ഇടുക്കി: തമിഴ്നാട്ടിലെ തേനിയില്‍ കൊറോണ വ്യാപനം രൂക്ഷമായിരിക്കെ കുമളി വഴി കേരളത്തിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് ആശങ്ക സൃഷ്ടിക്കുന്നു. അന്യസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് എത്തുന്നവര്‍ക്ക് പാസ് നല്കാന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതോടെയാണ് തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ആളുകളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായത്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് മാത്രം 1500ലധികം ആളുകളാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്ക് എത്തിയത്.
കേരള – തമിഴ്നാട് അതിര്‍ത്തിയോടു ചേര്‍ന്നു കിടക്കുന്ന കമ്പം, തേനി മേഖലകളില്‍ കൊറോണ രോഗവ്യാപനം രൂക്ഷമായിരിക്കുകയാണ്. തേനിയില്‍ തിങ്കളാഴ്ച്ച മാത്രം 117 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. തേനിയില്‍ നിന്നുള്ളവരാണ് ഇടുക്കി ജില്ലയുടെ വിവിധ മേഖലകളില്‍ എത്തുന്നത്. തിങ്കളാഴ്ച്ച മാത്രം 805 പേരാണ് കുമളി വഴി എത്തിയത്. അപേക്ഷിക്കുന്ന ആര്‍ക്കും പാസിനു കാത്ത് നില്‍ക്കാതെ അതിര്‍ത്തി കടന്ന് എത്താം എന്ന തീരുമാനമാണ് ജില്ലയുടെ തോട്ടം മേഖലയിലേയ്ക്ക് കൂടുതല്‍ ആളുകള്‍ എത്താന്‍ വഴിയൊരുക്കിയത്. തേനിയില്‍ രോഗം വ്യാപിക്കുന്നതോടെ സുരക്ഷിത സ്ഥാനം എന്ന നിലയില്‍ ജില്ലയിലേയ്ക്ക് കടന്നു വരുന്നവരും ഇക്കൂട്ടത്തിലുണ്ട്. ഇവരെ കൃത്യമായി നിരീക്ഷിച്ചില്ലെങ്കില്‍ ഇടുക്കിയില്‍ രോഗ വ്യാപന സാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍.
അതിര്‍ത്തി കടന്ന് എത്തുന്നവരുടെ കൃത്യമായ വിവരങ്ങള്‍ ലഭിക്കാത്തത് പൊലീസിനെയും, ആരോഗ്യ വകുപ്പിനെയും വലയ്ക്കുകയാണ്. കൃത്യമായ പരിശോധനയും നിയന്ത്രണവുമില്ലാതെ ഹോട്ട് സ്പോട്ട് മേഖലകളില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തിന്റെ വിവിധ മേഖലകളില്‍ എത്തുന്നത് രോഗ വ്യാപനത്തിന് കാരണമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം. വരും ദിവസങ്ങളില്‍ തമിഴ്നാട്ടില്‍ നിന്ന് കൂടുതല്‍ ആളുകള്‍ എത്തുമെന്നാണ് സൂചന.