മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയെ മുംബൈ പൊലീസ് ചോദ്യം ചെയ്തു. മൂന്ന് മണിക്കൂറോളം നേരമാണ് സഞ്ജയ് ലീലാ ബന്‍സാലിയെ പൊലീസ് ചോദ്യം ചെയ്തത്.
ബന്‍സാലിയുടെ ചില സിനിമകളില്‍ സുശാന്തിനെ നായകനായി തെരഞ്ഞെടുത്തിരുന്നെന്നും പിന്നീട് താരത്തെ ഒഴിവാക്കിയെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. ഇത് സുശാന്തിനെ ഏറെ മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബന്‍സാലിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
തന്റെ നാല് ചിത്രങ്ങളില്‍ സുശാന്തിനെ നായകനാക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് ബന്‍സാലി പൊലീസിന് മൊഴി നല്കി. താരത്തിന് മറ്റ് തിരക്കുകള്‍ ഉണ്ടായിരുന്നതിനാലും ഡേറ്റ് ലഭിക്കാതിരുന്നതിനാലുമാണ് സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതെന്നാണ് ബന്‍സാലി പൊലീസിനോട് പറഞ്ഞതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14 നാണ് മുംബൈയിലെ വീട്ടില്‍ സുശാന്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആറു മാസമായി സുശാന്ത് വിഷാദ രോഗത്തിന് ചികിത്സയിലായിരുന്നു. സുശാന്തിന്റെ വസതിയില്‍ നിന്നും വിഷാദ രോഗത്തിന്റെ മരുന്നുകള്‍ പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം സുശാന്ത് ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ഗൂഢാലോചന ഉണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. വിഷാദ രോഗത്തിന് പുറമെ ബോളിവുഡില്‍ നിന്നും നേരിടേണ്ടി വന്ന അവഗണനയും ചില സിനിമകളില്‍ നിന്നും ഒഴിവാക്കപ്പെട്ടതും താരത്തെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിട്ടെന്ന ആരോപണവും ഉയര്‍ന്നിരുന്നു.