ന്യൂഡല്‍ഹി: ഭീകരവാദത്തിന് പണം സമാഹരിച്ച കേസില്‍ ഉള്‍പ്പെട്ടയാളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കശ്മീരിലെ ബരാമുള്ള സ്വദേശിയായ ഐജാസ് ഹുസൈന് ക്യാജ എന്നയാളുടെ 7.32 ലക്ഷം വിലവരുന്ന സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയത്. കള്ളപ്പണ നിരോധന നിയമ പ്രകാരമാണ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത്.
ഐജസ് ഹുസൈന്റെ ഭാര്യയുടെ ബാങ്ക് ബാലന്‍സും ഇവരുടെ റെസിഡന്‍ഷ്യല്‍ ഫ്ളാറ്റിന്റെ ഒരു ഭാഗവും ഉള്‍പ്പെടെയുള്ള സ്വത്തുവകകളാണ് എന്‍ഫോഴ്സ്മെന്റ് പിടിച്ചെടുത്തത്. ജമ്മു കശ്മീരിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണം നടത്തുന്നതിനായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് എന്‍ഫോഴ്സ്മെന്റ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.
2006 ലാണ് ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ ഐജാസിനെ ആര്‍ഡിഎക്സും കള്ളപ്പണവും കൈവശം വെച്ച കേസില്‍ അറസ്റ്റ് ചെയ്യുന്നത്. 2.05 കിലോ ആര്‍ഡിഎക്സും 49 ലക്ഷം രൂപയുമാണ് ഇയാളില്‍ നിന്നും പൊലീസ് പിടിച്ചെടുത്തത്. പിന്നീട് 7 വര്‍ഷം ഇയാളെ ജയിലില്‍ അടക്കുകയും പിടിച്ചെടുത്ത തുക വിചാരണ കോടതി കണ്ടു കെട്ടുകയും ചെയ്തിരുന്നു.