കാന്‍പൂര്‍: കൊടുംകുറ്റവാളിക്കെതിരെ റെയ്ഡ് നടത്തിയ പോലീസ് നടപടിയുടെ പുതിയ വിവരങ്ങള്‍ പുറത്തുവിട്ട് ഉത്തര്‍പ്രദേശ് പോലീസ്. വികാസ് ദുബെയുടെ കേന്ദ്രത്തിലേക്ക് നടത്തിയ റെയ്ഡില്‍ ഒരു മൂത്രപ്പുരയില്‍ വെടിയേല്‍ക്കാതിരിക്കാന്‍ കയറിയ അഞ്ചു പോലീസുകാരെ അക്രമികള്‍ കുടുക്കുകയായിരുന്നു എന്നാണ് കണ്ടെത്തല്‍. എല്ലാ പോലീസുകാര്‍ക്കും ഒന്നിലേറെ തവണ വെടിയേറ്റതാണ് മരണകാരണമെന്നും യു.പി. പോലീസ് പറഞ്ഞു. ആദ്യമേ പോലീസുകാര്‍ എത്താതിരിക്കാന്‍ പ്രദേശത്തേക്കുള്ള റോഡ് മണ്ണിട്ട് തടഞ്ഞ വികാസ് ദുബെ പൊക്ലെയിന് ഉപയോഗിച്ചു റോഡ് തടസ്സപ്പെടുത്തിയിരുന്നു. ഇതു രണ്ടും കടന്നു വന്ന പോലീസ് സംഘത്തിന് നേരെ കെട്ടിടങ്ങളുടെ മുകളില്‍ ഒളിച്ചിരുന്ന അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് പോലീസ് അറിയിക്കുന്നത്.
ദുബെയുടെ വീടിന് വെളിയില്‍ വെറും അഞ്ചുമീറ്റര്‍ അകലത്തില്‍ എത്തിയ പോലീസ് സേനക്ക് നേരെ ശക്തമായ വെടിവെയ്പ്പു നടത്തുകയായിരുന്നു. വെടിയേല്‍ക്കാതിരിക്കാന്‍ അഞ്ചു പോലീസുകാര്‍ ഒരുമിച്ച് മൂത്രപ്പുരയില്‍ കയറിയത് അക്രമികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമായി. രാത്രിയായതിനാല്‍ സ്ഥലം വ്യക്തമാകാതിരുന്നതും പോലീസിനെ കുടുക്കി. മുത്രപ്പുരയ്ക്ക് നേരെ വിവിധ ഭാഗങ്ങളിലെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വെടിവെക്കുകയായിരുന്നു.
റെയ്ഡ് നടത്താന്‍ നിയോഗിക്കപ്പെട്ട സംഘത്തിന് സംരക്ഷണം നല്കാന് പുറപ്പെട്ട പോലീസ് വിഭാഗത്തിന്റെ വാഹനം ജെ.സി.ബി കാരണം കുടുങ്ങിയതും വിനയായി. ഇതിനിടെ തിരികെ പോകാന്‍ ഉദ്ദേശിച്ച റോഡിന് വീതികുറഞ്ഞതും പദ്ധതികള്‍ വൈകിപ്പിച്ചു. പോലീസിനെ വെടിവെച്ചശേഷം പ്രതികള്‍ ഒന്നടങ്കം രാത്രിയുടെ മറവില്‍ രക്ഷപെടുകയുമായിരുന്നു. മൂന്നു പോലീസുദ്യോഗസ്ഥര്‍ ദുബെയുടെ വീടിനകത്ത് കയറുന്നതിനിടെ യാണ് കൊല്ലപ്പെട്ടത്. ഒരാളെ വികാസ് ദുബെ കോടാലികോണ്ട് ആക്രമിക്കുകയും തുടര്‍ന്ന് വെടിവെക്കു കയുമായിരുന്നു.