ലക്നൗ : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഉണ്ടായ കലാപങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് മൈനോരിറ്റി സെല്‍ മേധാവി ഷാഹ്നവാസ് അലം ആണ് അറസ്റ്റിലായത്. ഹസ്രത്ഗഞ്ച് പോലീസിന്റെതാണ് നടപടി.
2019 ഡിസംബര്‍ 19 ന് ഡല്‍ഹിയില്‍ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് അലമിനെ പോലീസ് അറസ്റ്റ് ചെയ്തത്. 19 ന് പരിവര്‍ത്തന്‍ ചൗക്കില്‍ ഉണ്ടായ പ്രതിഷേധത്തില്‍ അലമിനും പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കലാപ സമയത്ത് അലം പ്രദേശത്ത് ഉണ്ടായിരുന്നു. ഇത് വ്യക്തമാക്കുന്ന തെളിവുകളും പോലീസിന് ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനായാണ് അലമിനെ അറസ്റ്റ് ചെയ്തത്. അലമിനെതിരെ ഹസ്രത്ഗഞ്ച് പോലീസ് എഫ്ഐആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
അതേസമയം സംഭവത്തില്‍ പ്രതിഷേധിച്ച് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിന്റെ നേതൃത്വത്തില്‍ ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അക്രമാസക്തരായ പ്രവര്‍ത്തകരെ ലാത്തി വീശിയാണ് പോലീസ് പിരിച്ച് വിട്ടത്.