ന്യൂഡല്‍ഹി: മാര്‍ച്ച് 31 ന് ശേഷം വിറ്റ ബിഎസ് 4 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന് സുപ്രീം കോടതി. ഏപ്രില്‍ 1 ന് കാലാവധി അവസാനിക്കുന്ന ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാന്‍ ഇളവ് നല്‍കിയ മാര്‍ച്ച് 27 ലെ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു. ജസ്റ്റിസ് അരുണ്‍ മിശ്രയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് ഉത്തരവ്. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു വിധി പ്രസ്താവിച്ചത്.
ലോക്ക് ഡൗണിന് ശേഷം 10 ദിവസം കൂടി ബിഎസ് 4 വാഹനങ്ങള്‍ വില്‍ക്കാന്‍ നല്‍കിയിരുന്ന അനുമതിയാണ് പിന്‍വലിച്ചത്. സുപ്രീം കോടതി ഉത്തരവ് വാഹന ഡീലര്‍മാര്‍ ദുരുപയോഗം ചെയ്‌തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ഡീലര്‍ഷിപ്പുകളെല്ലാം അടച്ചിട്ട സാഹചര്യത്തിലാണ് മാര്‍ച്ച് 31 ന് ശേഷം ബിഎസ് 4 വാഹനങ്ങളുടെ വില്‍പ്പനയും രജിസ്ട്രേഷനും പാടില്ലെന്ന ഉത്തരവില്‍ കോടതി ഇളവ് നല്‍കിയത്. ലോക്ക് ഡൗണ്‍ അവസാനിച്ച് 10 ദിവസത്തിനുള്ളില്‍ ഇതുവരെ വില്‍ക്കാത്ത 10 ശതമാനം ബിഎസ് വാഹനങ്ങള്‍ മാത്രം വില്‍ക്കാനാണ് കോടതി അനുമതി നല്‍കിയിരുന്നത്.
അനുമതി നല്‍കിയത് 1.05 ലക്ഷം ബി എസ് വാഹനങ്ങള്‍ വില്‍ക്കാനായിരുന്നെങ്കിലും 2.55 ലക്ഷം വാഹനങ്ങള്‍ വിറ്റതായി സുപ്രീം കോടതി കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് മാര്‍ച്ച് 31 ന് ശേഷം വിറ്റ ബിഎസ് 4 വാഹനങ്ങള്‍ ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്.















