ദോഹ. സേവനകാലാവധി പൂര്‍ത്തിയാക്കിയ ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി പി. കുമരന് പ്രവാസ സമൂഹത്തിന്റെ വെര്‍ച്വല്‍ യാത്രയയപ്പ്. ഐസിസി, ഐസിബിഎഫ്, ഐഎസ് സി തുടങ്ങിയ എംബസി അഫിലിയേറ്റഡ് സംഘടനകള്‍ സംയുക്തമായാണ് വിഡിയോ കോണ്‍ഫറന്‍സിലൂടെ അംബാസിഡര്‍ക്കും ഭാര്യ റിതു കുമരനും യാത്രയയപ്പ് നല്‍കിയത്. ഐസിസി രജിസ്ട്രേഷനോടെ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ ഭാരവാഹികള്‍ ഉള്‍പ്പെടെ 500ല്‍ ഏറെപ്പേര്‍ പങ്കെടുത്തു.
കോവിഡിന്റെ പിടിയില്‍ നിന്നു മുക്തമാകുന്ന ഖത്തറില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇനിയും ലഭ്യമാകുമെന്ന ശുഭപ്രതീക്ഷയോടെയാണ് ഖത്തറിനോട് യാത്രപറയുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. കോവിഡ് പ്രതിസന്ധി മൂലം 30,000ല്‍ ഏറെപ്പേര്‍ വന്ദേഭാരത് മിഷനില്‍ ഖത്തറില്‍ നിന്നു മടങ്ങിക്കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠന്, ഐസിബിഎഫ് പ്രസിഡന്റ് പി.എന്‍. ബാബുരാജന്, ദോഹ ബാങ്ക് ചെയര്മാന് ഡോ. ആര് സീതാരാമന്, ഡോ. മോഹന്‍ തോമസ്, സി.വി. റപ്പായി, കെ.എം. വര്‍ഗീസ്, ഹസന് ഛഗ്ളേ, സാനുല്ല അബ്ദുല്റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
ഈ മാസം പകുതിയോടെ പി. കുമരന് സിംഗപ്പൂര്‍ ഹൈക്കമ്മീഷണറായി ചുമതലയേല്‍ക്കും. ഖത്തറിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ഡോ. ദീപക് മിത്തല്‍ ഉടന്‍ ചുമതലയേല്‍ക്കും.