്തിന്റെ തീവ്രത കുറയുന്നതിന്റെ സൂചനയായി പുതിയ രോഗികളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 24 മണിക്കൂറിനിടെ 4,418 പരിശോധനകള്‍ നടത്തിയതില്‍ 946 പേര്‍ക്കു മാത്രമാണ് രോഗം സ്ഥിരീകരിച്ചത്.
ഖത്തറില്‍ ഇതുവരെയായി 92,784 പേരിലാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. രാജ്യത്തെ ജനസംഖ്യയുമായി തട്ടിച്ചുനോക്കിയാല്‍ 28 പേരില്‍ ഒരാള്‍ എന്നതോതില്‍ ഇതിനകം രോഗബാധിതരായിട്ടുണ്ട്. ഖത്തര്‍ കോവിഡിനെതിരെ സമൂഹ പ്രതിരോധശേഷി ആര്‍ജിക്കുന്നു എന്നതിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്. നിലവില്‍ 16,603 പേരാണ് രോഗികളായുള്ളത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു രോഗികള്‍ കൂടി മരണത്തിനു കീഴടങ്ങി. ഇതോടെ ആകെ കോവിഡ് മരണങ്ങള് 109 ആയി. 79, 59, 45 വയസുകാരാണ് ഇന്നു മരണമടഞ്ഞത്.
ആകെ രോഗികളില്‍ 963 പേര് മാത്രമാണ് രാജ്യത്തെ 5 കോവിഡ് ആശുപത്രികളിലായുള്ളത്. ഇവരില്‍ 200 പേര് ഗുരുതരാവസ്ഥയിലാണ്. 3,41,914 ടെസ്റ്റുകളാണ് ഖത്തര്‍ ഇതുവരെ നടത്തിയത്.