ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചതിന് പിന്നാലെ ചൈനയില്‍ നിന്നും അകലം പാലിച്ച് ടിക് ടോക്ക്. ചൈനയില്‍ നിന്നും പരമാവധി അകലം പാലിക്കാനാണ് കമ്പനിയുടെ ശ്രമം. ടിക് ടോക്ക് ചൈനയില്‍ ലഭ്യമാകില്ല. ചൈനീസ് സര്‍ക്കാര്‍ കമ്പനിയായ ബെറ്റ്ഡാന്സിന്റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്കെങ്കിലും ആഗോള പ്രേക്ഷകര്‍ക്കായി ചൈനയില്‍ നിന്നും കമ്പനി അകലം പാലിക്കുന്നുണ്ടെന്ന് ടിക് ടോക്ക് സിഇഒ കെവിന് മേയര്‍ കേന്ദ്ര സര്‍ക്കാരിന് നല്കിയ കത്തില്‍ വ്യക്തമാക്കിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യന്‍ ഉപയോക്താക്കളുടെ ടിക് ടോക്ക് ഡാറ്റയ്ക്കായി ചൈനീസ് സര്‍ക്കാര്‍ ഒരിക്കലും അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡാറ്റ സിങ്കപ്പൂരിലെ സര്‍വറുകളിലാണ് സംഭരിക്കുന്നതെന്നും മേയര്‍ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ടിക് ടോക്കും സര്‍ക്കാരും തമ്മില്‍ നടത്താനിരുന്ന കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ഈ കത്ത് കമ്പനി സര്‍ക്കാരിന് കൈമാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 29 നാണ് ടിക് ടോക്ക് ഉള്‍പ്പെടെയുള്ള 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷയെയും പ്രതിരോധത്തെയും ക്രമസമാധാനത്തെയും ഈ ആപ്ലിക്കേഷനുകള്‍ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിരോധനം. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് അനുസരിച്ചാണ് ടിക് ടോക്ക് അടക്കമുള്ള ആപ്ലിക്കേഷനുകള്‍ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ ആപ്ലിക്കേഷനുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ താഴ്വരയിലെ ഇന്ത്യാ- ചൈന അതിര്‍ത്തി സംഘര്‍ഷത്തിന് പിന്നാലെയായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.